ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ണടച്ച് വിശ്വസിക്കുന്നു; പൊലീസിലെ സംഘ് സ്വാധീനം മുഖ്യമന്ത്രി തിരിച്ചറിയുന്നില്ല; എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
കൊല്ലം: മുഖ്യമന്ത്രിയേയും സംസ്ഥാന പൊലീസ് സേനയേയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐയുടെ യുവജന സംഘടന എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫിന്റെ കൊല്ലം ജില്ലാ സമ്മേളത്തിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നാണ് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. പൊലീസിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ആര്‍.എസ്.എസ് പൊലീസ് സേനയില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരും തിരിച്ചറിയുന്നില്ല. ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നും തയ്യാറാക്കി നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് നല്കുന്നത്, ആ റിപ്പോര്‍ട്ടുകള്‍ കണ്ണടച്ച് വിശ്വസിച്ച് അദ്ദേഹം സഭയില്‍ അവതരിപ്പിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടാവുന്നു. ഇത് അപകടകരമായ പ്രവണതയാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
മന്ത്രി ജെ. ചിഞ്ചു റാണി, ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ്. ജയലാല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം വിമര്‍ശനമുന്നയിച്ചത്.
മതമേലധ്യക്ഷന്‍മാര്‍ സംഘപരിവാറിന്റെ നാവായി മാറരുതെന്നും കേരളജനത എക്കാലവും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചിട്ടുള്ളവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ കേരളത്തിലുണ്ടാകാത്തത് കേരള സമൂഹത്തിന്റെ മഹത്തായ ജനാധിപത്യ മതേതര ബോധം കൊണ്ടാണെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.