| Monday, 4th October 2021, 3:26 pm

മറുപടിക്കായി ഞാന്‍ മണിരത്‌നം സാറിന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയാണ്, അദ്ദേഹം മുഖംതരാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്; അനുഭവം പങ്കുവെച്ച് ഐശ്വര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പതിനഞ്ച് വര്‍ഷത്തോളം സംവിധായകന്‍ മണിരത്‌നം മനസില്‍ കൊണ്ടുനടന്ന സിനിമയായിരുന്നു പൊന്നിയന്‍ സെല്‍വനെന്നും ആ ചിത്രത്തിന് വേണ്ടി ആദ്യമായി ലുക്ക് ടെസ്റ്റ് നടത്തിയത് തന്നെയായിരുന്നെന്നും നടി ഐശ്വര്യ ലക്ഷ്മി. വളരെ ടെന്‍ഷനടിച്ചാണ് ലുക്ക് ടെസ്റ്റിനായി ചെന്നതെന്നും ചിത്രത്തില്‍ നിന്ന് തന്നെ മാറ്റുമോ എന്ന ഭയമുണ്ടായിരുന്നെന്നും ഐശ്വര്യ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ഇരിക്കുമ്പോഴാണ് മണിരത്‌നം സാറിന്റെ കോള്‍ വരുന്നത്. മീറ്റ് ചെയ്യണമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. എന്തിനായിരിക്കുമെന്ന് ആദ്യം ചിന്തിച്ചു. പിന്നെ അപ്പോള്‍ തന്നെ ഞാന്‍ ഗൂഗിളില്‍ കയറി ഏത് സിനിമയാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത് എന്ന് നോക്കി.

അപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍ എന്നുകണ്ടു. അപ്പോള്‍ തന്നെ ആ ബുക്കിന്റെ ട്രാന്‍സ് ലേഷന്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ഏത് ക്യാരക്ടറായിരിക്കുമെന്ന് എനിക്ക് ഏകദേശം ഊഹം ഉണ്ടായിരുന്നു. ഞാന്‍ ഉദ്ദേശിച്ച ക്യാരക്ടറിന് വേണ്ടി തന്നെയായിരുന്നു സാര്‍ വിളിച്ചത്. അങ്ങനെ അദ്ദേഹത്തിനടുത്ത് ചെന്നു, സംസാരിച്ചു. അതിന് ശേഷമാണ് ലുക്ക് ടെസ്റ്റ് വെച്ചത്.

പത്തോ പതിനഞ്ചോ വര്‍ഷമായി സാറിന്റെ ആഗ്രഹമായിരുന്നു ഈ സിനിമ. ഒരുപാട് പേര്‍ തമിഴില്‍ ഈ സിനിമ ചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നടന്നിരുന്നില്ല. ഒരുപാട് ആഗ്രഹത്തോടെ സാര്‍ ചെയ്യാന്‍ കാത്തിരുന്ന സിനിമയുടെ ആദ്യ ലുക്ക് ടെസ്റ്റിന് വിളിച്ചത് എന്നെയായിരുന്നു. ലുക്ക് ടെസ്റ്റിന് ചെന്നപ്പോള്‍ അവിടെ തോട്ട തരണി സാറും രവിവര്‍മന്‍ സാറും അടക്കം ഞാന്‍ ബഹുമാനിക്കുന്ന സംവിധായകരും ടെക്‌നീഷ്യന്‍മാരുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ നല്ല നെര്‍വസ് ആയിരുന്നു. ഞാന്‍ എന്തൊക്കെയാണ് ചെയ്തതെന്ന് ഇപ്പോഴും ഒരു ഐഡിയയും ഇല്ല.

ലുക്ക് ടെസ്‌റ്റൊക്കെ കഴിഞ്ഞ ശേഷം ഞാന്‍ സാറിന്റെ മുഖത്ത് തന്നെ നോക്കി നില്‍ക്കുകയാണ്. സാര്‍ കുറേ അവോയ്ഡ് ചെയ്യാന്‍ നോക്കി. പിന്നെ സാറിന് മനസിലായി എന്തെങ്കിലും പറഞ്ഞേ പറ്റൂവെന്ന്. ഒടുവില്‍ സാര്‍ അടുത്തേക്ക് വിളിച്ചിട്ട് ഞാന്‍ ഈ പ്രൊജക്ടില്‍ ഉണ്ടെന്നും കൂളാവൂ എന്നും പറഞ്ഞു.

മണിരത്‌നം സാറിനെ കാണാന്‍ പറ്റുമെന്ന് പോലും താന്‍ കരുതിയതയല്ലെന്നും മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ പ്രധാനപ്പെട്ട താരങ്ങളൊക്കെ ഉള്ള ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aiswarya Lekshmi about Maniratnam

We use cookies to give you the best possible experience. Learn more