|

ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിന് ഡാന്‍സ് കളിക്കണമെന്നായിരുന്നു ടൊവിനോ പെട്ടെന്ന് പറഞ്ഞത്, ഞാന്‍ ചുമ്മാ ചിരിച്ച് കൊണ്ട് നിന്നു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് മുഖത്ത് നോക്കി കാര്യം പറയുന്ന വ്യക്തിയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. സൈമ അവാര്‍ഡ്‌സ് 2022 വേദിയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് അതേ വേദിയിലേക്ക് ടൊവിനോയെയും വിളിച്ചു വരുത്തിയ ശേഷം അദ്ദേഹത്തോട് ഡാന്‍സ് കളിക്കാമോ എന്ന് അവതാരകരായ പേര്‍ളി മാണിയും ആദില്‍ ഇബ്രാഹീമും ചോദിച്ചു. ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിന് ഡാന്‍സ് കളിക്കണമെന്നാണ് അവരുടെ ആവശ്യത്തിന് ടൊവിനോ നല്‍കിയ മറുപടി. മൈല്‍സ്റ്റോണ്‍മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ.

‘ടൊവിനോ മുഖത്ത് നോക്കി കാര്യം പറയും. എനിക്ക് ഒരു അവാര്‍ഡ് കിട്ടിയിട്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചിരുന്നു. ഒന്നാമത് എനിക്ക് ഭയങ്കര സ്ട്രെസ് ഉള്ള സമയമായിരുന്നു. പൊന്നിയിന്‍ സെല്‍വന്റെ പ്രൊമോഷനും കുമാരിയുടെ ഷൂട്ട് ഒക്കെ ആയി ഞാന്‍ ഭയങ്കര ക്ഷീണത്തിലായിരുന്നു. ഞാന്‍ സ്റ്റേജില്‍ കേറി ഫുള്‍ നന്ദി ഒക്കെ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞിരുന്നു.

സ്റ്റേജിലേക്ക് അദ്ദേഹത്തെ വിളിച്ചപ്പോള്‍ എന്റെ കൂടെ അഭിനയിച്ച സിനിമക്ക് ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് എനിക്ക് നന്ദിയുണ്ട് എന്നൊക്കെ പറഞ്ഞു. അതിന് ശേഷം അദ്ദേഹത്തിന്റെ കൂടെ ഡാന്‍സ് കളിക്കാന്‍ വേണ്ടി പറഞ്ഞു.

പെട്ടെന്ന് അദ്ദേഹം ഓപ്പണ്‍ ആയി ചോദിച്ചു ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതിന് ഞാന്‍ എന്തിനാണ് ഡാന്‍സ് കളിക്കുന്നതെന്ന്. ഞാന്‍ എന്നിട്ടും ഔട്ട് ഓഫ് മൈന്‍ഡ് ആയത് കൊണ്ട് ചുമ്മാ ചിരിച്ച് കൊണ്ട് നില്‍ക്കുകയാണ്.

ആദിലും പേളിയുമായിരുന്നു അവതാരകര്‍. അവരുടെ പ്രശ്നം കൊണ്ടല്ല. രണ്ട് പേരെ കൊണ്ടും ചോദിപ്പിച്ചതാണ്. പക്ഷേ അദ്ദേഹം അവിടെ നിന്ന് തന്നെ വളരെ ഓപ്പണായി അവര്‍ക്ക് മറുപടി കൊടുത്തു,’ ഐശ്വര്യ പറഞ്ഞു.

മനു അശോകന്‍ സംവിധാനം ചെയ്ത കാണെകാണെ എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യക്ക് ലഭിച്ചത്. ടൊവിനോ നായകനായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും സുപ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: aiswrya lakshmi about tovino’s reaction, she got best actress award