നല്ല പ്രണയകഥ പറയുന്ന ചിത്രങ്ങൾ ഇപ്പോൾ ഒരു ഇൻഡസ്ട്രിയിലും ഇറങ്ങുന്നില്ലെന്ന് നടി ഐശ്വര്യ രാജേഷ് പറയുന്നത്. നല്ലൊരു റൊമാന്റിക് സിനിമ ചെയ്യാൻ അതിയായ ആഹ്രമുണ്ടെന്നും എന്നാൽ നല്ല കഥകൾ തന്നെ തേടി വരുന്നില്ലായെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞു.
പുതിയ മലയാള ചിത്രം ‘പുലിമട’യുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് പ്രണയകഥകളോടുള്ള തന്റെ താത്പര്യം ഐശ്വര്യ അറിയിച്ചത്.
‘റൊമാന്റിക് സിനിമകൾ എനിക്കൊരുപാട് ഇഷ്ടമാണ്. പക്ഷെ എന്നെ തേടി ഇതുവരെ നല്ലൊരു കഥ വന്നിട്ടില്ല. പ്രണയ കഥകൾ എഴുതാൻ ഇപ്പോൾ എഴുത്തുകാർ വളരെ കുറവാണ്. പ്രണയവും വികാരങ്ങളുമെല്ലാം ഉണ്ടോ ഇല്ലയോ എന്നെനിക്ക് ചിലപ്പോൾ തോന്നും. കാരണം പഴയ ‘മൗനരാഗം’ സിനിമയെല്ലാം കാണുമ്പോൾ നമുക്ക് മനസിലാവും, എത്ര മനോഹരമായാണ് ലവ് സ്റ്റോറികൾ എഴുതി ഒരുക്കിയിരിക്കുന്നതെന്ന്.
ഇപ്പോഴത്തെ തലമുറ ശരിക്കും നല്ല പ്രണയകഥകൾ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. അവസാനം നമ്മൾ കണ്ട ഒരു നല്ല റൊമാന്റിക് സിനിമ ഏതാണ്? ഒരു വർഷത്തിൽ ഒരു സിനിമയൊക്കെയെ അത്തരത്തിൽ ഇറങ്ങുന്നുള്ളു. എന്നോട് ചോദിച്ചാൽ തമിഴിൽ അവസാനമായി ഇറങ്ങിയ ഒരു ചിത്രം ലവ് ടുഡേ എന്ന ഒരു സിനിമയാണ്. പക്ഷെ അതൊരു ലവ് സ്റ്റോറിയല്ല.
പ്രണയസിനിമകൾ എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് അലൈപായുതെയും റോജയും വിണ്ണൈ താണ്ടി വരുവായയുമൊക്കെ പോലുള്ള ചിത്രങ്ങളാണ്. ആ സമയത്ത് അതുപോലെയുള്ള ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ എഴുത്തുക്കാരെല്ലാവരും ത്രില്ലർ, ഹൊറർ, ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്യുന്നത്. അതുപോലെ വലിയ താരങ്ങളുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമാണ് കൂടുതലും നിർമ്മിക്കുന്നത്.
സിനിമ ചെയ്യുന്നവർ അങ്ങനെ ഒരു കഥ ഒരുക്കിയാൽ എനിക്കത് ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ ഒരു നല്ല തിരക്കഥ എന്നെ തേടി വരുന്നില്ല.
മലയാളത്തിൽ മധുരം, തമിഴിൽ ഒരു ലവ് ടുഡേ അങ്ങനെ ഒന്നോ രണ്ടോ സിനിമകൾ എന്നതിൽ നിന്ന് ഒരു വർഷം തന്നെ ഒരു നാലോ അഞ്ചോ ലവ് സ്റ്റോറികൾ വന്നാൽ അത് നന്നായിരിക്കും. നല്ല സ്ക്രിപ്റ്റുകൾ വന്നാൽ തീർച്ചയായും ചെയ്യും,’ഐശ്വര്യ രാജേഷ് പറയുന്നു.
Content Highlight: Aishwarya Rajesh Says That There is No Romantic Films