| Friday, 23rd March 2018, 7:13 pm

ഭഗത്സിങ് പോരാളികള്‍ക്ക് ആവേശമായ ഇതിഹാസം

മഹേഷ് കക്കത്ത്

നനം 1907 സെപ്റ്റംബര്‍ 28, മരണം 1931 മാര്‍ച്ച് 23. ഒരു പുരുഷായുസിലെ ഏറ്റവും തുച്ഛമായ കാലം. ഇരുപത്തിമൂന്ന് വര്‍ഷവും ആറ് മാസവും തികഞ്ഞ ജീവിതകാലം. ഇത്രയും ഹൃസ്വമായ ജീവിതകാലത്തിനിടയില്‍ അത്ഭുതപ്പെടുത്തുന്ന ധീരത, അമ്പരപ്പിക്കുന്ന പോരാട്ടങ്ങള്‍, ഇന്ത്യ സ്വാതന്ത്ര്യസമരത്തിന് രണശോഭ പകര്‍ന്ന ധീരരക്തസാക്ഷിത്വം. ഇന്ത്യയിലെ എല്ലാകാലത്തേയും യുവത്വത്തെ ത്രസിപ്പിക്കുന്ന വിപ്ലവകാരിക്ക് ചരിത്രം നല്‍കിയ പേരാണ് ഭഗത്സിങ് എന്നത്.

ലാഹോര്‍ ഗൂഢാലോചന കേസില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റിയ ഇന്ത്യന്‍ വിപ്ലവത്തിന്റെ രക്തനക്ഷത്രം സഖാവ് ഭഗത്സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് എണ്‍പത്തിയാറ് വര്‍ഷം തികയുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ മനസില്‍ ഭഗത്സിങ്ങിന്റെ ഓര്‍മകള്‍ കടലിരമ്പം തീര്‍ക്കുന്നുണ്ട്. ഇന്ന് മാര്‍ച്ച് 23ന് ഒരിക്കല്‍ക്കൂടി രക്തസാക്ഷി സ്മരണ പുതുക്കുമ്പോള്‍ ദേശാഭിമാനികളായ മനുഷ്യരുടെ മുന്നില്‍ അപകടകരമായ വഴികളിലേയ്ക്ക് നീങ്ങുന്ന ഇന്ത്യയുടെ ചിത്രമാണുള്ളത്. ധീരദേശാഭിമാനികളായ പോരാളികള്‍ ജീവന്‍ നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം പോലും ഇല്ലാതാവുന്ന അവസ്ഥ. ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാന്‍ ഭഗത്സിങ്ങിന്റേയും രാജ് ഗുരുവിന്റേയും സുഖ്‌ദേവിന്റേയും ഓര്‍മകള്‍ നമുക്ക് കരുത്തുപകരും.

1919 ഏപ്രില്‍ 13-ലെ വൈശാഖ പൗര്‍ണമി ദിവസം, ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായം എഴുതിചേര്‍ത്ത ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് അന്നാണ്. അന്നത്തെ ക്രൂരതയുടെ നടുക്കുന്ന ഓര്‍മകളും പേറിയായിരുന്നു ഭഗത്സിങ്ങിന്റെ ബാല്യകാലം. അന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഭഗത്. ഇന്ത്യയിലെ 33 കോടി മനുഷ്യരുടെ സ്വാതന്ത്ര്യം എന്ന സ്വപ്നത്തിന് സ്വന്തം ജീവന്‍കൊണ്ട് ചിറക് നല്‍കാന്‍ ഭഗത്സിങ് തീരുമാനിച്ച സംഭവമായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല.

ബ്രിട്ടീഷ് പൊലീസ് ആയിരങ്ങളെ ക്രൂരമായി കൊന്നുതള്ളിയ ആ സംഭവം ഭഗത് എന്ന വിദ്യാര്‍ഥിയില്‍ സൃഷ്ടിച്ച പ്രതികാരം അത്ര വലുതായിരുന്നു. ജാലിയന്‍ വാലാബാഗ് മൈതാനിയില്‍ നിന്ന് വാരിയെടുത്ത ഒരുപിടി മണ്ണ് തന്റെ വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിച്ച ഭഗത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം രബീ നദിയുടെ തീരത്ത് ചെന്ന് അതിലേയ്ക്ക് ഒഴുക്കിക്കളഞ്ഞു. അതിനുശേഷം ഭഗത് ശപഥം ചെയ്തു: “”എന്റെ രക്തം ഞാനും ഒരിക്കല്‍ നിന്റെ ജലത്തില്‍ ലയിപ്പിക്കും. എന്റെ ജീവന്‍ എന്റെ മാതൃഭൂമിക്ക് വേണ്ടിയുള്ളതാണ്.”” ഭഗത്സിങ്ങിന്റെ പിന്നീടുള്ള ജീവിതം ഈ പ്രതിജ്ഞ യാഥാര്‍ത്ത്യമാക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

