കിങ് ഓഫ് കൊത്തയുടെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റര്‍ ഐശ്വര്യയാണെന്ന് വേണമെങ്കില്‍ പറയാം; ട്രോളി ദുല്‍ഖര്‍
Movie Day
കിങ് ഓഫ് കൊത്തയുടെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റര്‍ ഐശ്വര്യയാണെന്ന് വേണമെങ്കില്‍ പറയാം; ട്രോളി ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th August 2023, 12:51 pm

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ഗ്യാങ്‌സ്റ്റര്‍ ചിത്രം കിങ് ഓഫ് കൊത്ത പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഫുള്‍ ഓണ്‍ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ മൂവിയായാണ് കിങ് ഓഫ് കൊത്തയെ അണിയറ പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് ചെയ്തത്. കിങ് ഓഫ് കൊത്തയിലെ ആക്ഷന്‍ രംഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന് തമാശരൂപേണയുള്ള ദുല്‍ഖറിന്റെ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. നടി ഐശ്വര്യ ലക്ഷ്മിയെ ട്രോളിക്കൊണ്ടായിരുന്നു ദുല്‍ഖറിന്റെ മറുപടി.

കിങ് ഓഫ് കൊത്തയുടെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റര്‍ ഐശ്വര്യയാണെന്നും പല ഘട്ടത്തിലും സ്റ്റണ്ട് രംഗങ്ങളില്‍ ഐശ്വര്യയോട് സംശയം ചോദിച്ചിട്ടുണ്ടെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖറിന്റെ ഈ കമന്റിനെ പരമാവധി തടയാന്‍ ഐശ്വര്യ ശ്രമിക്കുന്നുണ്ടെങ്കിലും ലൊക്കേഷനിലെ ചില രസകരമായ സംഭവങ്ങള്‍ പറഞ്ഞ് സംസാരം തുടരുകയായിരുന്നു ദുല്‍ഖര്‍.

‘ഈ പടത്തിന്റെ അസിസ്റ്റന്റ് സ്റ്റണ്ട് മാസ്റ്റര്‍ ഐശ്വര്യ ലക്ഷ്മിയാണ്. സത്യമാണ് ഞാന്‍ പറയുന്നത്. മിക്ക ഫൈറ്റ് സീക്വന്‍സ് എടുക്കുമ്പോഴും ഐശ്വര്യ അവിടെയൊക്കെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് മോണിറ്ററിന്റെ പിറകില്‍.

ഞങ്ങളുടെ ഫോമും വീഴ്ചകളും ചില മിസ്സുകളുമൊക്കെയുണ്ടെങ്കില്‍ ഐശ്വര്യ അത് കണ്ടുപിടിക്കും. എന്നിട്ട് എന്നോട് പറയും, ഡി.ക്യു അതൊന്ന് കണ്ടുനോക്ക്, വേണമെങ്കില്‍ ഒരു റീ ടേക്ക് പോകുന്നത് നല്ലതായിരിക്കുമെന്ന്.

പിന്നെ നിങ്ങള്‍ വീഴുമ്പോള്‍ ഇങ്ങനെയല്ല, അങ്ങനെ വീണാല്‍ കുറച്ചുകൂടി നല്ലതായിരിക്കും നമുക്ക് ബ്രേക്ക് ചെയ്യാന്‍ പറ്റും. അപ്പോള്‍ ഇഞ്ച്വറി വരില്ല അങ്ങനെ ഞങ്ങളെ മൊത്തം പഠിപ്പിച്ചു തന്നത് ഐശ്വര്യയാണ്. എക്‌സ്പീരിയന്‍സിലൂടെ (ചിരി).

ഐശ്വര്യ ഗട്ടാ കുസ്തിയൊക്കെ ചെയ്തതല്ലേ. ഞങ്ങളൊക്കെ അഡ്‌വൈസിന് പോകുന്നത് ഐശ്വര്യയുടെ അടുത്താണ്,’എന്നായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍. ഇതൊന്നും വിശ്വസിക്കരുതെന്നും ഒരു ഇടപെടലും താന്‍ നടത്തിയിട്ടില്ലെന്നുമായിരുന്നു ഇതോടെ ഐശ്വര്യയുടെ മറുപടി.

സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷി ആണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍.

Content Highlight: Aiswarya is the assistant stunt master of King of Kotha; Dulquer trolled