| Sunday, 26th May 2024, 10:17 pm

വിജയ് സാറിനെ എനിക്ക് വളരെ ഇഷ്ടമാണ്, എന്റെ ആ സിനിമ അദ്ദേഹത്തിന് വേണ്ടി സ്‌പെഷ്യല്‍ സ്‌ക്രീനിങ് വരെ നടത്തിയിരുന്നു: ഐശ്വര്യ രാജേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ വിജയ് ആണെന്ന് നടി ഐശ്വര്യ രാജേഷ്. ഇര്‍ഫാന്‍സ് വ്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിജയ്‌യുടെ എല്ലാ സിനിമകളും കാണാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യ അഭിനയിച്ച് 2018ല്‍ റിലീസായ കനാ എന്ന സ്‌പോര്‍ട്‌സ് ഡ്രാമ വിജയ്ക്കും കുടുംബത്തിനും വേണ്ടി പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നെന്നും ഐശ്വര്യ പറഞ്ഞു.

ചിത്രം കണ്ട വിജയ് തന്റെ അഭിനയത്തെപ്പറ്റി പ്രത്യേകം സംസാരിച്ചുവെന്നും തനിക്ക് അത് അവാര്‍ഡ് ലഭിച്ചതുപോലെയായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ജീവിതത്തില്‍ മറക്കാനാകാത്ത കോംപ്ലിമെന്റായിരുന്നു അതെന്നും താരം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ഏതെങ്കിലും വലിയ ആര്‍ട്ടിസ്റ്റ് പറഞ്ഞ കോംപ്ലിമെന്റ് ഏതെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഐശ്വര്യ ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ദളപതി വിജയ്. കനാ എന്ന സിനിമക്ക് ഞങ്ങള്‍ ഒരു സ്‌പെഷ്യല്‍ സ്‌ക്രീനിങ് വെച്ചിരുന്നു. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടിയായിരുന്നു അത്. സിനിമ കണ്ട് കഴിഞ്ഞ ശേഷം വിജയ് സാര്‍ എന്റെ അടുത്തെത്തിയിട്ട് ‘സിനിമകളെല്ലാം കാണാറുണ്ട്, നന്നായി അഭിനയിക്കുന്നുണ്ട്’ എന്ന് പറഞ്ഞു. വളരെയധികം സന്തോഷം തന്ന മൊമന്റായിരുന്നു അത്. എന്ത് പറയണം എന്നറിയാത്ത പോലെയായിരുന്നു ആ സമയത്ത്. ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആ കേംപ്ലിമെന്റ് മറക്കില്ല,’ ഐശ്വര്യ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കണം എന്നാഗ്രഹിക്കുന്ന കൗസല്യ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്. കരിയറിലെ മികച്ച പ്രകടനമായിരുന്നു ഐശ്വര്യ ഈ സിനിമയില്‍ കാഴ്ച വെച്ചത്. അരുണ്‍രാജ കാമരാജാണ് ചിതരം സംവിധാനം ചെയ്തത്. തമിഴ് താരം ശിവകാര്‍ത്തികേയനാണ് ചിത്രം നിര്‍മിച്ചത്. നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന കോച്ചായി ശിവകാര്‍ത്തികേയന്‍ ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Aishwarya Rajesh saying that Vijay appreciate her after watching Kanaa movie

We use cookies to give you the best possible experience. Learn more