| Monday, 5th March 2018, 11:58 am

മുഖ്യമന്ത്രിയുടേത് ഭൂമാഫിയയെ സഹായിക്കുന്ന നിലപാട്; പിണറായി വിജയനെതിരെ എ.ഐ.വൈ.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തുപുരം: പുനലൂരില്‍ വയല്‍ നികത്തിയ പ്രദേശത്ത് വര്‍ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതിരുന്നതിന്റെ പേരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എവിടെയെങ്കിലും കുത്താനുള്ളതല്ല കൊടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാനാണെന്ന് മഹേഷ് കക്കത്ത് പറഞ്ഞു.

കൊടി കുത്തിയതാണ് ഏറ്റവും വലിയ അപരാധമെന്നാണ് മുഖ്യമന്ത്രി വരുത്തി തീര്‍ക്കുന്നതെന്നും സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അദ്ദേഹംത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് എഐവൈഎഫ് കൊടി കുത്തിയത്. കൊടി കുത്തിയതുകൊണ്ടല്ല സുഗതന്‍ മരണപ്പെട്ടത്. നിയമവിരുദ്ധമായി നികത്തിയ ഭൂമി തന്നെയായിയുരുന്നു അത്. ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടതിന് പകരം പ്രതികരിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി” മഹേഷ് കക്കത്ത് പറഞ്ഞു.

ഇനി എവിടെ ഭൂമി നികത്തിയാലും അവിടെ കൊടി കുത്താനും സമരത്തിനും ആരും പോകേണ്ടതില്ല എന്നാണ് ഇത് നല്‍കുന്ന സന്ദേശം. പണം വാങ്ങിയും സ്വാധീനങ്ങള്‍ക്ക് വഴങ്ങിയും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാടാണ് പിണറായിയുടേതെന്നും മഹേഷ് കക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്തത് സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടി നാട്ടി പണി മുടക്കിയതിനാലാണെന്നും വര്‍ക് ഷോപ്പ് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ആത്മഹത്യയെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നുന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിച്ചത്. നിയമലംഘനത്തിന്റെ പേരില്‍ ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ല. ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടി. അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പ്രധാന ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വയല്‍ നികത്തിയാണ് പുനലൂരില്‍ കെട്ടിടം പണിതതെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും തുടക്കത്തില്‍ അതിന് എതിരായിരുന്നെന്നും മന്ത്രി കെ.രാജുവും സഭയെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more