കായംകുളം: സ്വന്തം യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചതിന് അന്വേഷണം നേരിടുന്ന സ്വകാര്യ ബസ് സര്‍വ്വീസ് കല്ലടയുടെ ബസ്സുകള്‍ കായംകുളത്ത് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബസ് തടഞ്ഞു നിർത്തിയ ശേഷം ഇവർ ബസ്സിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
തുടർന്ന് പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നതിന് സമാനമായ സംഭവങ്ങള്‍ ഇനിയും ആവർത്തിക്കുകയാണെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും എ.ഐ.വൈ.എഫ്. പ്രവർത്തകർ ബസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നല്‍കി. ഇതിന് ശേഷമാണ് ഇവർ ബസ് മുന്നോട്ടെടുക്കാൻ അനുവദിച്ചത്. ഏകദേശം 15 മിനുട്ടോളമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബസ്സിന് മുന്നില്‍ കുത്തിയിരുന്നത്.
ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. എന്നാല്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസില്‍ എത്തിയപ്പോള്‍ ഹരിപ്പാട് വെച്ചുണ്ടായ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യാത്രക്കാരെ അക്രമിക്കുകയായിരുന്നു.
പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കായിരുന്നു ജീവനക്കാരില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നത്. ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞിരുന്നത്.