| Wednesday, 23rd August 2023, 3:46 pm

ഞാന്‍ ദുല്‍ഖറിനൊപ്പം നേരത്തേ അഭിനയിക്കേണ്ടതായിരുന്നു, പക്ഷേ ഓഡീഷന് എത്താനായില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖറിനൊപ്പം താന്‍ ആദ്യം അഭിനയിക്കേണ്ടിയിരുന്ന സിനിമ ഒരുപക്ഷേ കിങ് ഓഫ് കൊത്തയായിരുന്നില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഓഡീഷന് വരാന്‍ കഴിയാത്തതുകാരണം തനിക്ക് നഷ്ടപ്പെട്ട ഒരു സിനിമയുണ്ടെന്നും ഐശ്വര്യ പറഞ്ഞു. കിങ് ഓഫ് കൊത്തയുടെ ഭാഗമായി ക്ലബ്ബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

കൊത്തയിലേക്ക് ഐശ്വര്യയെ ആകര്‍ഷിച്ച ഘടകം ദുല്‍ഖര്‍ സല്‍മാനാണോ വേഫെറര്‍ ഫിലിംസാണോ അതോ ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റാണോ അതോ അഭിലാഷ് ജോഷിയെന്ന ഡയറക്ടര്‍ ആണോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ഈ പറഞ്ഞ ഫാക്ടറെല്ലാം ഈ സിനിമയിലേക്ക് തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ സിനിമയുടെ കഥയാണ് തന്നെ യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഭാഗമാക്കിയതെന്നുമായിരുന്നു ഐശ്വര്യയുടെ മറുപടി. ഇതിന് ശേഷമാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ലഭിക്കുമായിരുന്ന ഒരു അവസരത്തെ കുറിച്ച് താരം സംസാരിച്ചത്.

‘ഒരു ഓഡിയന്‍സ് എന്ന നിലയിലാണ് ഞാന്‍ എപ്പോഴും കഥ കേള്‍ക്കുക. ഒരുപാട് വൈകി സിനിമയില്‍ വന്ന ഒരാളാണ് ഞാന്‍. തിയേറ്ററിന്റെ ഉള്ളില്‍ 300 സീറ്റില്‍ ഒരാളായി ഇരുന്ന് സിനിമ കണ്ട വ്യക്തി.

അപ്പോള്‍ അങ്ങനെ കാണുന്ന ഒരാള്‍ വീണ്ടും ഈ തിയേറ്ററിലേക്ക് വരുമോ എന്നാലോചിച്ചാണ് ഞാന്‍ ഓരോ സിനിമയുടേയും കഥ കേള്‍ക്കുന്നത്. പിന്നെ ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്.

ഞാന്‍ ഇതുവരെ പറയാതെ പോയ ഒരു കാര്യമുണ്ട്. ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയുടെ ഓഡീഷന്‍ കോള്‍ വിളിച്ചിരുന്നു. അതും എനിക്ക് വന്നിട്ടുണ്ടായിരുന്നു. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയമാണ്. 2013 ല്‍. ഞാന്‍ മോഡലിങ് തുടങ്ങിയ സമയത്തായിരുന്നു.

ഒരു നോര്‍ത്ത് ഈസ്‌റ്റേണ്‍ ഫിഗറുള്ള പെണ്‍കുട്ടിയെയോ മറ്റോ ആയിരുന്നു അവര്‍ നോക്കിയത്. പക്ഷേ എനിക്കത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മുതല്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന്. അദ്ദേഹം നല്ലൊരു ആക്ടറാണ്. പിന്നെ മമ്മൂക്കയുടെ മകനാണ്. അതുകൊണ്ട് തന്നെ പരിചയപ്പെടണമെന്നും കൂടെ വര്‍ക്ക് ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. പിന്നെ കിങ് ഓഫ് കൊത്ത എന്നെ സംബന്ധിച്ച് നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. ഒരുപാട് പേരെ എനിക്ക് പരിചയപ്പെടാന്‍ സാധിച്ചത് കിങ് ഓഫ് കൊത്തയിലൂടെയാണ്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഓഗസ്റ്റ് 24 നാണ് കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയരിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് കൊത്ത. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍.

Content Highlight: Aiswarya lekshmi about a movie she missed with Dulquer Salmaan

Latest Stories

We use cookies to give you the best possible experience. Learn more