| Wednesday, 13th March 2024, 1:50 pm

ലാല്‍ സലാം പരാജയപ്പെടാന്‍ കാരണം ഹാര്‍ഡ് ഡിസ്‌ക് കളഞ്ഞുപോയതുകൊണ്ടാണെന്ന് ഐശ്വര്യ രജിനികാന്ത്: വെറൈറ്റി ന്യായീകരണമെന്ന് ട്രോളന്മാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്ത് അതിഥിവേഷത്തിലെത്തിയ ചിത്രമാണ് ലാല്‍ സലാം. ഹിന്ദു-മുസ്‌ലിം കലാപവും ക്രിക്കറ്റും പ്രധാന വിഷയമാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജിനികാന്ത് അഭിനയിച്ച ചിത്രം 50 കോടി പോലും നേടാതെ സര്‍വകാല പരാജയത്തിലേക്കായിരുന്നു പോയത്. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരെത്തിയ ചിത്രത്തില്‍ സ്‌പെഷ്യല്‍ അപ്യറന്‍സായിട്ടാരുന്നു സൂപ്പര്‍സ്റ്റാര്‍ എത്തിയത്.

എന്നാല്‍ ചിത്രത്തിന്റെ പരാജയകാരണം തങ്ങള്‍ ഷൂട്ട് ചെയ്ത ഫൂട്ടേജുള്ള ഹാര്‍ഡ് ഡിസ്‌ക് നഷ്ടമായതുകൊണ്ടാണെന്ന് പറയുകയാണ് സംവിധായിക ഐശ്വര്യ രജിനികാന്ത്. സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ ഐശ്വര്യക്കെതിരെ തമിഴ് ട്രോള്‍ പേജുകളില്‍ ട്രോളുകള്‍ നിറയുകയാണ്. ഇതിന് മുമ്പ് മറ്റ് സംവിധായകര്‍ അവരുടെ സിനിമയുടെ പരാജയകാരണം പറഞ്ഞതിനെക്കാള്‍ വലിയ ന്യായീകരണമാണ് ഇതെന്ന് പറഞ്ഞാണ് ട്രോളുകള്‍.

‘ഇങ്ങനെയെല്ലാം നടക്കുമോ എന്ന് ചിന്തിക്കുന്ന തരത്തില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. ദിവസവും മിനിമം 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ച് ഷൂട്ട് ചെയ്യാറുണ്ടായിരുന്നു. 10 ക്യാമറകള്‍ ഒരേ സമയം ഉപയോഗിച്ച് യഥാര്‍ത്ഥ ക്രിക്കറ്റ് മാച്ച് പോലെ ഷൂട്ട് ചെയ്തതായിരുന്നു അത്. ഷൂട്ട് എല്ലാം കഴിഞ്ഞ് എഡിറ്റിങ് ടേബിളില്‍ എത്തിയപ്പോളാണ് 21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയെന്ന് മനസിലായത്. ഇനി അത് റീഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അപ്പാ അടുത്ത സിനിമക്ക് വേണ്ടിപ്പോയി. ഈ സിനിമക്ക് വേണ്ടി വിഷ്ണു താടി വളര്‍ത്തിയിരുന്നു. അടുത്ത സിനിമക്ക് വേണ്ടി അത് കളഞ്ഞു. ബജറ്റും ഏറെക്കുറേ തീരാറായ അവസ്ഥയായി.

റീഷൂട്ട് എന്നത് അസാധ്യമായ കാര്യമായിരുന്നു. മുന്നിലുണ്ടായിരുന്ന ഒരേയൊരു വഴി, ഉള്ള ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഉപയോഗിക്കുക എന്ന് മാത്രമായിരുന്നു. എങ്കിലും രണ്ട് മൂന്ന് സീനുകള്‍ പാച്ച് ചെയ്യാന്‍ വേണ്ടി അപ്പയും വിഷ്ണുവുമെല്ലാം സഹകരിച്ചു.അങ്ങനെ റീഷൂട്ട് ചെയ്ത വിഷ്വലുകളാണ് ഇപ്പോള്‍ സിനിമയില്‍ കാണുന്നത്. സിനിമ പരാജയപ്പെടാന്‍ കാരണം അതാണെന്നാണ് ഞാന്‍ കരുതുന്നത്,’ ഐശ്വര്യ പറഞ്ഞു.

സിനിമ പരാജയപ്പട്ടതിന് പലരും പല കാരണം പറഞ്ഞിട്ടുണ്ടെങ്കിലും ഇത്ര വെറൈറ്റിയായിട്ടുള്ള കാരണം ഇതിന് മുമ്പ് കേട്ടിട്ടില്ലെന്നും പറഞ്ഞുകൊണ്ട് തമിഴ് ട്രോള്‍ പേജുകള്‍ രംഗത്തെത്തി. വലിമൈ എന്ന സിനിമയുടെ പരാജയകാരണം പ്രേക്ഷകരുടെ തലയിലിട്ട എച്ച്. വിനോദിനെയും, ലിയോ സിനിമയുടെ സെക്കന്‍ഡ് ഹാഫിന് മോശം പ്രതികരണം ലഭിച്ചപ്പോള്‍ ഫ്‌ളാഷ്ബാക്ക് ഫേക്ക് ആണെന്ന് പറഞ്ഞ ലോകേഷിനെയും ചേര്‍ത്താണ് ട്രോളുകള്‍. ‘ഹോംവര്‍ക്ക് ചെയ്തു, പക്ഷേ ബുക്ക് വീട്ടില്‍ വെച്ച് മറന്നുവെന്ന് പറഞ്ഞതുപോലെയുണ്ടെന്നുമുള്ള ട്രോളുകളും വരുന്നുണ്ട്

Content Highlight: Aishwarya Rajnikanth about the failure of Lal Salaam

We use cookies to give you the best possible experience. Learn more