ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 24 ന് ഓണം റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി തിരക്കുപിടിച്ച പ്രൊമോഷന്‍ പരിപാടിയിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി ഇന്ന് കൊത്ത ടീം പ്രസ് മീറ്റും നടത്തിയിരുന്നു. ഐശ്വര്യ ലക്ഷ്മിയും ദുല്‍ഖറും തമിഴ് താരം പ്രസന്നയുമുള്‍പ്പെടെയുള്ള താരങ്ങളും പ്രസ് മീറ്റിന് എത്തിയിരുന്നു.
നടി ഐശ്വര്യ ലക്ഷ്മിയോടുള്ള ഒരു ചോദ്യവും ആ ചോദ്യത്തിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ സാധിക്കുക എന്നതായിരുന്നു ചോദ്യം.
ഇതിന് രസകരമായ മറുപടിയാണ് ഐശ്വര്യ നല്‍കുന്നത്. മറുപടി കേട്ട് ദുല്‍ഖര്‍ ചിരിയടക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതാണോ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നതാണോ ചലഞ്ചിങ് എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
എന്നെ സെറ്റില്‍ ഉപദ്രവിക്കാത്ത എല്ലാവരും എനിക്ക് കംഫര്‍ട്ടബിള്‍ ആണ്. ആ രീതിയില്‍ ഇവര്‍ രണ്ട് പേരും എനിക്ക് ഭയങ്കര കംഫര്‍ട്ടബിള്‍ ആയിരുന്നു (ചിരി). ഡി.ക്യു അങ്ങനെ ഒരുപാട് സംസാരിക്കില്ല. നമ്മള്‍ സെറ്റില്‍ സീനുകളെ പറ്റിയൊക്കെയാണ് സംസാരിച്ചിട്ടുള്ളത്. സിനിമ അവസാനിക്കാറായ സമയത്താണ് പിന്നേയും സംസാരിച്ചു തുടങ്ങിയത്.
അപ്പോഴും സിനിമ സെലക്ട് ചെയ്യുന്നതിനെ പറ്റിയൊക്കെ സംസാരിച്ചത്. പിന്നീട് പ്രൊമോഷന്‍ സമയത്ത് കുറച്ചുകൂടി സംസാരിക്കാന്‍ പറ്റി. വര്‍ക്കിന്റെ ടെന്‍ഷന്‍ ഇല്ലാത്തതുകൊണ്ട് കൂടിയാണ് അത്. പിന്നെ ഞാന്‍ ഓരോ ഇന്റര്‍വ്യൂയിലും സംസാരിക്കുന്ന മണ്ടത്തരങ്ങള്‍ നല്ല ഡിസ്‌കഷന്‍സ് ആവാറുണ്ട്.
മമ്മൂക്കയെ കുറിച്ച് പറഞ്ഞാല്‍ അദ്ദേഹം സെറ്റില്‍ നന്നായി സംസാരിക്കും. സംസാരങ്ങള്‍ എല്ലാം സിനിമയെ കുറിച്ചാണ്. മമ്മൂക്ക സിനിമയില്‍ വന്ന സമയത്തെ സ്ട്രിഗിള്‍സിനെ കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറയുന്ന കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ സ്ട്രഗിളൊക്കെ ചെറുതാണെന്ന് തോന്നും.
മമ്മൂക്കയെ കാണാന്‍ ഒരുപാട് പേര്‍ സെറ്റില്‍ വരും. അദ്ദേഹത്തിന്റെ ഫ്രണ്ട്‌സ് ഗ്യാങ്ങില്‍ നിന്നൊക്കെ. അദ്ദേഹം അവരുമായി ഇടപെടുന്നത് കാണാനൊക്കെ രസമാണ്. പിന്നെ ഒരുപാട് ഫോട്ടോസ് ഒക്കെ അദ്ദേഹത്തിനൊപ്പം എടുക്കും. കുറച്ച് എന്റര്‍ടെയ്‌നിങ്ങാണ് മമ്മൂക്ക, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
കിങ് ഓഫ് കൊത്തയുടെ പ്രെമോഷന്റെ ഭാഗമായി മറ്റ് ഭാഷകളില്‍ ചെന്നപ്പോള്‍ അവര്‍ നമ്മളെ പറ്റിയൊക്കെ കൂടുതല്‍ പഠിച്ചിട്ടാണ് വന്നിരിക്കുന്നത്. അനിഖയേയും ദുല്‍ഖറിനേയുമൊക്കെ അവര്‍ക്കറിയാം. ഓരോ ഭാഷയില്‍ ചെല്ലുമ്പോഴും ഡി.ക്യുവിനെ അവര്‍ക്കറിയാം. ഡി.ക്യു അവിടെയൊക്കെ സിനിമ ചെയ്തുകഴിഞ്ഞല്ലോ. അവിടെയൊക്കെ മലയാളം സിനിമയോടുള്ള ആദരവ് എല്ലാ ഭാഷകളിലും കണ്ടു. മലയാളം സിനിമകള്‍ കാണുന്നത് കൂടി. അതിന്റെ ബഹുമാനമൊക്കെ അവര്‍ക്ക് നമ്മളോടുണ്ട്, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aiswarya Lekshmi about Dulquer and mammootty