വാഷിങ്ടണ്‍: മുന്‍ മാസ്റ്റര്‍കാര്‍ഡ് സി.ഇ.ഒ അജയ് ബംഗയെ ലോകബാങ്ക് തലപ്പത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. നിലവിലെ ചീഫ് ഡേവിഡ് മാല്‍പാസ് കാലാവധി അവസാനിക്കും മുമ്പ് രാജിവെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജയ് ബംഗയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ ബംഗ നിലവില്‍ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുകയാണ്. മുന്‍പ് മുന്‍നിര പേയ്മെന്റ് ആന്‍ഡ് ടെക്നോളജി സ്ഥാപനമായ മാസ്റ്റര്‍കാര്‍ഡിന്റെ സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം ജൂണ്‍ അവസാനത്തോടെ രാജിവെക്കുമെന്നാണ് നിലവിലെ സി.ഇ.ഒ ഡേവിഡ് മാല്‍പാസ് പറഞ്ഞിരിക്കുന്നത്.
കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിനില്‍ക്കെയാണ് രാജി.
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ തന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായവയായിരുന്നുവെന്നും പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.
‘കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ എന്റെ കരിയറിലെ ഏറ്റവും സുപ്രധാനമായ കാലഘട്ടമായിരുന്നു. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനാണ് തീരുമാനം. വികസിത രാജ്യങ്ങള്‍ പോലും പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടത്തില്‍ ബാങ്ക് ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകള്‍ നിര്‍ണായകമാണ്,’ മാല്‍പാസ് കൂട്ടിച്ചേര്‍ത്തു.
‘റഷ്യന്‍ അധിനിവേശമുണ്ടായ സമയത്ത് മാല്‍പാസ് ഉക്രൈനിന് വേണ്ടിയെടുത്ത നിലപാട് ശ്രദ്ധേയമായിരുന്നു. അഫ്ഗാന് ജനതയെ സഹായിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ലോകരാജ്യങ്ങള്‍ക്ക് പ്രചോദനമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രാജ്യങ്ങളെ സഹായിക്കാനും മാല്‍പാസ് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്,’ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന് പറഞ്ഞു.
ട്രംപ് ഭരണകാലത്ത് യു.എസ് ട്രഷറിയില്‍ അന്താരാഷ്ട്ര കാര്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചതിന് ശേഷം 2019 ഏപ്രിലിലാണ് മാല്‍പാസ് ലോകബാങ്ക് തലവനായി ചുമതലയേറ്റത്.
Content Highlight: Ajay Banga named as the next CEO of world bank