ചെന്നൈ : വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്ന് ആരോപിച്ച് മുതിര്‍ന്ന തമിഴ് നടന്‍ രജനികാന്തിന്റെ മൂത്ത മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്ത് പോലീസില്‍ പരാതി നല്‍കി.
മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി.
ഡയമണ്ട് സെറ്റുകള്‍, വജ്രങ്ങള്‍, നവരത്‌ന സെറ്റുകള്‍, തുടങ്ങി അറുപതോളം പവന്റെ ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ ഐശ്വര്യ പറയുന്നത്.
എഫ്.ഐ.ആറില്‍ പറയുന്ന ആഭരണങ്ങളുടെ മൂല്യം 3.6 ലക്ഷം രൂപയാണെങ്കിലും കണക്കാക്കിയ മൂല്യം ഇതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്കര്‍ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാര്‍ക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10 ന് ലോക്കര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്. 18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു.
അതേസമയം, ഐശ്വര്യ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിലാണ് അച്ഛനായ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നത്. വിഷ്ണു വിഷാലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
CONTENT HIGHLIGHT: Aishwarya Rajinikanth filed a theft complaint against the employees