ആഡ് സ്ലോട്ട്/ഹൈറുന്നിസ
വിവാഹം അടുക്കളയിലേക്കും ശരീരത്തിന്റെ കാണാപ്പുറങ്ങളിലേക്കുമുള്ള വാതിലാണെന്നാണ് ഇപ്പോഴും ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാട്. അത് സമ്മതിച്ച് തരാന്‍ തയ്യാറല്ലാത്തവരും അതിനെ തിരിച്ചറിയാത്തവരുമാണ് ഇതിലധികം പേരും. ഈ പ്രസ്താവന സാധൂകരിക്കാന്‍ ഈയിടക്കിറങ്ങിയ പ്രെസ്റ്റിജ് പ്രഷര്‍കുക്കറിന്റെ പരസ്യത്തിലേക്കാണ് മാലോകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ബോളിവുഡിന്റെ സ്വപ്‌നസുന്ദരി ഐശ്വര്യ റായ് ബച്ചനും ഭര്‍ത്താവ് അഭിഷേക് ബച്ചനുമാണ് കുക്കറിനൊപ്പം വേഷമിട്ടിരിക്കുന്നത്. കുക്കറിനൊപ്പം എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട്.
വളരെ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് കുക്കര്‍. അരിയിട്ട് അല്പം കഴിഞ്ഞാല്‍ കുക്കര്‍ വിസിലടിക്കും. തീ അണച്ചാല്‍ വിസിലടി നില്‍ക്കും. എല്ലാം കൃത്യമായി ചെയ്താല്‍ പാകത്തിന് വെന്ത ചോറ് കിട്ടും.
ഇതില്‍ നിന്ന് എത്ര വ്യത്യസ്തമാണ് താരങ്ങളുടെ കാര്യമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാം. വിവാഹത്തോടെ കത്തി നിന്ന സിനിമാ ജീവിതം ഉപേക്ഷിച്ചയാളാണ് നമ്മുടെ ആഷ്. വിവാഹത്തോടെ സിനിമ നിര്‍ത്തുന്ന എല്ലാ നടിമാരും നിരത്തുന്ന അതേ ന്യായം ആഷും കടമെടുത്തടിച്ചിരുന്നു. “തനിക്ക് തുടരാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് അഭിനയം നിര്‍ത്തുന്നത്. തനിക്ക് ഇഷ്ടമുണ്ടെങ്കില്‍ ഭര്‍ത്താവിന് യാതൊരു പ്രശ്‌നവുമില്ല.” തീര്‍ന്നു. വ്യക്തി സ്വാതന്ത്ര്യമാണല്ലോ മുഖ്യം.
നമ്മുടെ മലയാളത്തിലാണെങ്കില്‍ സ്ഥിതി ഇതിലും കേമമാണല്ലോ. സിനിമയില്‍ അഭിനയിച്ച് തകര്‍ത്ത് നടന്ന കാലത്താണല്ലോ മഞ്ജു വാര്യര്‍ വിവാഹിതയാവുന്നത്. പിന്നെ പ്രസ്റ്റീജ് പരസ്യത്തിന്റെ കാര്യം പറഞ്ഞത് പോലെ അടുക്കളയിലായിപ്പോയി മഞ്ജുവും. ചിപ്പി, കാര്‍ത്തിക, ആനി, ലിസി, പാര്‍വ്വതി, സംയുക്ത, മോഹിനി…. അങ്ങനെ നീളും ആ ലിസ്റ്റ്.
അബോധപൂര്‍വ്വം നമ്മളും അവരെ ശരീരങ്ങള്‍ മാത്രമായി കാണും. ഭാര്യയുടെ ശരീരം, അമ്മയുടെ ശരീരം അങ്ങനെ. ഒരു നടിയുടെ ശരീരമായി വിവാഹിതകളെ കാണാന്‍ നിലവിലുള്ള സദാചാരക്കണ്ണടകള്‍ക്കാവില്ല. അതാണല്ലോ ശ്വേതാ മേനോന്റെ ശരീരത്തിന് വേണ്ടി കാര്യമായ വാദങ്ങളൊന്നും “കുടുംബ പ്രേക്ഷകര്‍” മുന്നോട്ട് വെക്കാഞ്ഞതും.
