മലയാള സിനിമയെ മറ്റുള്ള ഇന്‍ഡസ്ട്രികളിലെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ആ കാര്യങ്ങളാണ്: ഐശ്വര്യ രാജേഷ്
Entertainment
മലയാള സിനിമയെ മറ്റുള്ള ഇന്‍ഡസ്ട്രികളിലെ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ആ കാര്യങ്ങളാണ്: ഐശ്വര്യ രാജേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th November 2024, 11:05 am

ചുരുങ്ങിയക്കാലം കൊണ്ട് മികച്ച നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. വിവിധ ഭാഷകളിലായി വലിയ സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ, സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘ജോമോന്റെ സുവിശേഷങ്ങള്‍’ലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രത്തിലും നായികയായെത്തിയത് ഐശ്വര്യയാണ്.

ചെറിയ ഇടവേളയ്ക്ക് ശേഷം ‘പുലിമട’ യെന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജിന്റെ നായികയായി ഈയിടെ മലയാളത്തില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ അജയന്റെ രണ്ടാം മോഷണത്തിലും ഒരു ചെറിയ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിച്ചിരുന്നു.

മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ രാജേഷ്. മലയാളം ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തനിക്ക് വളരെ നല്ല അനുഭവമാണ് ഇവിടെ നിന്ന് ലഭിച്ചതെന്നും മലയാള സിനിമയിലെ കണ്ടന്റ് വളരെ മികച്ചതാണെന്നും ഐശ്വര്യ പറയുന്നു. മലയാള സിനിമകളില്‍ സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയും സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യുന്ന സിനിമകളും മതിപ്പുളവാക്കുന്നതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

റിയലിസ്റ്റിക്കായിട്ടുള്ള സിനിമകളാണ് മലയാളത്തില്‍ നിന്നും നിര്‍മിക്കപെടുന്നതെന്നും റിയാലിറ്റിയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് അവയില്‍ ഭൂരിഭാഗമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ രാജേഷ്.

‘മലയാളം ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് വളരെ മികച്ച അനുഭവമാണ് ലഭിച്ചത്. ഇവിടുത്തെ കോണ്‍ടെന്റ് വളരെ മികച്ചതാണ്. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും അവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയും എല്ലാം വളരെ ഇമ്പ്രസിങ്ങാണ്.

റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളാണ് അവര്‍ കൂടുതലായും ചെയ്യുന്നത്. അതുപോലതന്നെ റിയാലിറ്റിയുമായി ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളും മലയാളത്തില്‍ നിന്ന് കാണാന്‍ കഴിയും. അതിന് മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. മലയാളം സിനിമകള്‍ കാണാനും ഇഷ്ടപെടുന്ന ആളാണ് ഞാന്‍,’ ഐശ്വര്യ രാജേഷ് പറയുന്നു.

അതേസമയം ഹേര്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഉടനെ ഇറങ്ങാനുള്ള ഐശ്വര്യ രാജേഷ് ചിത്രം. പാര്‍വതി തിരുവോത്ത്, ഉര്‍വശി, ലിജോ മോള്‍ ജോസ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആന്തോളജി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജിന്‍ ജോസാണ്.

Content Highlight: Aishwarya Rajesh Talks About Malayalam Film Industry