1923-ല്‍ തന്റെ കലാലയ ജീവിതം പൂര്‍ത്തിയാക്കിയ ശേഷം ഭഗത്സിങ് കണ്‍പൂരില്‍ ചെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി എന്ന സ്വാതന്ത്ര്യസമര പോരാളിയുമായി നടത്തിയ കൂടിക്കാഴ്ച ഈ യുവപോരാളിയുടെ ജീവിതം മാറ്റിതീര്‍ത്തു. വീടുവിട്ട് വന്ന ഭഗത്സിങ് തിരികെ മടങ്ങണമെന്ന് അദ്ദേഹത്തിന്റെ ഉപദേശത്തിന് ഭഗതിന്റെ മറുപടി തികച്ചും തീരുമാനിച്ച് ഉറപ്പിച്ച മട്ടിലായിരുന്നു. “”എന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച് മരിക്കണമെന്ന ശപഥവുമായാണ് ഞാന്‍ ഇറങ്ങിയിരിക്കുന്നത്.”” ഒരു പതിനേഴുകാരന്റെ രാഷ്ട്രീയ പക്വതയ്ക്കും അപ്പുറത്തായിരുന്നു ആ മറുപടി. തുടര്‍ന്ന് അദ്ദേഹം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമായി.


Also Read: ‘മന്ത്രിസഭയില്‍ വിശ്വാസമില്ല’; കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസും നോട്ടീസ് നല്‍കി


1924 ജനുവരി ഒന്നിന് പുറത്തിറക്കിയ എച്ച്.ആര്‍.എയുടെ മാനിഫെസ്റ്റോയില്‍ പറഞ്ഞത് സംഘടിത സായുധ വിപ്ലവത്തിലൂടെ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒരു ഫെഡറല്‍ റിപ്പബ്ലിക് സ്ഥാപിക്കും എന്നായിരുന്നു. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാ വ്യവസ്ഥകളും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വിപ്ലവ പാര്‍ട്ടി സാര്‍വദേശീയ ലക്ഷ്യമുള്ളതായിരിക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ മാര്‍ക്ക്‌സിയന്‍ സമീപനം സ്വീകരിക്കുമെന്നും റഷ്യയുടെ കാല്‍പ്പാടുകളാണ് പിന്തുടരുകയെന്നും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു. നല്ല സംഘാടകനും പ്രാസംഗികനും ആയി ഭഗത്സിങ് വളരെ വേഗം വളര്‍ന്നു. എച്ച്.ആര്‍.എയുടെ കേന്ദ്രകമ്മിറ്റി അംഗവും പിന്നീട് പ്രധാന ഭാരവാഹികളില്‍ ഒരാളുമായി മാറി. എന്നാല്‍ കുറച്ചുകാലം മാത്രമേ കാണ്‍പൂരില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ലാഹോര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ ഒരു ഗ്രൂപ്പ് ലാഹോറില്‍ ആരംഭിച്ചു.

ഒരു വിപ്ലവ സംഘടന രൂപീകരിക്കണമെന്ന ആഗ്രഹം 1926 മാര്‍ച്ചില്‍ ഭഗത്സിങ് നടപ്പിലാക്കി. ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ദൗത്യം നിര്‍വഹിക്കുകയായിരുന്നു പുതിയ സംഘടനയുടെ ലക്ഷ്യം. ഭാരതീയ യുവജനസംഘം (നൗ ജവാന്‍ ഭാരത് സഭ) എന്നായിരുന്നു പുതിയ സംഘടനയുടെ പേര്. രൂപീകരണ യോഗം രാംകൃഷ്ണനെ പ്രസിഡന്റായും ഭഗത്സിങ്ങിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇന്ത്യന്‍ വിപ്ലവ യുവജന പ്രസ്ഥാനങ്ങളുടെ ആദ്യ രൂപമായ നൗ ജവാന്‍ ഭാരത് സഭ വിപ്ലവകാരികളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായി മാറി. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച സഭയെ ഏകോപിപ്പിച്ച് ദല്‍ഹിയില്‍ വച്ച് ആള്‍ ഇന്ത്യ നൗജവാന്‍ ഭാരത് സഭ എന്ന കേന്ദ്രസംഘടനയ്ക്ക് രൂപം നല്‍കി.

