ചുരുങ്ങിയക്കാലം കൊണ്ട് മികച്ച നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. വിവിധ ഭാഷകളിലായി വലിയ സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ, സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
ചെറിയ ഇടവേളയ്ക്ക് ശേഷം ‘പുലിമട’ യെന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജിന്റെ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുമ്പോള്‍ മലയാള സിനിമ എന്നും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് പറയുകാണ് ഐശ്വര്യ. പുലിമടയുടെ സംവിധായകന്‍ എ.കെ സാജനോടൊപ്പം മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘സത്യം പറഞ്ഞാല്‍ മലയാള സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നാറുണ്ട്. അത്ഭുതത്തേക്കാള്‍ ഉപരി വലിയ ആശ്ചര്യമാണ് തോന്നാറുള്ളത്. ഞാന്‍ ആലോചിക്കാറുണ്ട്, എങ്ങനെയാണ് ഇത്രയും കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സിനിമകള്‍ ഉണ്ടാക്കാന്‍ മലയാളത്തിന് കഴിയുന്നതെന്ന്.
ഒരു ചെറിയ വരിയില്‍ നിന്നാണ് അത്രയും രസമുള്ള തിരക്കഥ ഉണ്ടാക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ പുറത്തിറങ്ങാറുണ്ട്. ഇപ്പോള്‍ മാത്രമല്ല എന്നും മികച്ച സിനിമകള്‍ തന്നെയാണ് ഇവിടെ നിന്ന് ഇറങ്ങിയിട്ടുള്ളത്.
ഓരോ സിനിമകള്‍ കാണുമ്പോഴും ഞാന്‍ കരുതും, ഇതെങ്ങനെയാണ് ഒരു ചെറിയ ഐഡിയയില്‍ നിന്ന് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നതെന്ന്. വണ്‍ ലൈന്‍ കേള്‍ക്കുമ്പോള്‍ വളരെ ചെറുതായിരിക്കും പക്ഷെ തിരക്കഥ കേള്‍ക്കുമ്പോള്‍ മനസിലാവും സിനിമ എത്രത്തോളം മികച്ചതാണെന്ന്. മേക്കിങ്ങില്‍ ആണെങ്കിലും കഥ പറയുന്നതിലാണെങ്കിലും എനിക്ക് അത്ഭുതം തോന്നാറുണ്ട്.
മലയാളത്തിലെ സംവിധായകരുടെ കഥ കേള്‍ക്കാന്‍ ഞാന്‍ എപ്പോഴും ഒരു പ്രത്യേക പരിഗണന നല്‍കാറുണ്ട്. ഒരുപാട് സംവിധായകര്‍ എന്റെയടുത്തു കഥ പറയാന്‍ വരും. എല്ലാം ഒരുപാട് വ്യത്യസ്തമായ കഥകളായിരിക്കും. ഇപ്പോള്‍ മലയാളികള്‍ തമിഴിലും സിനിമ ചെയ്യുന്നുണ്ടല്ലോ. അത് നല്ല കാര്യമാണ്.
മലയാള ഭാഷ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷെ എനിക്കിതു വരെ ശെരിക്കും പഠിക്കാന്‍ പറ്റിയിട്ടില്ല. കേള്‍ക്കുമ്പോ നല്ല സൂപ്പറാണ്. ഞാന്‍ മലയാളം പഠിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സാജന്‍ സാര്‍ വന്ന് പുലിമടയുടെ കഥ പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് മനസ്സിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ട് തോന്നി. പിന്നെ എന്റെ ഭാഷയില്‍ കഥ കേട്ടപ്പോള്‍ ഞാന്‍ സാറോട് ചോദിച്ചത് എങ്ങനെയാണ് ഇങ്ങനെയുള്ള കഥ എഴുതുന്നതെന്നായിരുന്നു,’ ഐശ്വര്യ രാജേഷ് പറയുന്നു.
Content Highlight: Aishwarya Rajesh Talk About Malayalam Cinema