| Tuesday, 10th January 2023, 5:20 pm

ജീവിതത്തില്‍ ആ കാര്യം ചെയ്യാന്‍ മാത്രം എനിക്ക് പേടിയാണ്: അജയ് ദേവ്ഗണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിഫ്റ്റില്‍ കയറാന്‍ തനിക്ക് പേടിയാണെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. മുമ്പൊരിക്കല്‍ തനിക്ക് പറ്റിയ അപകടത്തിന് ശേഷമാണ് ലിഫ്റ്റില്‍ കയറുന്നത് അവസാനിപ്പിച്ചതെന്നും താരം പറഞ്ഞു. ഒരിക്കല്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീണെന്നും അതിനുശേഷം താന്‍ ലിഫ്റ്റില്‍ കയറാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പൊരിക്കല്‍ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍ ശര്‍മ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്നെ ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്ന സംഭവം എന്താണ് എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പിന്നീടൊരിക്കലും ലിഫ്റ്റില്‍ കയറിയിട്ടില്ലെന്നും സ്റ്റെപ്പിലൂടെയാണ് മുകളിലേക്ക് പോകുന്നതെന്നും പറഞ്ഞു.

‘ഒരിക്കല്‍ ഞാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ മൂന്നാം നിലയില്‍ നിന്നും നേരേ ബേസ്‌മെന്റിലേക്ക് വന്നു നീണു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഞാന്‍ അവിടെ കുടുങ്ങി കിടന്നു. ഇന്നും പേടിപ്പെടുത്തുന്ന ഒരു ഓര്‍മയായി ആ സംഭവം എന്റെ മനസില്‍ കിടക്കുന്നുണ്ട്. ഇന്നും അത് ആലോചിക്കുമ്പോള്‍ എനിക്ക് പേടിയാണ്.

അന്ന് മുതല്‍ ഞാന്‍ ലിഫ്റ്റില്‍ കയറാറില്ല. എനിക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ ആ സംഭവമാണ് ഓര്‍മ വരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ്. അത് മാത്രമല്ല ആ സംഭവത്തിനുശേഷം അടച്ചിട്ട മുറിയിലിരിക്കാനും എനിക്ക് പേടിയാണ്.

അതുകൊണ്ട് തന്നെ ലിഫ്റ്റില്‍ കയറുന്നതിന് പകരം ഞാന്‍ എപ്പോഴും സ്‌റ്റെപ്പുകളാണ് ഉപയോഗിക്കുന്നത്. ലിഫ്റ്റിലങ്ങനെ കുടുങ്ങി പോയതിനുശേഷം ക്ലോസട്രോഫോബിയ അനുഭവപ്പെടാറുണ്ട്. അങ്ങനെയാണ് ഞാന്‍ ലിഫ്റ്റില്‍ കയറുന്ന രീതി അവസാനിപ്പിച്ചത്. ഇപ്പോള്‍ സ്‌റ്റെപ്പുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്,’ അജയ് ദേവ്ഗണ്‍ പറഞ്ഞു.

ഗംഗുഭായ് കത്തിയാവാഡി, ആര്‍.ആര്‍.ആര്‍, ദൃശ്യം2 എന്നീ സിനിമകളാണ് താരത്തിന്റേതായി 2022ല്‍ പുറത്തിറങ്ങിയത്. 2022ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ദൃശ്യം2. നിരവധി സിനിമകള്‍ താരത്തിന്റേതായി ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജയ് ദേവ്ഗണ്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഭോലെ. തമിഴ് സിനിമ കൈതിയുടെ ഹിന്ദി റീമേക്കാണിത്.

CONTENT HIGHLIGHT: AJAY DEVGAN TALKS ABOUT HIS FEAR

We use cookies to give you the best possible experience. Learn more