മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി. പൂങ്കുഴലി എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെയാണ് ഐശ്വര്യ കൈകാര്യം ചെയ്തത്.
പൊന്നിയില്‍ സെല്‍വന്റെ ഷൂട്ടിങ്ങ് അനുഭവത്തില്‍ മറക്കാനാകാത്ത ചില നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യ. സമുദ്രത്തില്‍ നിന്നും മീന്‍ പിടിച്ച് പൊന്തി വരുന്ന സീന്‍ ചെയ്യാന്‍ താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും അതില്‍ തന്നെ കാണാന്‍ മോശമായത് കൊണ്ട് കുറേ ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നുവെന്നും ഐശ്വര്യ പറഞ്ഞു.
നടുവില്‍ നിന്നും കട്ട് ചെയ്ത് കാര്‍ത്തിയുടെ മുഖം കാണിച്ചതുകൊണ്ടാണ് ആ സീന്‍ ബോറാവാതിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പൂങ്കുഴലി സമുദ്രത്തില്‍ നിന്നും പൊന്തി വരുന്ന സീനില്ലെ, ആ സിനില്‍ സാറിന് വേണ്ടത് ഭയങ്കര ഗ്രേസ്ഫുളായിട്ടുള്ള ആക്ടിങ്ങാണ്. പക്ഷെ എനിക്ക് അതിന് പറ്റുന്നില്ലായിരുന്നു. ഒന്നാമത് കടലിലേക്ക് എടുത്ത് ചാടണം. അത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
ചാടാനായിട്ട് പ്രസന്നയാണ് എന്നെ ഹെല്‍പ്പ് ചെയ്തത്. പൊന്തി വരുമ്പോള്‍ നല്ല മനോഹരമായിട്ടൊക്കെ വരണം. പക്ഷെ എന്നെ കൊണ്ട് അതിന് പറ്റില്ലായിരുന്നു. ഒരുപാട് ടേക്കുകള്‍ എടുത്തു. വെള്ളത്തില്‍ നിന്ന് പൊന്തി വരുമ്പോള്‍ ശ്വസം കിട്ടാതെ ഞാന്‍ ബുദ്ധിമുട്ടും. അപ്പോള്‍ എന്റെ മുഖം കാണാന്‍ ഭംഗി ഉണ്ടാവില്ലായിരുന്നു.
ഭാഗ്യത്തിന് അവര്‍ ആ സീനിന്റെ കുറേ ഭാഗങ്ങള്‍ കട്ട് ചെയ്തു. ഞാന്‍ കുറേ അവരോട് കട്ട് ചെയ്യുമോയെന്ന് ചോദിച്ചു. ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ആ സീന്‍ കണ്ടിരുന്നു. ഒരു ഭംഗിയും ഇല്ലായിരുന്നു. മുടിയൊക്കെ വെള്ളം ആയിട്ട് ഒട്ടി നില്‍ക്കുകയായിരുന്നു.
മുഖത്ത് മൊത്തം വെള്ളമായിട്ട് കണ്ണ് പോലും ശരിക്ക് തുറക്കാന്‍ പറ്റുന്നില്ലായിരുന്നു. ഭാഗ്യത്തിന് അവര്‍ നടുവില്‍ നിന്നും കട്ട് ചെയ്തു. പിന്നീട് അവിടെ കാര്‍ത്തിയുടെ മുഖം കാണിച്ചു. അതുകൊണ്ട് രക്ഷപ്പെട്ടു,” എൈശ്വര്യ ലക്ഷ്മി പറഞ്ഞു.
content highlight: aiswarya lekshmi about ponnyin selvan