'വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടറിയാന്‍ അടുക്കളയിലെ ഭാര്യമാരോട് ചോദിക്കണം': എ.ഐ.യു.ഡി.എഫ് നേതാവ്
national news
'വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടറിയാന്‍ അടുക്കളയിലെ ഭാര്യമാരോട് ചോദിക്കണം': എ.ഐ.യു.ഡി.എഫ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th August 2022, 12:20 pm

ന്യൂദല്‍ഹി: ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുന്നതില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ(എ.ഐ.യു.ഡി.എഫ്) നേതാവ് ബദറുദ്ദീന്‍ അജ്മല്‍.

‘മന്ത്രിമാര്‍ക്ക് വിലക്കയറ്റമൊന്നുമില്ല, ബി.ജെ.പി എം.പിമാര്‍ അവരുടെ ഭാര്യമാരോട് ചോദിക്കണം അവരുടെ അടുക്കള എങ്ങനെ നടത്തിക്കൊണ്ട്പോകുന്നു എന്ന്. സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ 2024ല്‍ വിലക്കയറ്റം അവരുടെ സര്‍ക്കാരിനെതന്നെ വിഴുങ്ങും.’ എ.ഐ.യു.ഡി.എഫ് പറഞ്ഞു.

വിലക്കയറ്റം സാധാരണക്കാരായ ജനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് സര്‍ക്കാരിനറിയില്ല, കാരണം പണം മുഴുവന്‍ സര്‍ക്കാരിന്റെ കയ്യിലാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ധനകാര്യമന്ത്രി നിര്‍മല സീതാരാമനെതിരെയും അദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.’ രാജ്യത്തിന്റെ പണം മുഴുവന്‍ ധനകാര്യമന്ത്രിയുടെ കയ്യിലാണ്, അവര്‍ക്കെങ്ങനെ അറിയാനാവും ഒരു സാധാരണക്കാരന് സാധനങ്ങള്‍ വാങ്ങാന്‍ എത്ര പണം ചിലവാകുമെന്ന്,’ അജ്മല്‍ പറഞ്ഞു.

കഴിഞ്ഞ മാസങ്ങളില്‍ കുതിച്ചുയര്‍ന്ന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികളുള്‍പ്പെടെ നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പ്രതിഷേധിച്ച് വെള്ളിയാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയിരുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെബി മേത്തര്‍, രമ്യ ഹരിദാസ്, ജയ്റാം രമേശ് എന്നിവരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഇതേ വിഷയത്തില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. എല്ലാ തലസ്ഥാന നഗരികളിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം നടത്തി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. പ്രതിപക്ഷ അംഗങ്ങള്‍ ഇതിനെതിരെ നിരന്തരം സഭകളില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അംഗങ്ങള്‍ സഭയില്‍ അനിയന്ത്രിതമായി പെരുമാറിയെന്നാരോപിച്ച് ഇരുസഭകളിലും അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: AIUDF leader Badruddin Ajmal says anti women comment while reacting against BJP on inflation