അയാക്സ് താരം ആന്റണിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെത്തിച്ചതിനെ കുറിച്ചോര്‍ത്ത് പരിതപിക്കാതിരിക്കാന്‍ അയാക്‌സ് മാനേജര്‍ ആല്‍ഫ്രഡ് ഷ്രൂഡറോട് ഡച്ച് തന്ത്രജ്ഞന്‍ ജോഹാന്‍ ഡെര്‍ക്‌സെന്‍.
ആന്റണിയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ ആംസ്റ്റര്‍ഡാം വിമുഖത കാണിച്ചെങ്കിലും ബ്രസീലിയന്‍ താരം യുണൈറ്റഡിന്റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നെന്ന് ഷ്രൂഡര്‍ പറഞ്ഞു.
യുവ താരത്തിന്റെ ട്രാന്‍സ്ഫറിനെ താന്‍ ശക്തമായി എതിര്‍ക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും ഷ്രൂഡര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആന്റണിയുടെ വിടവാങ്ങലിന് പകരം ടീമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ഷ്രൂഡറെ ഉപദേശിച്ചിരുന്നുവെന്ന് ഡെര്‍ക്‌സെന്‍ പറഞ്ഞു.
എല്ലാം പണത്തിന്റെ പുറത്താണ് സംഭവിക്കുന്നതെന്നും, അത് വളരെ സങ്കടമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതാണ് നമ്മുടെ ലോകമെന്നും ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹമൊരു മികച്ച മാനേജര്‍ ആണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ ട്രാന്‍സ്ഫറിന്റെ കാര്യം വരുമ്പോള്‍ പൊതുമധ്യത്തില്‍ അയാള്‍ വിലപിക്കുകയും അവസാന നിമിഷം അയാള്‍ സ്ഥലം വിടുകയും ചെയ്യുന്നു,’ ഡെര്‍ക്‌സെന്‍ പറഞ്ഞു.
സെപ്റ്റംബര്‍ നാലിനാണ് ആഴ്സണലിനെതിരായ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് ആന്റണി പ്രസ്താവന നടത്തുന്നത്. ഗോളടിച്ചും മികച്ച നീക്കങ്ങള്‍ നടത്തിയും ആന്റണി മാഞ്ചസ്റ്ററിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചപ്പോള്‍ 3-1നായിരുന്നു ടെന്‍ ഹാഗിന്റെ ചെകുത്താന്‍മാര്‍ മത്സരം പിടിച്ചടക്കിയത്.
കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ 4-0 ന് ഉജ്ജ്വല വിജയത്തോടെ അയാക്സ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ടീം റേഞ്ചേഴ്സിനെ ഞെട്ടിച്ചിരുന്നു. അയാക്‌സിന്റെ മുന്‍ മാനേജറായിരുന്ന ടെന്‍ ഹാഗിന്റെ സമയത്തായിരുന്നു ടീം ഇത്രയും മികച്ച രീതിയില്‍ ഉണര്‍ന്നുകളിച്ചത്.
അയാക്സിലെ എറിക് ടെന്‍ ഹാഗ് യുഗത്തെ ഡച്ച് ക്ലബ്ബിന്റെ കഴിഞ്ഞ രണ്ടു ദശകത്തിനിടയിലെ ഏറ്റവും മികച്ചതായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതേ ടെന്‍ ഹാഗാണ് ഇപ്പോള്‍ മാഞ്ചസ്റ്ററിന്റെ കുതിപ്പിന് വഴിവിളക്കാവുന്നത്.
ടെന്‍ ഹാഗിന് പകരക്കാരനായി എത്തിയ ആല്‍ഫ്രഡ് ഷ്രൂഡറിന് ടീമിനെ പുനരുജ്ജീവിപ്പിക്കുക എന്ന വലിയ ദൗത്യമാണ് മുന്നിലുള്ളത്. എന്നാല്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ പരിതപിക്കുന്ന ഷ്രൂഡറാണ് അയാക്‌സിലെ പ്രധാന കാഴ്ച.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ അക്കാദമികളില്‍ ഒന്നായ അയാക്സ് മികച്ച ഫുട്ബോള്‍ കളിക്കാരെ സൃഷ്ടിക്കുകയും അവര്‍ക്ക് സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. തുടര്‍ന്ന് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ അവരെ കൊത്തിക്കൊണ്ട് പോകുന്ന കാഴ്ചയുമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫുട്ബോള്‍ ആരാധകര്‍ കാണുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് 31 മില്യണ്‍ യൂറോയ്ക്ക് ഹാലര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിലേക്ക് പോയത്. അതിനു ശേഷം 18.5 മില്യണ്‍ യൂറോ നല്‍കി മിഡ്ഫീല്‍ഡര്‍ ഗ്രാവന്‍ബെര്‍ച്ചിനെയും ഫ്രീ ട്രാന്‍സ്ഫറില്‍ മൊറോക്കന്‍ വിങ്ങര്‍ മസ്രോയിയെയും ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി.
2021-22 സീസണിലെ ആദ്യ ഇലവന്റെ പ്രധാന താരങ്ങളെ അയാക്സിന് നഷ്ടമായി. ഗോള്‍ കീപ്പര്‍ കാമറൂണ്‍ താരം ആന്ദ്രേ ഒനാന ഇന്റര്‍ മിലാനിലേക്ക് കൂടുമാറി. അര്‍ജന്റീന ഡിഫന്‍ഡര്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോ നാല് വര്‍ഷത്തെ ഡച്ച് ജീവിതത്തിനു ശേഷം ലിയോണിലേക്ക് ചേക്കേറി. യുവ ഡച്ച് പ്രതിരോധ താരം പെര്‍ ഷുര്‍സ് 9 മില്യണ്‍ യുറോക്ക് ഇറ്റാലിയന്‍ ക്ലബ് ടോറിനോയിലേക്കും പോവുകയായിരുന്നു.
Content highlight: Ajax manager Alfred Schröder has been told to stop lamenting Manchester United’s signing of Anthony.