തമിഴ് സിനിമയിൽ ആളുകൾ ഉറ്റുനോക്കുന്ന ഒന്നാണ് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇക്കാര്യത്തിൽ ഒരുപാട് അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴും രജിനികാന്ത് സംഘിയാണെന്ന് തരത്തിൽ ഒരുപാട് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ തനിക്ക് ഒരുപാട് വേദനയുണ്ടാക്കുന്നുണ്ട് എന്നാണ് രജിനിയുടെ മകൾ ഐശ്വര്യ രജിനികാന്ത് പറയുന്നത്.
ഐശ്വര്യയുടെ സംവിധാനത്തിൽ രജിനിയെത്തുന്ന പുതിയ ചിത്രം ‘ലാൽസലാം’മിന്റെ ഓഡിയോ ലോജിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. രജനികാന്ത് ഒരു മനുഷ്യസ്നേഹി ആയതുകൊണ്ട് മാത്രമാണ് ലാൽസലാം പോലെയുള്ള സിനിമയിൽ അഭിനയിച്ചതെന്നും ഒരു സംഘി ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ല എന്നും അവർ പറഞ്ഞു.
‘സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ കൂടെയുള്ളവർ സോഷ്യൽ മീഡിയയിൽ എന്താണ് നടക്കുന്നത് എന്ന് എന്നെ കാണിക്കാറുണ്ട്. ഈയിടെയായി ആളുകൾ സംഘി എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ ഞാൻ പറയട്ടെ,
സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘി ആണെങ്കിൽ ലാൽസലാം പോലെയൊരു സിനിമ ചെയ്യില്ല. മനുഷ്യത്വമുള്ള ഒരു മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളൂ,’ ഐശ്വര്യ പറയുന്നു.
എന്റർടൈൻമെന്റ് അനലിസ്റ്റായ സിദ്ധാർത്ഥ ശ്രീനിവാസാണ് ഇക്കാര്യം എക്സിലുടെ പങ്കുവെച്ചത്.
വിഷ്ണു വിശാലം വിക്രാന്തും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രജിനികാന്ത് മൊയ്തീൻ ഭായ് എന്ന അതിഥി വേഷത്തിലാണ് എത്തുക.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപീൽ ദേവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. എ. ആർ. റഹ്മാൻ സംഗീതം ചെയ്യുന്ന ചിത്രം അടുത്ത മാസം ഒമ്പതിന് തിയേറ്റുകളിൽ എത്തും.
Content Highlight: Aishwarya Rajinikanth Talk About Rajinikanath