| Wednesday, 8th May 2024, 8:56 am

സിനിമയിലേക്ക് വരാന്‍ എന്റെ ഏറ്റവും വലിയ ഇന്‍സ്പിറേഷന്‍ മമ്മൂക്കയാണ്: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് വരാനുള്ള തന്റെ ഇന്‍സ്പിറേഷന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് സംവിധായകന്‍ അജയ് വാസുദേവ്. മന്ദാകിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അജയ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയും സംവിധായകന്‍ ജോഷിയുമാണ് തന്റെ ഏറ്റവും വലിയ ഇന്‍സ്പിറേഷനെന്നാണ് അജയ് പറഞ്ഞത്. മന്ദാകിനിയില്‍ അഭിനയിക്കാനുണ്ടായ സാഹചര്യവും അജയ് വ്യക്തമാക്കി. അജയ് വാസുദേവ് അടക്കം അഞ്ച് സംവിധായകരാണ് മന്ദാകിനിയില്‍ അഭിനയിക്കുന്നത്.

താന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് അസോസിയേറ്റ് ക്യാമറാമാനായിരുന്ന ഷിജുവാണ് മന്ദാകിനിയുടെ ഛായാഗ്രഹകനെന്നും ഷാജി പറഞ്ഞതെന്നും അജയ് പറഞ്ഞു. അജയ് വാസുദേവിനെക്കൂടാതെ ജിയോ ബേബി, അല്‍ത്താഫ് സലിം, ലാല്‍ ജോസ്, ജൂഡ് ആന്തണി എന്നീ സംവിധായകരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

‘സിനിമയിലേക്ക് വരാന്‍ എനിക്ക് ഏറ്റവും വലിയ ഇന്‍സ്പിറേഷനായത് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ മമ്മൂക്ക എന്നേ പറയുള്ളൂ. അദ്ദേഹമാണ് ആദ്യത്തെ ഇന്‍സ്പിറേഷന്‍. സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഇന്‍സ്പിറേഷനായത് ജോഷി സാറുമായിരുന്നു. ഇവര്‍ രണ്ട് പേരുമാണ് സിനിമയില്‍ എന്റെ ഇന്‍സ്പിറേഷന്‍.

ഈ സിനിമയുടെ ഡി.ഓ.പി ഷിജുവാണ് എന്നെ ഈ സിനിമയിലേക്ക് വിളിച്ചത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടായിരുന്ന സമയത്ത് ഷിജു അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു. ആ സമയത്ത് തന്നെ എന്റെ സിനിമയപ്പറ്റി അവനോടും അവന്റെ സിനിമയെപ്പറ്റി എന്നോടും സംസാരിക്കാറുണ്ടായിരുന്നു. ഈ സിനിമയുടെ കഥയും അവന്‍ എന്നോട് പറഞ്ഞിരുന്നു. ഇതില്‍ ഇങ്ങനെയൊരു ക്യാരക്ടറുണ്ട്, ചെയ്യാമോ എന്ന് അവന്‍ ചോദിച്ചു. എന്നെ മാത്രമല്ല, ഈ സിനിമയിലെ അഞ്ച് ഡയറക്ടേഴ്‌സിനെയും കാസ്റ്റ് ചെയ്തത് ഷിജു തന്നെയാണ്,’ അജയ് പറഞ്ഞു.

Content Highlight: Ajai Vasudev saying Mammootty and Joshi are the inspiration for him

We use cookies to give you the best possible experience. Learn more