കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും റിലീസിനെത്തുന്ന ചിത്രങ്ങളെ കുറിച്ച് തീരുമാനമായില്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും ആദ്യം തന്നെ റിലീസ് ചെയ്യില്ലെന്നാണ് സൂചന.
50 ശതമാനം ആളുകളെയാണ് തിയേറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനേഷനും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ വെച്ച് വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.
എന്നാല്‍ തുടക്കത്തില്‍ തന്നെ ആളുകള്‍ ഇടിച്ചു കയറുന്ന ചിത്രങ്ങള്‍ എത്തിയാല്‍ മാത്രമേ കാര്യമുള്ളുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ‘തുറമുഖം’, ‘കുറുപ്പ്’, ‘ആറാട്ട്’ എന്നിവയാണ് റിലീസ് ചെയ്യാന്‍ പാകത്തിലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍.
എന്നാല്‍ തുടക്കത്തില്‍ ചെറിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയ ശേഷം ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാണ് നിലവില്‍ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. അതേസമയം ബ്രോഡാഡി പോലുള്ള ചിത്രങ്ങള്‍ ഒ.ടി.ടി റിലീസായിരിക്കുമെന്ന സൂചനകളുമുണ്ട്.
ഒക്ടോബര്‍ 25 ന് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘അജഗജാന്തരം’, കണ്ണന്‍ താമരകുളം സംവിധാനം ചെയ്ത ‘മരട’് തുടങ്ങിയവയായിരിക്കും റിലീസിനെത്തുകയെന്നാണ് സൂചന.
അതേസമയം ദീപാവലി റിലീസായി എത്തുന്ന തമിഴ് ചിത്രങ്ങളുടെ കാര്യം തീരുമാനമായിട്ടുണ്ട്. നവംബര്‍ നാലിന് ദീപാവലി റിലീസായി രജനികാന്തിന്റെ അണ്ണാത്തെ, ചിമ്പു നായകനായ മാനാട്, ബോളിവുഡ് ചിത്രം സൂര്യവംശി തുടങ്ങിയവയായിരിക്കും റിലീസിനെത്തുക.
കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട തിയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാനായിരുന്നു അനുമതി നല്‍കിയത്.
സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനത്തില്‍ ആളുകളെ പ്രവേശിപ്പിക്കാനായിരുന്നു അനുമതി. പിന്നീട് കൊവിഡ് കേസുകള്‍ വീണ്ടും കൂടിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ആറ് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ വീണ്ടും അനുമതി നല്‍കിയത്. കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
50 ശതമാനം ആളുകള്‍ക്കാണ് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. തിയേറ്ററുകളില്‍ എ.സി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Ajagajantaram Malayalam Movie to theaters first ?, only the release of Tamil films for sure