കൂട്ടത്തല്ല് നടക്കുന്ന ഒരു പൂരപ്പറമ്പാണ് അജഗജാന്തരം എന്ന സിനിമ. ആക്ഷന്‍ സീനുകളും ക്യാമറയും മാസ് മ്യൂസികും പിന്നെ ഒരു ആനയുമാണ് സിനിമയുടെ നെടുംതൂണ്‍. പക്ഷെ ആ മികവ് സിനിമയുടെ കഥയിലോ തിരക്കഥയിലോ കഥാപാത്രസൃഷ്ടിയിലോ വരാത്തത് അജഗജാന്തരത്തെ ഒന്ന് പിന്നോട്ടടിപ്പിക്കുകയാണ്.
അജഗജാന്തരത്തിന്റെ ട്രെയ്‌ലറില്‍ എന്താണോ കണ്ടത്, അത് തന്നെയാണ് സിനിമ. ഒരു അടിയിടിയിലൂടെയാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. പക്ഷെ, ട്രെയ്‌ലറില്‍ കണ്ട അത്രയും ഡാര്‍ക്ക് ടോണിലോ ത്രില്ലിലോ അല്ല, കുറച്ച് കോമഡി കൂടി ചേര്‍ന്നതാണ് കഥ പറച്ചില്‍ രീതി.
ഒരു പൂരം, അവിടേക്കെത്തുന്ന ആനക്കാരും അവിടെ നാട്ടിലുള്ള ചെറുപ്പക്കാരും തമ്മില്‍ നടക്കുന്ന വാക്കുതര്‍ക്കവും കയ്യാങ്കളിയും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് അജഗജാന്തരത്തിന്റെ പ്ലോട്ട്.
പ്രൊമോഷന്‍ സമയത്ത് മുതലുണ്ടായിരുന്ന റിപ്പോര്‍ട്ടുകളെ ശരിവെക്കുന്ന തരത്തിലാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍. പൂരപ്പറമ്പില്‍ വെച്ചുനടക്കുന്ന അടി, പ്രത്യേകിച്ച് രണ്ടാം പകുതിയില്‍, നല്ല കിടിലനായി ചെയ്തിട്ടുണ്ട്. ആ രംഗങ്ങളിലെ ജിന്റോ ജോര്‍ജിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്.
നല്ലൊരു കഥാപശ്ചാത്തലമില്ലാതിരുന്നിട്ട് കൂടി ഈ ആക്ഷന്‍ രംഗങ്ങള്‍ ആസ്വാദ്യമാക്കാന്‍ സംവിധായകന്‍ ടിനു പാപ്പച്ചന് കഴിഞ്ഞിട്ടുണ്ട്. ഈ സീനുകളില്‍ ആനയെ ഉപയോഗിച്ചിരിക്കുന്നതും പുതിയ കാഴ്ചയായിരുന്നു. അത് മൊത്തം സിനിമയെ കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങാക്കുന്നുണ്ട്.
ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതമാണ് സിനിമയിലെ കയ്യടി നേടുന്ന മറ്റൊരു ഘടകം. എല്ലാ പാട്ടുകളും സിനിമയില്‍ അത്ര അത്യാവശ്യമുണ്ടെന്ന് തോന്നിയില്ലെങ്കിലും, പാട്ടുകള്‍ നല്ലതായിരുന്നു. ആ സമയത്തെ വിഷ്വല്‍സിലെ താളബോധവും എനര്‍ജിയും മികച്ച് നില്‍ക്കുന്നുണ്ട്. നല്ല മാസ് ബി.ജി.എമ്മുകളും സിനിമയിലുണ്ട്. പക്ഷെ ആ ബി.ജി.എമ്മിന് തക്ക മാസോ കാമ്പോ ഉള്ള സിറ്റുവേഷന്‍സൊന്നും സിനിമയിലില്ല.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ടിനു പാപ്പച്ചന്റെ സിനിമയില്‍ ഒരു ലിജോ ടച്ച് വ്യക്തമായി കാണാം. മൊത്തത്തില്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയും അടിക്കാനും വയലന്‍സ് കാണിക്കാനുമുള്ള ത്വരയും അജഗജാന്തരത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലുമുണ്ട്.
പക്ഷെ, ഈ കഥാപാത്രങ്ങള്‍ക്ക് ബാക്ക് സ്‌റ്റോറിയോ വളര്‍ച്ചയോ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന എലമെന്റുകളോ ഇല്ല. അതേസമയം ആരെയും ശരി-തെറ്റ് എന്നീ ബൈനറികളില്‍ നിര്‍ത്താതെ എല്ലാവരിലെയും അക്രമവാസനയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
സിനിമ കാണുന്ന സമയത്ത്, ആരുടെയെങ്കിലും കൂടെ നില്‍ക്കാനോ ആരെങ്കിലും ജയിച്ചുകാണാനോ തോന്നില്ല. പകരം ഇവരുടെ ഈ വൃത്തികെട്ട ദുരഭിമാനവും വഴക്കുണ്ടാക്കാനുള്ള ത്വരയും ഒന്ന് നിര്‍ത്തിക്കൂടെ എന്നൊരു തോന്നലാണ് മിക്കപ്പോഴും ഉണ്ടാകുന്നത്. അത്തരത്തില്‍ പ്രേക്ഷകനെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞതില്‍ ടിനു വിജയിച്ചിട്ടുണ്ട്.
