Movie Day
'മൃണാള്‍ താക്കൂറൊക്കെയാണല്ലോ ദുല്‍ഖറിന്റെ നായികയായത്, പിടിച്ച് നില്‍ക്കണമല്ലോ എന്നോര്‍ത്ത് കുറച്ചധികം മേക്കപ്പ് ഇട്ടതേ ഓര്‍മയുള്ളൂ'
കിങ് ഓഫ് കൊത്തയെ കുറിച്ചും ഷൂട്ടിങ്ങിനെ കുറിച്ചുമൊക്കെയുള്ള രസകരമായ ചില കഥകള്‍ പങ്കുവെക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ നായികാ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. താര എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്
ദുല്‍ഖറിന്റെ നായികയായിട്ടാണല്ലോ അഭിനയിക്കേണ്ടത് എന്നോര്‍ത്ത് കുറച്ചധികം മേക്കപ്പിട്ട കഥയാണ് താരം പങ്കുവെക്കുന്നത്. ഒപ്പം തന്റെ കഥാപാത്രത്തെ കുറിച്ചും ഐശ്വര്യ സംസാരിച്ചു. കിങ് ഓഫ് കൊത്തയുടെ ഭാഗമായി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന ആളാണ് താനെന്നും സ്ത്രീകളെ എപ്പോഴും അബലകളായാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന ആക്ഷേപത്തെ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാനുള്ള ഒരു ശ്രമത്തിന്റെ കൂടി ഭാഗമാണ് അതെന്നും താരം പറഞ്ഞു.
സ്ത്രീകളെ എപ്പോഴും അബലകളായാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന ഒരു ആക്ഷേപമുണ്ട്. എന്നാല്‍ അങ്ങനെയല്ല. സ്ത്രീകളെ കൂടുതല്‍ ശക്തരാക്കി ചിത്രീകരിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. അത്തരം കഥാപാത്രങ്ങള്‍ വരുന്നുണ്ട്.
സ്ത്രീകളെ സംബന്ധിച്ച് തന്നെ പറഞ്ഞാല്‍ ഓരോ ദിവസവും അവരെ മികച്ചതാക്കാന്‍ അവര്‍ തന്നെ ശ്രമിക്കാറുണ്ട്. അത് സ്ത്രീകളില്‍ ഞാന്‍ കണ്ട ക്വാളിറ്റിയാണ്. ശക്തമായ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അത് എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍.
താരയും അതില്‍ നിന്ന് വ്യത്യസ്തയല്ല. സ്വന്തമായി ചിന്തിക്കുന്ന ഒരു സ്ത്രീയാണ് അവര്‍. അവര്‍ താമസിക്കുന്നത് കൊത്തയിലാണ്. കൊത്തയിലെ പ്രശ്‌നങ്ങളൊക്കെ അവരേയും എഫക്ട് ചെയ്യും. അത് റിലേറ്റഡ് ആയ കോണ്‍ഫ്‌ളിറ്റുകള്‍ ഉണ്ട്.
രാജുവിന്റെ ലവ് ഇന്ററസ്റ്റാണ് താര. രാജു ഒരു ഗ്യാങ്സ്റ്ററാണ്. പുള്ളിയുടെ ലൈന്‍ ഓഫ് വര്‍ക്ക് അത്ര നല്ലതല്ല. അത് ഒരു സ്ത്രീയ്ക്കും ഇഷ്ടപ്പെടുന്നതാകില്ല. അതിന്റേതായ പ്രശ്‌നങ്ങള്‍ അവരുടെ കഥാപാത്രത്തില്‍ ഉണ്ട്. ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രമാണ്.
പിന്നെ കോസ്റ്റിയൂമൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ താരയാണെന്ന് ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
കൊത്തയിലെ ഒരു ഗാനരംഗത്തില്‍ മഞ്ഞ സല്‍വാറില്‍ ഞാന്‍ നടന്നുവരുന്ന ഒരു ഷോട്ടുണ്ട്. രാജു ആദ്യമായി താരയെ കാണുന്ന സീന്‍. സ്ഥലം കൊത്തയാണല്ലോ. ഞാന്‍ ദുല്‍ഖറിന്റെ നായികയും. ഞാന്‍ നോക്കുമ്പോള്‍ നേരത്തെ ദുല്‍ഖറിന്റെ നായികയായത് മൃണാള്‍ താക്കൂറൊക്കെയാണ്. നമുക്ക് പിടിച്ച് നില്‍ക്കണമല്ലോ, അതുകൊണ്ട് ഞാന്‍ മേക്കപ്പ് കുറച്ചധികം ചെയ്തു (ചിരി).
അങ്ങനെ ഷോട്ട് എടുക്കാന്‍ എത്തിയപ്പോള്‍ ഡയറക്ടര്‍ അതാ മൈക്കില്‍ വിളിച്ചുപറയുന്നു, ഐശ്വര്യയുടെ മേക്കപ്പ് കൂടിപ്പോയി അല്‍പ്പം കുറയ്ക്കാന്‍ പറയൂ എന്ന്. സാധാരണ സെറ്റിലുള്ള നാണക്കേടല്ല ഇവിടെയുണ്ടാകുക.
സാധാരണ സെറ്റാണെങ്കില്‍ കുറച്ച് പേര്‍ കേള്‍ക്കും, അതില്‍ കഴിയും. കൊത്തയില്‍ ഓരോ ഷോട്ടിനും ഒരു ആയിരം പേരെങ്കിലും ഉണ്ടാകും. ഇവരൊക്കെ കേട്ടു. ഞാന്‍ ആരും കേള്‍ക്കാത്ത പോലെ പോയി അവിടെ ഇരുന്നു. എന്നിട്ട് ഞാന്‍ പുള്ളിക്കാരന്റെ അടുത്ത് പോയിട്ട്, എന്റെ അഭിച്ചേട്ടാ ദയവുചെയ്തിട്ട് ഇനി ഇങ്ങനെ മൈക്കില്‍ വിളിച്ച് പറയരുത്. എന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെയടുത്ത് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു.
അന്നത്തെ ദിവസത്തിന് ശേഷം ഞാന്‍ മേക്കപ്പ് ഇടാന്‍ ശ്രമിച്ചിട്ടേയില്ല. താര എന്താണോ അത് റിയല്‍ ആയി വേണമെന്ന് എനിക്ക് മനസിലായി. പിന്നെ അങ്ങനെ വിളിച്ച് പറയേണ്ട ഒരു അവസരം ഞാന്‍ ഉണ്ടാക്കിയിട്ടില്ല (ചിരി), ഐശ്വര്യ പറയുന്നു.
ആഗസ്റ്റ് 24-നാണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളിലെത്തുന്നത്. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
Content Highlight: Aiswarya Lekshmi share a funny shooting experiance and king of kotha