| Tuesday, 10th March 2020, 12:01 pm

പ്രിയങ്കാ ഗാന്ധിക്ക് ആവശ്യക്കാരേറെ; അസമില്‍നിന്നും മത്സരിപ്പിച്ചാല്‍ സഖ്യമാകാമെന്ന് എ.ഐ.യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍നിന്നും മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്). അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി അധ്യക്ഷന്‍ റിപുണ്‍ ബോറയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക അസമില്‍ സ്ഥാനാര്‍ത്ഥിയായാല്‍ എ.ഐ.യു.ഡി.എഫ് കോണ്‍ഗ്രസുമായി സഖ്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥി ഒന്നുകില്‍ പ്രിയങ്കാ ഗാന്ധിയോ അല്ലെങ്കില്‍ കോണ്‍ഗ്രസിന് പുറത്തുനിന്നുള്ള ആരെങ്കിലുമോ ആകണമെന്നാണ് എ.ഐ.യു.ഡി.എഫിന്റെ ആവശ്യം.

എ.ഐ.യു.ഡി.എഫ് പ്രിയങ്കാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ടെന്നും ഹൈക്കമാന്റാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുകയെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്റിന് അയച്ചിട്ടുണ്ട്. മാര്‍ച്ച് പത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും റിപുണ്‍ ബോറ പറഞ്ഞു. പൗരത്വ നിയമ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് പാളയങ്ങളിലെ ആലോചന.

അസമില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 26നാണ് തെരഞ്ഞെടുപ്പ്.

ഒരു പൊതു സ്ഥാനാര്‍ത്ഥിയെക്കുറിച്ചാണ് കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും ആലോചിക്കുന്നത്. ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ പടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എ.ഐ.യു.ഡി.എഫുമായുള്ള സഖ്യത്തെ അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് എതിര്‍ത്തിരുന്നു. പിന്നീട് അദ്ദേഹം നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. എ.ഐ.യു.ഡി.എഫും കോണ്‍ഗ്രസും ഒന്നിച്ച് ശക്തി പ്രകടിപ്പിച്ചാല്‍ അത് ബി.ജെ.പിക്ക് വെല്ലുവിളിയാവും എന്നാണ് അദ്ദേഹം സഖ്യ സാധ്യതകളെ സ്വാഗതം ചെയ്ത് പറഞ്ഞത്.

2010ല്‍ എ.ഐ.യു.ഡി.എഫ് ബി.ജെ.പിയുമായി ചേര്‍ന്ന് പൊതു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more