സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചത് വീട്ടുജോലിക്കാരി. തന്റെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയതായി ചെന്നൈയിലെ തേനാംപേട്ട് പൊലീസ് സ്റ്റേഷനില്‍ ഐശ്വര്യ പോലീസില്‍ പരാതി നല്‍കിയത് തിങ്കളാഴ്ചയായിരുന്നു.
വീട്ടിലെ മൂന്ന് ജോലിക്കാരെ സംശയിക്കുന്നതായി ഇവര്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിരുന്നു. ഈ മൂന്ന് പേരെ പ്രധാന പ്രതികളാക്കിയായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്.
വീട്ടില്‍ ജോലി ചെയ്ത 40 വയസുള്ള ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഇവരാണ് മോഷ്ടിച്ചതെന്ന് പൊലീസിന് ഉറപ്പായത്. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു.
പതിവായി ഐശ്വര്യയുടെ വീട്ടില്‍ നിന്നും ഇവര്‍ മോഷ്ടിക്കാറുണ്ട്. 2019 മുതല്‍ ഐശ്വര്യ രജനികാന്തിന്റെ ആഭരണങ്ങള്‍ സ്ഥിരമായി മോഷ്ടിച്ചതായും പണമായി മാറ്റിയതായും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
2019ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തോടനുബന്ധിച്ചാണ് ഐശ്വര്യ രജനികാന്ത് അവസാനമായി ആഭരണങ്ങള്‍ അണിഞ്ഞതെന്നും അതിനുശേഷം ആഭരണങ്ങളുള്ള ലോക്കര്‍ തുറന്നില്ലെന്നും റിപ്പോട്ടുകളില്‍ പറയുന്നു.
മൂന്ന് തവണ ആഭരണങ്ങളുള്ള ലോക്കര്‍ മാറ്റിയിട്ടുണ്ടെന്നും ലോക്കറുള്ള സ്ഥലം വീട്ടു ജോലിക്കാര്‍ക്ക് അറിയാമെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വീട്ടുജോലിക്കാരിലേക്ക് കൂടുതല്‍ അന്വേഷണം പൊലീസ് നടത്തിയത്.
അതേസമയം, ഐശ്വര്യ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിലാണ് അച്ഛനായ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നത്. വിഷ്ണു വിഷാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
CONTENT HIGHLIGHT: Aishwarya Rajinikanth’s gold and diamond jewelry theft case – housemaid arrested