വിവാഹവും കഴിഞ്ഞ് ഒരു പോക്കങ്ങ് പോയ സംയുക്താ വര്‍മ്മയും ചിപ്പിയും പിന്നെ പ്രത്യക്ഷപ്പെട്ടത് ധാത്രിയുടെ പരസ്യത്തിലാണ്. നീണ്ട ഇടതൂര്‍ന്ന മുടി നല്‍കുന്ന “പ്രെസ്റ്റിജ്”. പാടുകളില്ലാതെ വെളുത്ത് സുന്ദരമായ മുഖം നല്‍കുന്ന “പ്രെസ്റ്റിജ്”.
വിവാഹത്തിന്റെ ഇടവേളക്ക് ശേഷം തിരിച്ച് വന്നവരെയാണ് മലയാളം പിന്നീട് ശക്തയായ നടിമാരായി കണക്കാക്കിയിട്ടുള്ളത്. ഉര്‍വ്വശി, രോഹിണി, രേവതി തുടങ്ങിയ നടിമാരൊക്കെയാണ് ഉദാഹരണം. വിവാഹത്തോടെ അഭിനയം നിര്‍ത്തിയ താരറാണിമാര്‍ക്ക് തൂങ്ങിക്കിടക്കാന്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരാദവള്ളികളുള്ളപ്പോള്‍ അവരെ കുറിച്ച് വാചാലരാവുന്ന നമ്മള്‍ ശശിയായതു തന്നെ.
ഈ വ്യക്തി സ്വാതന്ത്ര്യമാണ് ആദ്യം പറഞ്ഞ, വിവാഹം തുറക്കുന്ന വാതിലുകളിലൊന്ന്. ഇനി പരസ്യത്തിന്റെ കനപ്പെട്ട മൂടുപടം അഴിക്കാം. രാത്രി മുഴുവന്‍ ഷൂട്ടിങിലായിരുന്ന അഭിഷേക് രാവിലെ വീട്ടിലെത്തുന്നു. നേരെ അടുക്കളയിലേക്ക്. രാത്രി വരാന്‍ പറ്റാതിരുന്നതിന്റെ ന്യായീകരണങ്ങള്‍.
പരിഭവത്തോടെ പിറുപിറുക്കുന്ന ഐശ്വര്യ. കുക്കറിനെ പോലെയാണ് ഭാര്യയുടെ പെരുമാറ്റമെന്ന അഭിഷേകിന്റെ കുറ്റപ്പെടുത്തല്‍. തന്നെ എന്തും പറഞ്ഞോളൂ കുക്കറിനെ പറയേണ്ടെന്ന് ആഷ്.
അടുത്തപേജില്‍ തുടരുന്നു
കുലീനകളായ കുടുംബിനിയെ പോലെ നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമണിഞ്ഞേ പിന്നീട് താരസുന്ദരിയെ നമ്മള്‍ കണ്ടിട്ടുള്ളൂ. വസ്ത്ര ധാരണത്തില്‍ പോലും പ്രകടമായ മാറ്റമാണ് ഐശ്വര്യയിലുണ്ടായത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടേണ്ട മുഷിപ്പന്‍ ചിഹ്നങ്ങളെ നെഞ്ചില്‍ ചേര്‍ത്ത് വെക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ പരസ്യം ചെയ്യുന്നത്.
ആര്‍ക്കും എതിരഭിപ്രായമില്ലാത്ത ഒരു സിനിമാ ജീവിതവും വ്യക്തി ജീവിതവും ഐശ്വര്യക്കുണ്ട്. “കളങ്കരഹിതമായ” ആ ഐഡന്റിറ്റിയാണ് പരസ്യം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
വിവാഹത്തിന് ശേഷം പേരിന് പിറകില്‍ ആദ്യം മുതല്‍ക്കേയുള്ള “റായ്” എന്ന വാലിനൊപ്പം “ബച്ചന്‍” എന്ന ഭര്‍ത്താവിന്റെ സര്‍ നെയിം കൂടി വലിച്ച് ചേര്‍ത്തിയിട്ട ആളാണ് ഐശ്വര്യ.
