| Thursday, 3rd August 2023, 4:21 pm

പൂങ്കുഴലിക്കായല്ല, ആ കഥാപാത്രത്തിനായാണ് ആദ്യം പൊന്നിയിന്‍ സെല്‍വനിലേക്ക് വിളിച്ചത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ശോഭിത ചെയ്ത കഥാപാത്രം ചെയ്യാനാണ് തന്നെ ആദ്യം ലുക്ക് ടെസ്റ്റിന് വിളിച്ചതെന്ന് നടി ഐശ്വര്യലക്ഷ്മി. മണി രത്നം തന്നെ അഭിനയിച്ച് കാണിച്ച് തന്നെന്നും അദ്ദേഹത്തിൽനിന്നുമാണ് താൻ കഥാപാത്രത്തെപ്പറ്റി കൂടുതൽ പഠിച്ചതെന്നും ഐശ്വര്യ പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പൂങ്കുഴലി എന്ന കഥാപാത്രത്തിനായി അധികം ഹോം വർക്ക് ചെയ്യേണ്ടി വന്നില്ല. പക്ഷെ കഥാപാത്രത്തിന്റെ ലുക്കിന് വേണ്ടി ധാരാളം റിസർച്ച് ചെയ്യേണ്ടി വന്നു. ഏക ലഖാനി ആണ് ആ ലുക്ക് ഡിസൈൻ ചെയ്തത്.

മണി രത്നം സാറിന് ആ ലുക്ക് വളരെ റിയൽ ആയിട്ട് വേണമായിരുന്നു. അതുകൊണ്ടുതന്നെ മേക്കപ്പ് ഒന്നും ഉപയോഗിച്ചിട്ടില്ല. മേക്കപ്പ് എന്ന് പറയാൻ കൂടി ആകെ ഉപയോഗിച്ചത് സൺസ്‌ക്രീൻ ലോഷൻ ആണ്. അത് പോലും കാറ്റും പൊടിയും കടലിലെ വെള്ളവും ഒക്കെ ഉള്ളതുകൊണ്ട് മുഖത്തുനിന്നും പോയി.

മുഖത്തുണ്ടായിരുന്ന കളർ അത് വെയിലടിച്ചപ്പോൾ എന്റെ മുഖത്ത് തനിയെ രൂപംകൊണ്ടതാണ്. മുഖത്ത് ടാൻ ഉണ്ടാക്കുന്നതിനായി ഒരു മേക്കപ്പും ഉപയോഗിച്ചിട്ടില്ല.

പിന്നെ ടാറ്റൂ ഉപയോഗിച്ചു, കൂടാതെ കണ്ണെഴുതിയിട്ടും ഉണ്ട്. വേറെ മേക്കപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. കഥാപാത്രത്തെ അറിയാൻ കൂടുതൽ വർക്ക് ചെയ്യേണ്ടി വന്നില്ല. എന്റെ ടെക്സ്റ്റ് ബുക്ക് മണി സാർ ആയിരുന്നു. മണി സാർ അഭിനയിച്ച് കാണിക്കില്ലെന്ന് എല്ലാവരും പറയും. പക്ഷെ നമുക്ക് പറഞ്ഞ് തരുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാൽ ഓരോ ഭാവങ്ങളും കാണാം.

ശോഭിത ചെയ്ത വാനതി എന്ന കഥാപാത്രത്തിനായി അദ്ദേഹം എന്നെ ലുക്ക് ടെസ്റ്റിന് വിളിച്ചിരുന്നു. വാനതി അരുൾമൊഴി വർമനെപ്പറ്റി ജ്യോതിഷിയോട് സംസാരിക്കുന്ന രംഗമാണ് എനിക്ക് അഭിനയിക്കാൻ കിട്ടിയത്. അദ്ദേഹം എനിക്കത് ചെയ്ത് കാണിച്ചുതന്നു. പക്ഷെ അത് മുഴുവനായി അഭിനയിക്കുകയല്ലായിരുന്നു. ഒരു അഭിനയേത്രി എന്ന നിലയിൽ അതിൽനിന്നും എന്താണോ പഠിക്കേണ്ടത് അതെനിക്ക് അദ്ദേഹത്തിൽനിന്നും കിട്ടി. അതുകൊണ്ട് മണി സാർ ആണ് എന്റെ പുസ്തകം,’ ഐശ്വര്യലക്ഷ്മി പറഞ്ഞു.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ആണ് ഐശ്വര്യലക്ഷ്മിയുടെ അവസാനമായി റിലീസായ ചിത്രം. തമിഴ് ജനതയ്ക്കിടയില്‍ വലിയ ജനപ്രീതി നേടിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം ഒരുക്കിയ ഈ ചിത്രത്തിൽ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു.

അതേസമയം ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍ എത്തുന്ന കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിൽ എത്തും.

Content Highlights: Aiswarya Lekshmi on Ponniyin Selvan movie character

Latest Stories

We use cookies to give you the best possible experience. Learn more