ഫാഷന്‍ സെന്‍സിന്റെ കാര്യത്തില്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നമ്പര്‍ വണ്‍ ആയി നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. ഡ്രസിങ്ങിന്റെ കാര്യത്തിലായാലും മറ്റ് ആക്‌സസറീസാണെങ്കിലും ലേറ്റസ്റ്റ് ട്രെന്‍ഡിനൊപ്പം ചലിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം.
സിനിമയിലെ മമ്മൂട്ടിയുടെ കോസ്റ്റിയൂം സെന്‍സിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. ക്യാരക്ടര്‍ ഏതാണെന്ന് അറിയിച്ചുകഴിഞ്ഞാല്‍ സിനിമയിലുടനീളം ആ കഥാപാത്രം എങ്ങനെയിരിക്കണമെന്നതിനെ കുറിച്ചുള്ള ധാരണ മമ്മൂക്കക്കുണ്ടാകുമെന്ന് അജയ് വാസുദേവ് പറഞ്ഞു.
ചിത്രത്തിലെ ക്യാരക്ടറിന് ചേരുന്ന കോസ്റ്റിയൂംസ് എവിടെ കണ്ടാലും മമ്മൂക്ക അതയച്ചുകൊടുത്ത് ഐഡിയാസ് ഷെയര്‍ ചെയ്യുമെന്നും കഥാപാത്രം എങ്ങനെയിരിക്കണം എന്ന ഏകദേശ രൂപം മാത്രം അദ്ദേഹത്തിന് പറഞ്ഞുകൊടുത്താല്‍ മതിയെന്നും അജയ് പറഞ്ഞു. പോപ്പര്‍ സ്റ്റോപ് മലയാള(PopperStopMalayalam) ത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘നമ്മളാരും ഒന്നും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. മമ്മൂക്കയോട് ഒരു ക്യാരക്ടറിനെ കുറിച്ച് പറയുമ്പോള്‍, അയാള്‍ എങ്ങനെയിരിക്കണം, അയാളുടെ ഡ്രസ് എന്താണ്, അയാള്‍ ഏത് ലുക്കില്‍ വരണം, അയാള്‍ ഉപയോഗിക്കുന്ന ആക്‌സസറീസ് എന്തൊക്കെയായിരിക്കണം തുടങ്ങിയ കാര്യങ്ങളെ പറ്റി കൃത്യമായ ഐഡിയ മമ്മൂക്കയ്ക്കുണ്ടാകും. അതിനകത്ത് നമ്മുടെ ഐഡിയ കൂടി പറഞ്ഞുകൊടുത്താല്‍ മതി. നമുക്ക് ഇങ്ങനെയുള്ള രീതിയിലാണ് വേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതി.
ഷൈലോക്കിനകത്ത് ആദ്യം ബ്ലാക്ക് ആന്‍ഡ് ബ്ലാക്ക് കോസ്റ്റിയൂം ആയിരുന്നില്ല, വൈറ്റ് ആന്‍ഡ് വൈറ്റ് ആയിരുന്നു. അതിന്റെ ഡിസ്‌കഷന്‍ നടക്കുന്ന സമയത്ത് പുള്ളി ഐഡിയാസ് ഷെയര്‍ ചെയ്യുമായിരുന്നു. ഒരു ദിവസം മമ്മൂക്ക എനിക്കൊരു വീഡിയോ അയച്ചുതന്നു.
അത് ടിക്ടോക് ഉള്ള സമയമായിരുന്നു. വൈറ്റ് ഷര്‍ട് ആന്‍ഡ് വൈറ്റ് പാന്റും, ഷൂസുമിട്ട് ഒരുപാട് ഗോള്‍ഡൊക്കെ ഇട്ട് നമ്മള്‍ ടിക് ടോക്കിലൊക്കെ കണ്ടിട്ടുള്ള ഒരാളുടെ വീഡിയോ അയച്ചുതന്നിട്ട് ഇതെങ്ങനെയുണ്ടെന്ന് ചോദിച്ചു.
അതെനിക്കിഷ്ടപ്പെട്ടു, എന്റെ ടെന്‍ഷന്‍ എന്തായിരുന്നെന്ന് വെച്ചാല്‍ അതിന് തൊട്ടുമുമ്പായിരുന്നു ‘മധുര രാജ’ വരുന്നത്. അതിലെ കോസ്റ്റിയൂമും വൈറ്റ് ആന്‍ഡ് വൈറ്റ് ആയിരുന്നു,’ അജയ് വാസുദേവ് പറഞ്ഞു.