കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായി റിലീസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വലിയ ഹിറ്റായിരുന്നു. ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി, ജയറാം, പ്രകാശ് രാജ് തുടങ്ങി വലിയൊരു താര നിര തന്നെയായിരുന്നു ചിത്രത്തിന് വേണ്ടി അണിനിരന്നത്.
മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയും പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചിരുന്നു. പൂങ്കുഴലി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ഈ സിനിമയിലേക്ക് ലുക്ക് ടെസ്റ്റിനായി പോയതിനെ കുറിച്ചും സംവിധായകന്‍ മണിരത്‌നത്തെ കണ്ടതിനെ കുറിച്ചും പറയുകയാണ് ഐശ്വര്യ ലക്ഷ്മി.
തന്റെ ഓഡിഷന്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ ലുക്ക് ടെസ്റ്റ് വെച്ചതെന്നും ആ സമയത്ത് ആര്‍ട്ട് ഡയറക്ടറായ തോട്ട തരണിയും സിനിമാറ്റോഗ്രഫറായ രവി വര്‍മനും കോസ്റ്റിയൂം ഡിസൈനറായ ഏക ലഖാനിയും സംവിധായകന്‍ മണിരത്‌നവും ഉണ്ടായിരുന്നെന്നും നടി പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. അവിടെ ടെന്‍ഷനടിച്ച് മരിക്കാന്‍ മണിരത്‌നം തന്നെ മതിയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഓഡിഷന്‍ കഴിഞ്ഞതിന് ശേഷമാണ് അവര്‍ ലുക്ക് ടെസ്റ്റ് വെച്ചത്. എന്റെ ലുക്ക് ടെസ്റ്റിന് വേണ്ടി അവിടെ ഉണ്ടായിരുന്നത് തോട്ട തരണി സാര്‍, രവി വര്‍മന്‍ സാര്‍, ഏക ലഖാനി, മണി സാര്‍ എന്നിവരായിരുന്നു. പക്ഷെ ഞാന്‍ ടെന്‍ഷനടിച്ച് മരിക്കാന്‍ മണി സാര്‍ മാത്രം മതിയായിരുന്നു.
നിങ്ങളൊക്കെ പോയിരുന്നെങ്കില്‍ എനിക്ക് ബാക്കി അഭിനയം കാഴ്ച വെക്കാമായിരുന്നു എന്ന ഭാവത്തിലായിരുന്നു ഞാന്‍ അവിടെ നിന്നത്. എനിക്ക് ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല. ആ സമയം ഞാന്‍ ആകെ നെര്‍വസായിരുന്നു.
ഏക ഞാനുമായി നല്ല ക്ലോസായിരുന്നു. ഏക ലഖാനി കോസ്റ്റിയും സ്‌റ്റൈലിസ്റ്റാണ്. ഏക വളരെ കോണ്‍ഫിഡന്‍സോടെ എന്നോട് വന്ന് ‘ഐശ്വര്യാ, നീ എന്തിനാണ് ടെന്‍ഷനാകുന്നത്? നീ ഈ പടത്തില്‍ ഇന്‍ ആയി കഴിഞ്ഞു’ എന്നായിരുന്നു പറഞ്ഞത്.
ഞാന്‍ ആ സമയത്ത് മണി സാര്‍ പറയാതെ വിശ്വസിക്കില്ലെന്ന രീതിയില്‍ നോക്കിയിരുന്നു. അവസാനം മണി സാര്‍ എന്നെ വിളിച്ചു കൊണ്ടുപോയി ഓരോന്നും പറഞ്ഞു തന്നു. എന്നിട്ടും ഞാന്‍ നോക്കിയത് എന്നെ ഈ സിനിമയില്‍ ഇന്‍ ആക്കിയെന്ന് സാര്‍ പറയുമോ ഇല്ലയോ എന്നായിരുന്നു.
അതിന്റെ ഇടക്ക് മണി സാര്‍ ഒരു കാര്യം പറഞ്ഞു. ‘നമുക്ക് സെറ്റില്‍ വെച്ച് നോക്കാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സെറ്റില്‍ വെച്ച് നോക്കാമെന്ന് പറയുമ്പോള്‍ ഞാന്‍ ഈ സിനിമയില്‍ ഉണ്ടെന്നല്ലേ അദ്ദേഹം ഉദ്ദേശിച്ചത് എന്ന ചിന്തയായി. ആ സമയത്ത് വലിയ സന്തോഷം തോന്നി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Content Highlight: Aiswarya Lekshmi Talks About Manirathnam And Ponniyin Selvan