പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമനങ്ങളിലെ അനിശ്ചിതാവസ്ഥ, താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തല്‍, തസ്തികകളിലേക്കുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്തു നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയാണ് എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത്
പി.എസ്.സി വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പ്രധാന വിഷയം നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതാണ്. പ്രതിപക്ഷത്തിനപ്പുറം ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു?
നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന് പറയുന്നതില്‍ തെറ്റുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ ഗവണ്‍മെന്റില്‍ നിന്ന് വ്യത്യസ്തമായി വേഗത്തില്‍ നിയമനങ്ങള്‍ നടക്കുകയും ആയിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുകൊണ്ടും നിയമനങ്ങള്‍ കൃത്യമായി നടക്കാത്ത സാഹചര്യം ഉണ്ടാവുന്നുണ്ടെന്നാണ് സര്‍ക്കാറിനെതിരെ പലരും ഉന്നയിക്കുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഒട്ടുമിക്ക വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്.
പി.എസ്.സിയുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫ് തന്നെ സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച ഒരു വിഷയം കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രയാസങ്ങളെ കണക്കിലെടുത്ത് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും ദീര്‍ഘിപ്പിക്കണം എന്നുള്ളതാണ്. നിലവില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പെട്ടന്നുതന്നെ ജോലി ലഭിക്കുന്നതിനാവശ്യമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്ന ആവശ്യവും എ.ഐ.വൈ.എഫ് മുന്നോട്ടുവക്കുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനം എന്ന് പറയുന്നത് ഗുണകരമായ രീതിയിലല്ല ഉണ്ടായിട്ടുള്ളത്. ലിസ്റ്റ് കാലാവധി നീട്ടുന്ന കാര്യത്തില്‍ പലപ്പോഴും അനിശ്ചിതത്വം നേരിട്ടിട്ടുണ്ട്.
ലിസ്റ്റ് നീട്ടുക എന്നത് സാധാരണയായി ഒരു സംഘടനയുടെ മുഖ്യആവശ്യമായി ഉയര്‍ന്നുവരുന്ന ഒരു കാര്യമല്ല. എന്നാല്‍ കാലാവധിക്കുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാതിരിക്കുക, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍ക്കുക, പുതിയ വിജ്ഞാപനം വരുന്നതിന് കാലതാമസമെടുക്കുക എന്നീ കാര്യങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെക്കേണ്ടി വരുന്നത്. ഇത്തരം പരാതികളുടെ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടികൊടുക്കുന്നതില്‍ തെറ്റില്ല എന്നതാണ് എ.ഐ.വൈ.എഫിന്റെ നിലപാട്. അതുകൊണ്ടാണ് സര്‍ക്കാറിന് മുന്നില്‍ ഇക്കാര്യം ഒരാവശ്യമായി മുന്നോട്ട് വെച്ചതും. എന്നാല്‍ നിയമനങ്ങള്‍ കൃത്യമായി നടക്കുന്നില്ലെന്ന സര്‍ക്കാറിനെതിരെയുള്ള ആരോപണം ശരിയല്ല.
കഴിഞ്ഞ സര്‍ക്കാറുകളെ അപേക്ഷിച്ച് റെക്കോര്‍ഡ് നിയമനങ്ങളാണ് തങ്ങള്‍ നടത്തിയതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നിട്ടും പി.എസ്.സിയുമായി ബന്ധപ്പെട്ട് ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടാവുന്നത് എങ്ങനെയാണ്?
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നിയമനനിരോധനവും, തസ്തിക വെട്ടിക്കുറക്കലും കൂടുതലായി നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ഒരു സമിതിക്ക് തന്നെ രൂപം നല്‍കിയത്. വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്ന മേധാവികള്‍ക്ക് വകുപ്പുതലത്തില്‍ തന്നെ ശിക്ഷ നല്‍കാനും സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യ ഘട്ടങ്ങളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടും നിയമനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും വളരെ കൃത്യമായി കാര്യങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയിലായത്. വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് നിയമനം വൈകിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ തന്നെ ഓഫീസുകളില്‍ കയറിയിറങ്ങുകയും വിവരാവകാശരേഖ വഴി ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടായിരുന്നു.
ഇത് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം കര്‍ശനമായി നടപടിയെടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും സര്‍ക്കാര്‍ പെരുമാറണമെന്നാണ് എ.ഐ.വൈ.എഫിനും പറയാനുള്ളത്.
വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തി ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. താല്‍ക്കാലികനിയമനങ്ങള്‍ റാങ്ക്‌ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ എങ്ങനെയാണ് ബാധിക്കുന്നത്?
താല്‍ക്കാലിക നിയമനങ്ങള്‍ വേണ്ട എന്നൊരു തീരുമാനത്തിലേക്കെത്താന്‍ സര്‍ക്കാറിനാവില്ല. സമയാധിഷ്ടിതമായി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടത്തിയ താല്‍ക്കാലിക നിയമനങ്ങളേക്കാള്‍ മൂന്നിലൊന്ന് മാത്രമാണ് നിലവില്‍ നടത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. യു.ഡി.എഫിന്റെ കാലത്തുണ്ടായിട്ടുള്ള പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും ബന്ധുക്കള്‍ക്ക് ജോലി നല്‍കുന്ന രീതിയുമൊന്നും ഈ സര്‍ക്കാറിന്റെ കാലത്ത് നടക്കുന്നില്ല. ചില അപവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായേക്കാം പക്ഷേ കുറേയധികം നല്ല സമീപനമാണ് പി.എസ്.സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്.
താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിലെ സുതാര്യത സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നുള്ളതില്‍ തര്‍ക്കമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിതന്നെയാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നത് എന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്. പി.എസ്.സിയെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക നിയമനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന കാര്യം പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. മുഴുവനായും താല്‍ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും നടത്തുന്നവയുടെ എണ്ണം കുറച്ചുകൊണ്ടുവരണം എന്ന അഭിപ്രായമാണ് എ.ഐ.വൈ.എഫിന് ഈ വിഷയത്തില്‍ ഉള്ളത്. ലൈബ്രറി കൗണ്‍സിലിന്റെ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തെ ഹൈക്കോടതി റദ്ദ് ചെയ്യുന്ന ഒരു സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്.
കുറച്ചുകാലം ജോലി ചെയ്തതിന്റെ പേരില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാറിന്റെ തീരുമാനത്തോട് എ.ഐ.വൈ.എഫിനും യോജിക്കാനാവില്ല. ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍, സംവരണവ്യവസ്ഥകള്‍ക്കനുകൂലമായി സുതാര്യമായ രീതിയില്‍ യോഗ്യതകള്‍ക്കനുസരിച്ച് നിയമനത്തില്‍ വരണമെന്നു തന്നെയാണ് എ.ഐ.വൈ.എഫിന്റെ നിലപാട്.
കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ തോതിലാണെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ്ങ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പി.എസ്.സി വഴിയുള്ള നിയമനങ്ങളിലും അനിശ്ചിതത്വം നേരിടുന്നത് യുവാക്കളെ ബാധിക്കില്ലേ?
കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി പി.എസ്.സിയെ ചൂണ്ടിക്കാട്ടാനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെയും കേന്ദ്രത്തിന്റെ തൊഴില്‍മേഖലകളില്‍ തന്നെ ഒട്ടനവധി തസ്തികകള്‍ കാലങ്ങളായി ഒഴിഞ്ഞു കിടക്കുന്നതിലൂടെയുമെല്ലാം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. കേരളത്തിലെ പതിനായിരക്കണക്കിന് യുവാക്കളുടെ ജോലിസാധ്യതകളെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കേന്ദ്രഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നമ്മള്‍ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുമ്പോഴും അപ്പുറത്ത് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ചയാണ് യുവാക്കളുടെ തൊഴിലുമായി ബന്ധപ്പെട്ടുണ്ടാവുന്നത്. തൊഴിലില്ലായ്മ എല്ലാ കാലത്തും കേരളത്തെ സംബന്ധിച്ച് മുഖ്യവിഷയംതന്നെയായിരുന്നു. അതിന് പരിഹാരം കാണാന്‍ ശാശ്വതമായ മറ്റ് വഴികള്‍ നമ്മള്‍ തേടേണ്ടി വരും.
തൊഴിലില്ലായ്മ കുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംരംഭങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നടപ്പിലാക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ഇത്തരം സംരംഭങ്ങളെയെല്ലാം നോക്കിക്കാണുന്നതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി സര്‍ക്കാറിന് പിന്തുണ നല്‍കിക്കൊണ്ട് ഒപ്പം നില്‍ക്കുകയെന്ന കാര്യമാണ് എ.ഐ.വൈ.എഫിനും ചെയ്യാന്‍ കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