1928 ഒക്ടോബര്‍ 30ന് ലാഹോറില്‍ എത്തിയ സൈമണ്‍ കമ്മീഷനെതിരെ ലാലാലജ്പത് റായിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി പ്രതിഷേധ റാലിയില്‍ ഭഗത്സിങ്ങും സഖാക്കളും സജീവമായി പങ്കെടുത്തു. അവിടെ നടന്ന പ്രതിഷേധത്തിലാണ് ലാലാജിക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുന്നതും തുടര്‍ന്ന് അദ്ദേഹം മരിക്കുന്നതും. ലാലലജ്പത് റായി ആയിരുന്നു ഭഗത്സിങ്ങിന്റെ ആദരണീയനായ നേതാവ്. ഉറച്ച മതേതരവാദിയായിരുന്ന ഭഗത് ലാലാജിയുടെ മതസാമുദായിക വിഭാഗത്തോടുള്ള ചായ്വിനെ ശക്തമായി എതിര്‍ത്തിരുന്നു. ഉറച്ച മതേതരവാദിയായിരുന്ന ഭഗത്സിങ് മതവും സമുദായവും രാഷ്ട്രിയത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ശക്തമായ നിലപാടുള്ള വ്യക്തിയായിരുന്നു. ലാലാജിയുടെ വര്‍ഗീയ ചായ്വിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലഘുലേഖ തന്നെ ഭഗത്സിങ് എഴുതി പ്രസിദ്ധീകരിച്ചു.


Dont Miss: ഉടുമ്പിറങ്ങി മലയിലെ ഖനനം; സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ക്കുന്നത് എന്തുകൊണ്ട് ?    


പൊതുസുരക്ഷാനിയമവും തൊഴില്‍തര്‍ക്കനിയമവും കേന്ദ്ര അസംബ്ലിയില്‍ അവതരിപ്പിച്ച് വോട്ടിനിടാന്‍ തീരുമാനിച്ച 1929 ഏപ്രില്‍ എട്ടിന് അസംബ്ലിയുടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും തുടരെ ബോംബേറുണ്ടായി. ബധിരകര്‍ണങ്ങള്‍ തുറപ്പിക്കാനായി നടത്തിയ പ്രതിഷേധമായിരുന്നു ആ ബോംബേറ്. ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം നീണാള്‍ വാഴട്ടെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളികള്‍ അസംബ്ലി ഹാളില്‍ മുഴങ്ങി. ഭഗത്സിങ്ങിനെയും ബട്യകേശ്വര്‍ ദത്തിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ദല്‍ഹി സെന്‍ട്രല്‍ ജയിലിലടച്ചു.

തുടര്‍ന്ന് ഭഗത്സിങ്ങിനും സഖാക്കള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ഭഗത്സിങ്ങിന്റെ വധം ലക്ഷ്യമാക്കി ഗൂഢാലോചന നടത്തിയ ബ്രിട്ടീഷ് ഭരണകൂടം ലാഹോര്‍ ഗൂഢാലോചനക്കേസടക്കം പല കള്ളക്കേസുകളും കെട്ടിച്ചമച്ചു. ബ്രിട്ടീഷ് ഭരണത്തിന് എതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന് ഭഗത്സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 1930 ഒക്ടോബര്‍ ഏഴിന് ആയിരുന്നു വിധി പ്രസ്താവിച്ചത്.

