| Sunday, 16th June 2019, 9:44 am

'അമ്മ വല്ലാതെ പേടിച്ചിരുന്നു, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് പറഞ്ഞിരുന്നു'- കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കായംകുളം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സൗമ്യക്ക് പ്രതിയായ അജാസില്‍ നിന്ന് നേരത്തേ ഭീഷണി ഉണ്ടായിരുന്നതായി മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചതായി മകന്‍ പറഞ്ഞു.

‘അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു.’ -സൗമ്യയുടെ മകന്‍ പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ തവണ ഫോണില്‍ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകന്‍ പറഞ്ഞു.

സൗമ്യയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.

എറണാകുളം സ്വദേശിയായ അജാസ് ആലുവ റൂറലിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ്.

വള്ളികുന്നം സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. അജാസിനും പൊള്ളലേറ്റിട്ടുണ്ട്.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more