Advertisement
Entertainment
നീയെന്നെ കൊല്ലുമോയെന്ന് ചാക്കോച്ചന്‍ ചോദിച്ചിട്ടുണ്ട്: ഐശ്വര്യ രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 05:06 pm
Tuesday, 11th March 2025, 10:36 pm

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ഇതിനോടകം 50 കോടി കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യത്തെ 50 കോടി ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം സ്‌കോര്‍ ചെയ്യാന്‍ വില്ലന്‍ ഗ്യാങ്ങിന് സാധിച്ചു. അടുത്തിടെ മലയാളത്തില്‍ വന്നതില്‍ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള വില്ലന്‍ ഗ്യാങ്ങാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വിശാഖ് നായര്‍, ഐശ്വര്യ, ലയ മാമന്‍, വിഷ്ണു ജി. വാര്യര്‍, അമിത് ഈപ്പന്‍ എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ രാജ്.

ചിത്രത്തിലെ കാര്‍ ചെയ്സിങ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ചെറിയ പേടി ഉണ്ടായിരുന്നുവെന്നും മൊത്തം സിനിമയില്‍ എനിക്ക് കുറച്ചെങ്കിലും പ്രഷര്‍ തോന്നിയത് ആ ഷൂട്ട് ചെയ്തപ്പോഴായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ രാജ്.

‘നമുക്ക് അടുത്തത് ചാക്കോച്ചന്റെ കൂടെ ആണല്ലോ അഭിനയിക്കേണ്ടത് എന്നോര്‍ത്തുള്ള യാതൊരു പേടിയുടെയും ആവശ്യമില്ലായിരുന്നു. സിനിമയിലെ ഡ്രൈവിങ് സീനില്‍ വണ്ടിയോടിച്ചത് ഞാന്‍ തന്നെയായിരുന്നു. അതിനും ഒരുമാസം മുമ്പാണ് ഞാന്‍ ശരിക്കും റോഡിലേക്ക് ഇറങ്ങി തുടങ്ങുന്നത്.

അതുവരെ എനിക്ക് ഡ്രൈവിങ് അത്ര നന്നായി അറിയില്ലായിരുന്നു. മൊത്തം സിനിമയില്‍ എനിക്ക് കുറച്ചെങ്കിലും പ്രഷര്‍ തോന്നിയത് ആ സീനില്‍ ആയിരുന്നു. നല്ല പേടിയുണ്ടായിരുന്നു. കാരണം ഓപ്പോസിറ്റ് നില്‍ക്കുന്നത് ചാക്കോച്ചന്‍ പോലൊരു സീനിയര്‍ നടനുമാണല്ലോ. നീയെന്നെ കൊല്ലുമോ എന്നെല്ലാം ചാക്കോച്ചന്‍ ചോദിച്ചിട്ടുണ്ട്.

മൊത്തം ക്രൂ വരെ പേടിച്ച ഒരുപാട് ഇന്‍സിഡന്റ്‌റ് ആ സീന്‍ എടുക്കുമ്പോള്‍ ഉണ്ടായിരുന്നു. കുറേ തവണ ഞാന്‍ ഇടിക്കാനെല്ലാം പോയി, കുറേ തവണ ഞാന്‍ ചത്തെന്ന് കരുതി. അങ്ങനത്തെ കുറെ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ക്രൂവിലെ ആരും തന്നെ നിന്നെ കൊണ്ട് ഇതൊന്നും പറ്റില്ല എന്ന രീതിയില്‍ സംസാരിച്ചിട്ടൊന്നും ഇല്ല,’ ഐശ്വര്യ രാജ് പറയുന്നു.

Content Highlight: Aiswarya shares experience in Officer On duty movie’s location