ലാഹോര്‍ ഗൂഢാലോചന കേസില്‍ 32 പേരായിരുന്നു പ്രതികള്‍. ഇവരില്‍ ഏഴ് പേര്‍ ചുവടുമാറ്റം നടത്തി സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്തു. അവരെ മാപ്പുസാക്ഷികളാക്കി. ശേഷിച്ച 25 പേരില്‍ ആറ് പേരെ പിടികിട്ടിയില്ല. ബാക്കി വന്ന 19 പ്രതികളില്‍ ജതിന്‍ദാസ് ജയിലില്‍ വച്ച് രക്തസാക്ഷിയായി. ബടുകേശ്വര്‍ ദത്തിനെ മറ്റൊരു കേസില്‍ ശിക്ഷിച്ച് ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരുന്നതിനാല്‍ ഒഴിവാക്കിയിരുന്നു. ഒരാളെ നേരത്തെ വിട്ടയച്ചിരുന്നു. ശേഷിച്ച 15 പ്രതികളുടെ പേരിലാണ് ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചത്. പിന്നീട് സി.പി.ഐ ജനറല്‍ സെക്രട്ടറിയായി മാറിയ അജയഘോഷ് ഉള്‍പ്പെടെ മൂന്ന് പേരുടെ മേല്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. മറ്റ് 12 പേരും ശിക്ഷിക്കപ്പെട്ടു.

ഭഗത്സിങ്ങിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനേയും ആണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ മൂന്നുപേരുടേയും കാര്യത്തില്‍ അടങ്ങാത്ത വാശിയോടെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം നിലപാടെടുത്തത്. സായുധവിപ്ലവ പോരാട്ടത്തില്‍ എത്ര കരുത്തോടെയാണ് ഈ സഖാക്കള്‍ ബ്രിട്ടനെതിരെ പോരാടിയിരുന്നത് എന്നതിന്റെ തെളിവുകൂടിയായിരുന്നു ബ്രിട്ടന്റെ വാശിയിലൂടെ കണ്ടത്. ഇവരുടെ വധശിക്ഷ ഇളവ് ചെയ്ത് കിട്ടാന്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 1931 മാര്‍ച്ച് 24ന് വെളുപ്പിന് വധശിക്ഷ നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജയിലിന് പുറത്തുള്ള പ്രതിഷേധത്തെ ഭയന്ന് മാര്‍ച്ച് 23ന് രാത്രി തന്നെ ഭഗത്സിംഗിനെയും രാജ് ഗുരുവിനെയും സുഖ് ദേവിനെയും തൂക്കിലേറ്റി.

മരണത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഭഗത്സിംഗ് വായിച്ച് തീര്‍ത്ത പുസ്തകം മഹാനായ ലെനിന്റെ ജീവചരിത്രം ആയിരുന്നു. ജയില്‍ പാരമ്പര്യമനുസരിച്ചുള്ള കറുത്ത വസ്ത്രം ധരിക്കാതെ സ്വയം കൊലക്കയര്‍ കഴുത്തിലിട്ട് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കിടയില്‍ രാത്രി 7.15ന് ആ ധീരപോരാളികള്‍ രക്തസാക്ഷിത്വം വരിച്ചു. സാമ്രാജ്യത്വ വിരോധി, വര്‍ഗീയതയ്ക്കും മതഭ്രാന്തിനും എതിരെ പോരാടിയ വിപ്ലവകാരി, നിരീശ്വരവാദി, ഉജ്ജ്വലനായ സോഷ്യലിസ്റ്റ് കമ്യൂണിസത്തിന്റെ നന്മയെ തിരിച്ചറിഞ്ഞ പുരോഗമനവാദി, സോവിയറ്റ് യൂണിയന്റെയും ലെനിന്റെയും വഴികളെ പിന്തുടരുവാന്‍ തന്റെ സഹപ്രവര്‍ത്തകരെയും സഖാക്കളെയും സജ്ജമാക്കിയ സ്വാതന്ത്ര്യസമരനായകന്‍ എന്നിങ്ങനെ ചരിത്രത്തില്‍ ഇടം നേടിയ ഭഗത്സിംഗിനെ പോലും ഹൈന്ദവ വര്‍ഗീയ വാദികളുടെ പ്രചണോപാധിയായി സംഘപരിവാരം മാറ്റുമ്പോള്‍ ഭഗത്സിംഗിന്റെ ജീവിത പോരാട്ടം പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് കൂടുതലായി ഉണ്ടാവേണ്ടത്.

മഹേഷ് കക്കത്ത്

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി

We use cookies to give you the best possible experience. Learn more