| Sunday, 11th August 2024, 10:17 am

മോഹന്‍ലാലിനെ വിമര്‍ശിച്ചപ്പോള്‍ പ്രതികരിച്ച അമ്മ എന്തുകൊണ്ട് മമ്മൂട്ടിയെ തീവ്രവാദിയെന്ന് വിളിച്ചപ്പോള്‍ മിണ്ടിയില്ല; വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താരസംഘടന അമ്മയ്ക്കെതിരെ വിമർശനവുമായി എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അരുൺ. മോഹൻലാലിനെതിരെ അപകീർത്തി പരാമർശമുണ്ടായപ്പോൾ പ്രതികരിച്ച അമ്മ, എന്തുകൊണ്ടാണ് നിരന്തരം അപകീർത്തി പരാമർശങ്ങൾ നേരിടുന്ന മമ്മൂട്ടിയുടെ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് അരുൺ ചോദിക്കുന്നു.

മമ്മൂട്ടി ഒരു മതതീവ്രവാദിയാണെന്ന തരത്തിലടക്കം ചില തത്പരകക്ഷികൾ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നുവെന്നും മമ്മൂട്ടിയുടെ ഒരു സിനിമയോ വാർത്തയോ വന്നാൽ ചില പ്രത്യേക അജണ്ടകൾ വെച്ചുള്ള കമന്റുകൾ കാണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മമ്മൂട്ടിക്കെതിരെയുള്ള ഈ അപകീർത്തിക്കെതിരെ ഒരു വാക്ക് പോലും മിണ്ടാത്ത അമ്മയുടെ മൗനം സംശയകരവും പ്രതിഷേധാർഹവുമാണെന്നും അരുൺ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A ഭാരവാഹികളോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുവാനാന്ന് ഈ കുറിപ്പ് ഇവിടെ ചേർക്കുന്നത്.

സംഘടനയുടെ ജനറൽ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് യൂട്യൂബർ ചെകുത്താൻ അജു അലക്സിതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ പ്രസിഡൻ്റ് മോഹൻലാലിനെ അധിക്ഷേപിച്ചതിൻ്റെ പേരിലാണ് A.M.M.A നിയമ നടപടികൾ സ്വീകരിച്ചത്.

ചെകുത്താൻ ഉപയോഗിച്ച വാക്കുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടു തന്നെ A.M.M.A യോട് ചോദിക്കട്ടെ. നിങ്ങളുടെ സംഘടനയുടെ സ്ഥാപക നേതൃത്വത്തിൻ്റെ ഭാഗമായിരുന്ന ഇന്നും സംഘടനയുടെ സജീവാംഗമായ മമ്മൂട്ടി എന്ന ലോകമറിയുന്ന നടൻ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ ക്രൂരമായ അധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.

മതതീവ്രവാദിയായി വരെ ആ കലാകാരനെ ചില തൽപ്പരകക്ഷികൾ സോഷ്യൽ മീഡിയയിൽ ചിത്രീകരിക്കുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ , സിനിമയുടെ ഭാഗങ്ങൾ, ചിത്രങ്ങൾ എന്തു തന്നെ സോഷ്യൽ മീഡിയയിൽ വന്നാലും അതിനു താഴെ ബോധപൂർവ്വം തയ്യാറാക്കി ഒരു അജണ്ട നടപ്പിലാക്കും വിധമുള്ള കമൻ്റുകൾ കാണാം. അത് ഇപ്പോഴും തുടരുന്നു.

തൻ്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ച മമ്മൂട്ടിയെന്ന നടനു വേണ്ടി അദ്ദേഹം സജീവാംഗമായ ഏകസംഘടന ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല എന്നത് സഗൗരവം ചിന്തിക്കേണ്ടതാണ്.

യൂട്യൂബർ ചെകുത്താനിൽ നിന്നും മോഹൻലാലിനുണ്ടായതിൽ നിന്നും ആയിരക്കണക്കിനു മടങ്ങ് അധിക്ഷേപമാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. മമ്മൂട്ടിയെ മതത്തിൻ്റെ പേരു വരെ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുമ്പോൾ A.M.M.A പുലർത്തിയ മൗനം സംശയകരവും പ്രതിഷേധാർഹവുമാണ്. ഈ ഘട്ടത്തിൽ അത് ശക്തമായ ഭാഷയിൽ ഇവിടെ രേഖപ്പെടുത്തുന്നു,’അരുൺ പറഞ്ഞു.

അതേസമയം വയനാട് ദുരന്തമുഖത്ത് ആഗസ്റ്റ് 3 ന് മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ സന്ദര്‍ശിച്ചതിനെ ചെകുത്താന്‍ എന്ന യുട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ച അജു അലക്സിനെ താരസംഘടന അമ്മയുടെ പരാതിയിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ അജു അലക്സ് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു അജു അലക്സിനെ അറസ്റ്റ് ചെയ്തത്.

Content Highlight: AIYF President N.Arun Against Amma, Why Amma Silent In Defamatory remarks Against Mammootty

We use cookies to give you the best possible experience. Learn more