ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത തമിഴ് ചിത്രമാണ് ഗാര്‍ഗി. 2022ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ സായ് പല്ലവിയായിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്. കാളി വെങ്കട്ട്, ആര്‍.എസ്. ശിവജി, ശരവണന്‍, ലിവിംഗ്സ്റ്റണ്‍, ജയപ്രകാശ്, കവിതാലയ കൃഷ്ണന്‍ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്.
ഗാര്‍ഗിയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയായിരുന്നു. നിര്‍മല്‍ സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് 2022ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായ കുമാരിയിലും ഐശ്വര്യ പ്രൊഡക്ഷന്റെ ഭാഗമായിരുന്നു. സിനിമയില്‍ വന്നിട്ട് ഏഴുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഐശ്വര്യ താന്‍ ഗാര്‍ഗിയുടെ നിര്‍മാതാക്കളില്‍ ഒരാളായതിനെ കുറിച്ച് പറയുകയാണ്.
സിനിമയില്‍ വന്നിട്ട് ഏഴു വര്‍ഷം കടന്നുപോയത് അറിഞ്ഞില്ലെന്നും ഗാര്‍ഗിയുടെയും കുമാരിയുടെയും കഥകള്‍ സമൂഹത്തിലേക്ക് എത്തണമെന്ന തോന്നലാണ് തന്നെ സഹ നിര്‍മാതാവാക്കിയതെന്നുമാണ് നടി പറയുന്നത്.
ഗാര്‍ഗിയുടെ തുടക്കം മുതല്‍ താന്‍ ടീമിനൊപ്പമുണ്ടായിരുന്നെന്നും സിനിമയില്‍ ഒരു ട്യൂഷന്‍ ടീച്ചര്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറുന്ന രംഗം താന്‍ നേരിട്ട ദുരനുഭവങ്ങളില്‍ ഒന്നാണെന്നും ഐശ്വര്യ പറഞ്ഞു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഏഴു വര്‍ഷം കടന്നുപോയത് അറിഞ്ഞില്ല എന്നതാണ് സത്യം. അതിനിടയില്‍ ഗാര്‍ഗിയിലും കുമാരിയിലും പ്രൊഡക്ഷന്റെ ഭാഗമാകാന്‍ സാധിച്ചു. ആ കഥകള്‍ സമൂഹത്തിലേക്ക് എത്തണമെന്ന തോന്നലാണ് എന്നെ സഹ നിര്‍മാതാവാക്കിയത്. ഗാര്‍ഗിയുടെ തുടക്കം മുതല്‍ ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നു.
ആ സിനിമയില്‍ ഒരു ട്യൂഷന്‍ ടീച്ചര്‍ വിദ്യാര്‍ഥിയോട് മോശമായി പെരുമാറുന്ന രംഗമുണ്ട്. ഞാന്‍ നേരിട്ട ദുരനുഭവങ്ങളില്‍ ഒന്നാണത്. ഇപ്പോള്‍ വേറെ പ്രൊഡക്ഷന്‍ പരിപാടികളൊന്നും പ്ലാനിലില്ല. പക്ഷെ നല്ല കഥ വന്നാല്‍ ആ കുപ്പായം പൊടി തട്ടിയെടുക്കാം,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aiswarya Lakshmi Talks About Gargi Movie