കുലീനകളായ കുടുംബിനിയെ പോലെ നെറ്റിയില്‍ സിന്ദൂരവും കഴുത്തില്‍ താലിയുമണിഞ്ഞേ പിന്നീട് താരസുന്ദരിയെ നമ്മള്‍ കണ്ടിട്ടുള്ളൂ. വസ്ത്ര ധാരണത്തില്‍ പോലും പ്രകടമായ മാറ്റമാണ് ഐശ്വര്യയിലുണ്ടായത്.
ഇതെല്ലാം ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പറഞ്ഞൊഴിവാകണമെങ്കില്‍ ആവാം. എന്നാല്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടേണ്ട മുഷിപ്പന്‍ ചിഹ്നങ്ങളെ നെഞ്ചില്‍ ചേര്‍ത്ത് വെക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ഈ പരസ്യം ചെയ്യുന്നത്.
ഭാര്യ എത്ര വലിയ പുള്ളിയാണെങ്കിലും വിവാഹ ശേഷം അവള്‍ അടുക്കളയുടേയും ഭര്‍ത്താവിന്റേയും സ്വന്തമായി മാറുമെന്നും യാതൊരു സംശയവും കൂടാതെ പരസ്യം പറയുന്നു.
സ്ത്രീയെ കുറിച്ച് പൊതു സമൂഹം വച്ച് പുലര്‍ത്തുന്ന എല്ലാവിധ അടഞ്ഞ കാഴ്ചപ്പാടുകളേയും അത് സാധൂകരിക്കുന്നു. നടിമാരുടെ വിവാഹങ്ങളും അഭിനയം നിര്‍ത്തലുമെല്ലാം ഒരു തമാശ മട്ടില്‍ സംസാരിച്ച് തീരുന്നതിനുമപ്പുറം ആരും അതിന്റെ വേര് തേടി പോവാന്‍ ധൈര്യപ്പെടാറില്ല എന്നതാണ് നേര്.
തന്റെ കഴിവുകളും പൊതു ജീവിതവുമെല്ലാം വിവാഹം വരെ മാത്രമേ ഉണ്ടാവൂ, അല്ലെങ്കില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന് നമ്മുടെ പെണ്‍ സമൂഹത്ത കൊണ്ട് ചിന്തിപ്പിക്കുകയും ബോധപൂര്‍വ്വം അവരെ അത്തരം ചിന്തകളുടെ വിഷ ദ്രാവകം കുടിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയുടെ മൂട് താങ്ങാനാണ് ഏവരും താത്പര്യപ്പെടുന്നതെന്ന് ഈ പരസ്യവും ബോധ്യപ്പെടുത്തുന്നു.
ഇത്തരം ധാരണകളെ യുക്തിപൂര്‍വ്വം നമ്മളിലേക്കെത്തിക്കുന്നതിനാണ് ഐശ്വര്യയേയും അഭിഷേകിനേയും പോലെയുള്ള “വിശ്വസ്ത” താരങ്ങളെ പരസ്യത്തില്‍ അഭിനയിപ്പിക്കുന്നതും.
കണ്ട് തള്ളിക്കളയുകയോ ചിരിച്ച് കൊള്ളുകയോ ചെയ്യുന്ന ഒരു ചെറു പരസ്യം പോലും യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
പരസ്യം പറയുന്ന രാഷ്ട്രീയം തൊട്ടു കളങ്കപ്പെടുത്താതെ ക്ലീന്‍ ചിറ്റ് നല്‍കി അവയെ വാരിയെടുത്ത് ആര്‍ത്തിയോടെ പുണരും മുമ്പ് ഇങ്ങനെ ചില നേരുകള്‍ നമ്മുടെ ഉള്ളിലുമുദിക്കട്ടെ.