രണ്ട് ദിവസം മുന്‍പ് കാണാതായ തമിഴ് -തെലുങ്ക് നടി അഞ്ജലിയെ പറ്റി യാതൊരു വിവരവുമില്ല. ബോല്‍ ബച്ചന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ ഹൈദരാബാദിലെത്തിയ അഞ്ജലിയെ ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണു കാണാതായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒറ്റയ്ക്കു ഹോട്ടലില്‍ നിന്നു പുറത്തേക്കിറങ്ങുന്ന നടിയുടെ ദൃശ്യങ്ങളാണ് കിട്ടിയത്. എന്നാല്‍ അഞ്ജലി ഒളിവിലാണെന്നാണു നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
കാണാതായതിനു ശേഷം ഒരു തവണ ഇവര്‍ മാധ്യമ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു.
താന്‍ ഹൈദരാബാദില്‍ ഒരിടത്ത് സുരക്ഷിതയായിട്ട് ഉണ്ടെന്ന് അഞ്ജലി തന്നെയാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും അഞ്ജലി പറയുന്നു.[]
ആന്റിയായ ഭാരതി ദേവി തന്നെ കുറച്ചുവര്‍ഷങ്ങളായി ചൂഷണം ചെയ്യുകയാണെന്ന് അഞ്ജലി പറയുന്നു. സഹിക്കാനാകില്ല എന്ന ഘട്ടം വന്നപ്പോഴാണ് വീടുവിട്ടത്.
സിനിമയില്‍ നിന്ന് ഞാന്‍ സമ്പാദിച്ച പണമെല്ലാം ആന്റിയും സംവിധായകന്‍ കലന്‍ജിയവും ചേര്‍ന്ന് തട്ടിയെടുത്തു. പല സെലിബ്രിറ്റികള്‍ക്കൊപ്പവും എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകളുണ്ടാക്കി എന്റെ ഇമേജ് തകര്‍ക്കാനും അവര്‍ ശ്രമിച്ചു. എന്റെ അമ്മയും അച്ഛനും ആന്ധ്രയില്‍ ഒരിടത്ത് ഉണ്ട്. അവരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട് അഞ്ജലി പറയുന്നു.
ഭാരതീദേവിയാണ് ചെന്നൈയില്‍ അഞ്ജലിയെ സംരംക്ഷിച്ചിരുന്നത്. തമിഴ് സിനിമയില്‍ അവസരം ലഭിക്കാന്‍ സംവിധായകന്‍ കലന്‍ജിയവും സഹായിച്ചിരുന്നു. കല്ലഞ്ചന്റെ പുറത്തിറങ്ങാത്ത സിനിമയിലാണു അഞ്ജലി ആദ്യമായി അഭിനയിച്ചത്.
താന്‍ സമ്പാദിച്ച പണമെല്ലാം ഭാരതീദേവി ധൂര്‍ത്തടിച്ചുവെന്നും കല്ലഞ്ചനുമായി ചേര്‍ന്നു തന്നെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് അഞ്ജലി ആരോപിച്ചത്. കോടികളുടെ സ്വത്ത് ഭാരതീദേവി കൈക്കലാക്കിയെന്നും ചെന്നൈയില്‍ ഒരേ ഒരു പ്രോപ്പര്‍ട്ടി മാത്രമാണ് തന്റെ പേരിലുള്ളതെന്നും അഞ്ജലി പറഞ്ഞിരുന്നു.
എന്നാല്‍ 15ാം വയസു മുതല്‍ താനാണ് അവളെ സംരംക്ഷിക്കുന്നതെന്നും അഞ്ജലിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കോടികള്‍ തട്ടിയെടുക്കാന്‍ അഞ്ജലിയ്ക്കു അത്രയും പ്രതിഫലം ലഭിച്ചിരുന്നില്ലെന്നും ഭാരതി ദേവീ പറഞ്ഞു. അഞ്ജലിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സഹോദരന്‍ രവി ശങ്കര്‍ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന അഞ്ജലി 2007ല്‍ പുറത്തിറങ്ങിയ കത്രത് തമിഴ് എന്ന സിനിമയിലെ ആനന്ദി എന്ന കഥാപാത്രത്തോടെയാണു ശ്രദ്ധേയയാകുന്നത്. അങ്ങാടിത്തെരു, എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2010, 2011 വര്‍ഷങ്ങളിലെ മികച്ച നടിയ്ക്കുളള ഫിലിം ഫെയര്‍ അവാര്‍ഡും അഞ്ജലി സ്വന്തമാക്കിയിരുന്നു. വത്തിക്കുച്ചി , സേട്ടൈ എന്നിവയാണ് അവസാ നമിറങ്ങിയ ചിത്രങ്ങള്‍.