| Friday, 28th October 2022, 7:01 pm

എനിക്കുള്ള കയ്യടികളല്ല അത്, കണ്ണു നിറയാതിരിക്കാന്‍ പിടിച്ചിരിക്കുകയായിരുന്നു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്യര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് കുമാരി. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിക്ക് പുറമേ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ശിവജിത്ത്, തന്‍വി റാം, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ കരഞ്ഞു പോകാതിരിക്കാന്‍ താന്‍ പിടിച്ചിരിക്കുകയായിരുന്നെന്നും തനിക്ക് കിട്ടുന്ന കയ്യടിയല്ല കുമാരി മൊത്തം ടീമിന്റെയും അധ്വാനത്തിന് കിട്ടുന്ന അംഗീകാരകമായാണ് അതിനെ കാണുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

തിയേറ്ററില്‍ ഐശ്വര്യക്ക് കയ്യടി കിട്ടുന്നത് കണ്ടപ്പോള്‍ എന്താണ് ഉള്ളില്‍ തോന്നിയതെന്നും ആദ്യമായാണ് ഒരു നടിക്ക് വലിയ കയ്യടി കിട്ടുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

”സിനിമ ഇതുവരെ ഫുള്‍ കാണിച്ചിട്ടില്ലായിരുന്നു. ഇന്നാണ് ഞാന്‍ സിനിമ കാണുന്നത്. എന്തുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത് എന്നതിന്റെ റീസണും ഇപ്പോഴാണ് മനസിലാക്കുന്നത്. എന്റെ സിനിമയെക്കുറിച്ച് ഞാന്‍ ഇനി പറയുന്നത് ശരിയല്ല.

തിയേറ്ററിലേക്ക് വരാന്‍ വേണ്ടിയായിരുന്നു ഇതുവരെ പറഞ്ഞത്. കാണുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു. കാരണം ഞാന്‍ മാക്‌സിമം പിടിച്ചുവെച്ചതാണ്. എനിക്കുള്ള കയ്യടിയാണ് ആളുകള്‍ തിയേറ്ററില്‍ തരുന്നതെന്ന് ഞാന്‍ കരുതുന്നില്ല.

വിലമതിക്കുന്ന സമയം ചെലവഴിച്ച് തിയേറ്ററില്‍ എത്തിയവരെ സന്തോഷിപ്പിക്കാന്‍ ഞങ്ങളെ ടീം എടുത്ത എഫേര്‍ട്ടിനുള്ള അംഗീകാരമായിട്ടാണ് അതിനെ കാണുന്നത,്” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറില്‍ ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് തുടങ്ങിയവര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിന്‍പല, ജിന്‍സ് വര്‍ഗീസ് എന്നിവരാണ് കുമാരിയുടെ സഹനിര്‍മാണം. കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരിച്ച കുമാരിയിലെ കാഴ്ചകള്‍ പകര്‍ത്തിയിരിക്കുന്നത് അബ്രഹാം ജോസഫാണ്.

content highlight: aiswarya lakshmi about kumari movie

We use cookies to give you the best possible experience. Learn more