ആന്റണി വര്‍ഗീസിന്റെ ലാലി, അര്‍ജുന്‍ അശോകന്റെ കണ്ണന്‍, സാബുമോന്റെ കച്ചമ്പര്‍ ദാസ്, കിച്ചു ടെല്ലസിന്റെ അമ്പി, വിനീത് വിശ്വത്തിന്റെ വിനു, സുധി കോപ്പയുടെ പിണ്ടി എന്നിങ്ങനെ ഒരുപിടി കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. ഒരു പൂരപ്പറമ്പിനുള്ള ആള്‍ സിനിമയിലുണ്ടെന്ന് പറയാം. പക്ഷെ, ആ ഒരു തിക്കിതിരക്കുണ്ട് എന്നതല്ലാതെ ഒരു കഥാപാത്രവും മനസില്‍ തങ്ങിനില്‍ക്കുന്നില്ല.
എല്ലാ അഭിനേതാക്കളും അവരുടെ ഭാഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കും ആഴത്തിലുള്ള കഥാപാത്രനിര്‍മ്മിതിയില്ലാത്തതുകൊണ്ട്. അവര്‍ക്ക് ഒറ്റ എകസ്‌പ്രെഷനല്ലാതെ കാര്യമായൊന്നും ചെയ്യാനില്ല. പലരും സിനിമയില്‍ വെറുതെ വന്നുപോകുകയാണ്.
കണ്ണനായുള്ള അര്‍ജുന്‍ അശോകന്റെ നോട്ടവും ഡയലോഗ് ഡെലിവറിയും മികച്ചതായിരുന്നു. ലാലിയായെത്തിയ ആന്റണി നെഗറ്റീവ് ടച്ച് കൊണ്ടുവരുന്നുണ്ടെങ്കില്‍ പോലും നടന്റെ മുന്‍ കഥാപാത്രങ്ങളുമായി ചെറുതല്ലാത്ത സാമ്യം തോന്നിയിരുന്നു.
കോമഡിക്ക് വേണ്ടി മാത്രമായി ചേര്‍ത്തിട്ടുള്‌ല ചില കഥാപാത്രങ്ങളും അവരുടെ എവിടെയും ഏല്‍ക്കാതെ പോകുന്ന കോമഡിയുമാണ് സിനിമയുടെ മറ്റൊരു മൈനസ് പോയിന്റ്. വളരെ കുറച്ച് സന്ദര്‍ഭങ്ങളിലാണ് ‘തമാശ ഡയലോഗുകള്‍’ കേട്ട് ചിരി വന്നത്.
24 മണിക്കൂറിനുള്ളില്‍ ഒരു പൂരപ്പറമ്പില്‍ വെച്ചു നടക്കുന്ന കഥ എന്ന ആ സ്റ്റോറിലൈന്‍ വെച്ച് ചെയ്ത അജഗജാന്തരം കെട്ടറുപ്പുള്ള ഒരു തിരക്കഥയുണ്ടായിരുന്നെങ്കില്‍ നല്ലൊരു അനുഭവമാകുമായിരുന്നു. ഫ്‌ളാഷ് ബാക്കോ ഓരോ കഥാപാത്രത്തിന്റെയും നാടും വീടും ജോലിയും പറയണമെന്നല്ല, പക്ഷെ ആ 24 മണിക്കൂറിനുള്ളിലെ സന്ദര്‍ഭങ്ങള്‍ കുറച്ചു കൂടി മികച്ച രീതിയില്‍ അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി. കിച്ചു ടെല്ലസിന്റെയും വീനിത് വിശ്വത്തിന്റെയും അഭിനയം നല്ലതായിരുന്നെങ്കിലും തിരക്കഥയില്‍ ആ കയ്യൊതുക്കമോ മിടുക്കോ ഇല്ലാതെ പോയി.
അജഗജാന്തരം കണ്ട അനുഭവത്തെ ഇങ്ങനെ ചുരുക്കി പറയാമെന്ന് തോന്നുന്നു – ഒരു ചെറുപൂരത്തിന് പോയി കുറച്ച് സമയം കറങ്ങി നടന്ന കാഴ്ചകള്‍ കണ്ടു. അതില്‍ ചിലതൊക്കെ ഗംഭീര കാഴ്ചകളായിരുന്നു. പക്ഷെ ആ പൂരപ്പറമ്പില്‍ നിന്നും ഇറങ്ങിപ്പോരുന്നതോടെ എല്ലാം കഴിഞ്ഞു. കാരണം ആക്ഷനല്ലാതെ മറ്റൊന്നും കാര്യമായി മനസില്‍ അവശേഷിപ്പിക്കാതെയാണ് അജഗജാന്തരം അവസാനിക്കുന്നത്.
ആക്ഷനും ബി.ജി.എമ്മിനും ക്യാമറയ്ക്കും വളരെ പ്രാധാന്യമുള്ള മേക്കിങ്ങ് ആയതുകൊണ്ട് തന്നെ അജഗജാന്തരം ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ പോയി കാണേണ്ടി വരും. ഒ.ടി.ടിക്കായി കാത്തിരുന്നാല്‍ ഈ സിനിമയുടെ ഉദ്ദേശിക്കുന്ന സിനിമാറ്റിക് അനുഭവത്തിന്റെ പകുതി പോലും കാണണമെന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ajagajantharam Movie Review