കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നടത്തിയ പ്രകടനത്തില്‍ എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ കോലം കത്തിച്ചു. കൊച്ചി ഫിലിം ചേംബര്‍ ആസ്ഥാനത്ത് എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധത്തിലാണ് മോഹന്‍ലാലിന്റെ കോലം കത്തിച്ചത്.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത നടപടി റദ്ദാക്കി ഭാരവാഹികള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ സാംസ്‌ക്കാരിക രാഷ്ട്രീയ സിനിമാ രംഗത്തെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
അതേസമയം എ.എം.എം.എയില്‍ അംഗങ്ങളായ ഇടതുപക്ഷ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാകുന്നു. ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനത്തിനെതിരെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ ജനപ്രതിനിധികള്‍ എ.എം.എം.എയില്‍ തുടരുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൊല്ലം എം.എല്‍.എ മുകേഷ്, പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍, ചാലക്കുടി എം.പി ഇന്നസെന്റ് എന്നിവര്‍ ഒന്നുകില്‍ എ.എം.എം.എയില്‍ നിന്നും രാജിവെക്കുക, അല്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.