|

മമ്മൂക്കക്ക് മാത്രമെന്താ ഇങ്ങനെയെന്ന് ഞാന്‍ ദുല്‍ഖറിനോട് ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്ക് മാത്രം എന്തുകൊണ്ടാണ് ഇത്രയും നല്ല സിനിമകള്‍ ലഭിക്കുന്നതെന്ന് താന്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നുവെന്ന് നടി ഐശ്വര്യ ലക്ഷ്മി. വിജയവും പരാജയവും ഒന്നും കാര്യമാക്കാതെ അദ്ദേഹം സിനിമയെ ആസ്വദിക്കുകയാണെന്നാണ് തനിക്ക് ദുല്‍ഖര്‍ നല്‍കിയ മറുപടിയെന്നും ഐശ്വര്യ പറഞ്ഞു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരുപാട് സിനിമകള്‍, ഒരുപാട് സബ്ജക്ട്‌സ് മമ്മൂക്കക്ക് വരുന്നുണ്ടല്ലോ. മമ്മൂക്കക്ക് മാത്രം എവിടെ നിന്നാണ് ഇത്രയും നല്ല സബ്ജക്ട്‌സും ഇത്രയും നല്ല സംവിധായകരെയുമൊക്കെ കിട്ടുന്നതെന്ന് ഞാന്‍ ഒരു ദിവസം ദുല്‍ഖറിനോട് ചോദിച്ചു. അതിന് ദുല്‍ഖര്‍ പറഞ്ഞ മറുപടിയായിരുന്നു രസം. അദ്ദേഹം ഇപ്പോള്‍ എല്ലാം ആസ്വദിക്കുകയാണ് എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

എല്ലാ സിനിമ ചെയ്യുമ്പോഴും അദ്ദേഹം ആസ്വദിക്കുകയാണ് ചെയ്യുന്നത്. സിനിമയുടെ വിജയം, പരാജയം, പ്രേക്ഷകരില്‍ നിന്നുമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ അതൊന്നും കാര്യമാക്കാതെ നല്ല സിനിമ ചെയ്യുക എന്നുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ നേടിയെടുക്കാനാണ് മമ്മൂക്ക ശ്രമിക്കുന്നത്. എനിക്ക് അങ്ങനെയാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

അങ്ങനെ ചെയ്യുക എന്നത് ചെറിയൊരു കാര്യമൊന്നുമല്ല. പ്രത്യേകിച്ച് ഇത്രയും വലിയ നിലയിലിരിക്കുന്ന മമ്മൂക്കയെ പോലെയൊരു അഭിനേതാവ് ഇങ്ങനെ ചിന്തിക്കുക എന്നത് ചെറിയ കാര്യമല്ല,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ഐശ്വര്യ പ്രസ് മീറ്റില്‍വെച്ച് പങ്കുവെച്ചിരുന്നു. ക്രിസ്റ്റഫര്‍ സിനിമയിലെ കഥാപാത്രം താന്‍ ചോദിച്ച് വാങ്ങിയതാണെന്നും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ നല്ല സമാധാനമായിരുന്നു ന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യകാല സിനിമാ അനുഭവങ്ങളൊക്കെ തന്നോട് പങ്കുവെക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരുപാട് സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതിന് കഴിയാതെ പോവുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഈ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതായിരുന്നു. നല്ലൊരു അനുഭവമാണ് ഈ സിനിമ എനിക്ക് തന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര സമാധാനമാണ്. ഞാന്‍ പെട്ടെന്ന് അപ്സെറ്റാകുന്ന ഒരാളാണ്. അങ്ങനെ എന്തെങ്കിലും കാര്യത്തില്‍ അപ്സെറ്റായി സെറ്റിലിരുന്നാല്‍ നമ്മളോട് മമ്മൂക്ക വന്ന് സംസാരിക്കാറുണ്ട്.

പിന്നെ പഴയ പലകാര്യങ്ങളും മമ്മൂക്ക നമ്മളോട് പറയും. അതായത് പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തെ കഥകളാണ് പറയുന്നത്. അന്നത്തെയൊക്കെ പല കഥകളും മമ്മൂക്ക പറഞ്ഞ് തന്നിട്ടുണ്ട്. മമ്മൂക്ക സിനിമയിലേക്ക് വന്ന കാലത്തെ കഥകള്‍ വരെ എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഒരു മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്റെ ലൊക്കേഷന്‍ എനിക്ക് അനുഭവപ്പെട്ടത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: aiswarya lakshmi talks about dulquer’s comment about mammootty