| Wednesday, 28th February 2018, 10:15 am

പ്രവാസിയുടെ ആത്മഹത്യ: എ.ഐ.വൈ.എഫ് നേതാവ് പൊലീസ് കസ്റ്റഡിയില്‍; പിടിയിലായത് കൊടി നാട്ടലിനു നേതൃത്വം നല്‍കിയയാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

സുഗതന്‍ തൂങ്ങി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നതെങ്കിലും പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.

സുഗതന്‍ വര്‍ക്ക് ഷാപ്പ് തുടങ്ങാനിരുന്ന സ്ഥലത്ത് കൊടി നാട്ടലിനു നേതൃത്വം കൊടുത്തയാളാണ് ഗിരീഷനെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ ( 64 ) വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തിരുന്നത്.

ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപം വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ സുഗതനെ കണ്ടെത്തിയത്. വര്‍ക്ക ഷോപ്പ് തുടങ്ങിയത് നിലം നികത്തിയ സ്ഥലത്താണെന്ന പേരിലായിരുന്നു എ.ഐ.വൈ.എഫ് കൊടി നാട്ടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

കൊല്ലം റൂറല്‍ എസ്.പി, ജില്ലാ കളക്ടര്‍ എന്നിവര്‍ വിശദമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദ്ദേശം. കേസ് മാര്‍ച്ച് 20ന് കൊട്ടാരക്കരയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

We use cookies to give you the best possible experience. Learn more