മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ട്, ഇവിടെ വർക്ക്‌ ചെയ്യാൻ സന്തോഷം: ഐശ്വര്യ രാജേഷ്
Entertainment
മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുണ്ട്, ഇവിടെ വർക്ക്‌ ചെയ്യാൻ സന്തോഷം: ഐശ്വര്യ രാജേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 9:11 pm

ചുരുങ്ങിയക്കാലം കൊണ്ട് മികച്ച നടിയായി ഉയര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. വിവിധ ഭാഷകളിലായി വലിയ സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ, സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘ജോമോന്റെ സുവിശേഷങ്ങള്‍’ ലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

ചെറിയ ഇടവേളയ്ക്ക് ശേഷം ‘പുലിമട’ യെന്ന ചിത്രത്തിലൂടെ ജോജു ജോര്‍ജിന്റെ നായികയായി ഈയിടെ മലയാളത്തിൽ ഐശ്വര്യ അഭിനയിച്ചിരുന്നു. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ അജയന്റെ രണ്ടാം മോഷണത്തിലും ഒരു ചെറിയ കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിച്ചിരുന്നു.

മലയാള സിനിമയും തമിഴും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഇല്ലെന്നും എന്നാൽ സ്ത്രീകൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യാസമുണ്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിൽ തനിക്ക് ലഭിച്ചതെല്ലാം മികച്ച കഥാപാത്രങ്ങളാണെന്നും മലയാളത്തിൽ വർക്ക്‌ ചെയ്യുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്നും ഐശ്വര്യ മനോരമ ന്യൂസിനോട് പറഞ്ഞു.

‘മലയാള ഇൻഡസ്ട്രിയും തമിഴും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഭാഷയിൽ മാത്രമേ മാറ്റമുള്ളൂ. മലയാളത്തിൽ വർക്ക്‌ ചെയ്തപ്പോഴൊക്കെ എനിക്ക് നല്ല അനുഭവമായിരുന്നു ലഭിച്ചത്. ഇവിടെ നല്ല സ്ട്രോങ്ങ്‌ കണ്ടന്റുകൾ ലഭിക്കുന്നുണ്ട്.

സ്ത്രീകൾക്ക് നല്ല ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട് മലയാളത്തിൽ. അതാണ് മലയാളത്തിൽ എനിക്ക് കൂടുതൽ ഇഷ്ടം. റിയലിസ്റ്റിക്കായ സിനിമകളാണ് മലയാളത്തിൽ അധികവും ഇറങ്ങുന്നത്. മലയാളത്തിൽ വർക്ക്‌ ചെയ്യുമ്പോഴൊക്കെ എനിക്ക് നല്ല സന്തോഷമാണ്,’ഐശ്വര്യ രാജേഷ് പറയുന്നു.

അതേസമയം ഹേർ എന്ന ചിത്രമാണ് മലയാളത്തിൽ ഉടനെ ഇറങ്ങാനുള്ള ഐശ്വര്യ രാജേഷ് ചിത്രം. പാർവതി തിരുവോത്ത്, ഉർവശി, ലിജോ മോൾ ജോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ലിജിൻ ജോസാണ് സംവിധാനം.

Content Highlight: Aishwarya Rajesh About Malayalam Cinema