Advertisement
Entertainment
ആ സിനിമയുടെ അഞ്ചാമത്തെ ദിവസമാണ് അത് നടപടിയാകില്ലെന്ന് എനിക്ക് മനസിലായത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 17, 03:55 am
Sunday, 17th November 2024, 9:25 am

നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു കുമാരി. നടി ഐശ്വര്യ ലക്ഷ്മിയായിരുന്നു ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവരും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ഒപ്പം ഐശ്വര്യ ലക്ഷ്മിയും പ്രിയങ്ക ജോസഫ്, മൃദുല പിനാപാല എന്നിവരും കുമാരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു.

താന്‍ ആ സിനിമയിലേക്ക് എത്തുന്നത് അഭിനേതാവെന്ന നിലയിലാണെന്നും അതില്‍ പ്രൊഡ്യൂസറാവാന്‍ ഒരു പ്ലാനും ഉണ്ടായിരുന്നില്ലെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി.

താന്‍ കുമാരിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നാല് ദിവസം നിന്നിരുന്നെന്നും പക്ഷെ അഞ്ചാമത്തെ ദിവസമായപ്പോഴേക്കും നടപടിയാകില്ലെന്ന് സ്വയം മനസിലായെന്നും നടി കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കുമാരി എന്ന സിനിമയുടെ പ്രൊഡ്യൂസിങ്ങിനെ കുറിച്ച് പറയുമ്പോള്‍, അതില്‍ മെയിനായി ഇന്‍വസ്റ്റ് ചെയ്തത് ജിജു എന്ന ആളായിരുന്നു. ഞാന്‍ ആ സിനിമയിലേക്ക് എത്തുന്നത് ആക്ടര്‍ എന്ന നിലയിലാണ്. അതില്‍ പ്രൊഡ്യൂസര്‍ ആവാന്‍ എനിക്ക് ഒരു പ്ലാനും ഉണ്ടായിരുന്നില്ല.

ഒരു പോയിന്റില്‍ എത്തിയപ്പോള്‍ സിനിമക്ക് ഒരു സഹായം ആവശ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെയൊന്ന് ഇല്ലെങ്കില്‍ പറ്റില്ലെന്നുള്ള സമയത്താണ് ഞാന്‍ കോ പ്രൊഡ്യൂസര്‍ അല്ലെങ്കില്‍ കോ ഇന്‍വസ്റ്റര്‍ ആയിട്ട് വരുന്നത്.

അപ്പോഴും ഞാന്‍ പ്രൊഡക്ഷന്റെ സൈഡില്‍ പോയിട്ട് നിങ്ങള്‍ ഇന്ന് എത്ര കാശ് ചിലവഴിച്ചുവെന്ന് ചോദിച്ചിട്ടില്ല. അതൊരു വിശ്വാസമാണ്. അവര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ കൃത്യമായിട്ട് അറിയാമെന്ന കാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.

പിന്നെ അഭിനയത്തിന്റെ ഇടയില്‍ എനിക്ക് അതിനുള്ള സമയം ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യമാണ്. എനിക്ക് പറ്റില്ലായിരുന്നു. ഞാന്‍ കുമാരിയില്‍ എ.ഡി ആയിട്ട് നാല് ദിവസം നിന്നിരുന്നു. ആ സമയം എനിക്ക് അഭിനയിക്കാന്‍ ഉണ്ടായിരുന്നില്ല. പക്ഷെ അഞ്ചാമത്തെ ദിവസമായപ്പോഴേക്കും എനിക്ക് നടപടിയാകില്ലെന്ന് മനസിലായി. എനിക്ക് എന്റെ എല്ലാ ഫോക്കസും ആക്ടിങ്ങില്‍ കൊടുത്തേ പറ്റുള്ളൂ,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.


Content Highlight: Aiswarya Lekshmi Talks About Kumari Movie Producing