|

ജയഹേ ആദ്യം തന്നെ തിയേറ്ററില്‍ ഗോളടിച്ചു; നല്ല സിനിമ, നല്ല കോമഡി, ഫാമിലിക്ക് മൊത്തം കണ്ടിരിക്കാം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന കുമാരി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ജയഹേയും കുമാരിയും ഒരേ ദിവസമായിരുന്നു തിയേറ്ററുകളിലെത്തിയത്.

ഇതില്‍ ജയഹേ വമ്പന്‍ കളക്ഷനും മികച്ച പ്രേക്ഷക പ്രതികരണവുമാണ് നേടുന്നത്. ജയഹേയുടെ വിജയത്തെ കുറിച്ചും കുമാരി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷവും പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി.

നല്ല കോമഡിയുള്ള, ഫാമിലിക്ക് മൊത്തം കണ്ടിരിക്കാവുന്ന നല്ല സിനിമയായത് കൊണ്ട് ജയഹേ ആദ്യം തന്നെ തിയേറ്ററില്‍ ഗോളടിച്ചുവെന്നും സൈഡിലൂടെ ഞങ്ങളുമൊന്ന് അടിക്കണ്ടേ എന്നുമാണ് തമാശരൂപേണ ഐശ്വര്യ ചോദിക്കുന്നത്.

കുമാരി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ എന്ന് എഴുതിക്കാണിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നിയില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഭയങ്കര സന്തോഷമാണ് അത് കാണുമ്പോള്‍. കാരണം കുമാരിക്ക് വേണ്ടി ഞങ്ങളെല്ലാവരും നല്ലോണം പണിയെടുത്തിട്ടുണ്ട്.

ആദ്യം തന്നെ ജയ ജയ ജയ ജയഹേ ഗോളടിച്ചു. കാരണം അത് നല്ല സിനിമയാണ്, നല്ല കോമഡിയുണ്ട്, ഫാമിലിക്ക് മൊത്തം കണ്ടിരിക്കാം. അതുകൊണ്ട് അവര്‍ തിയേറ്ററില്‍ ഗോളടിച്ചു. സൈഡിലൂടെ ഞങ്ങള്‍ക്കും ഒന്ന് ചെറുതായി ഗോളടിക്കണ്ടേ,” ഐശ്വര്യ ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു.

ദുബായിലടക്കം വിദേശരാജ്യങ്ങളില്‍ മലയാളസിനിമകളുടെ പ്രൊമോഷന്‍ നടക്കുന്നതിനെ കുറിച്ചും ഐശ്വര്യ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”മലയാളം സിനിമ എല്ലാ രാജ്യത്തേക്കും എത്തുന്നതും നല്ല കാര്യമല്ലേ. ദുബായിലൊക്കെ ഒരുപാട് മലയാളികളുണ്ടല്ലോ.

കുമാരി ഇവിടെയും ദുബായിലും ഒരുമിച്ചായിരുന്നു റിലീസായത്. അതുകൊണ്ട് പെട്ടെന്ന് ദുബായില്‍ പോയി കുറച്ച് ഇന്റര്‍വ്യൂസ് ചെയ്ത് വരാം, നമ്മുടെ സിനിമ വരുന്നുണ്ട് കേട്ടോ എന്ന് ആള്‍ക്കാരെ അറിയിക്കാം എന്ന് വിചാരിച്ചതായിരുന്നു.

വേറെ ആരും എന്റെ കൂടെ വന്നിരുന്നില്ല. ഞാന്‍ ഒറ്റക്കാണ് പോയത്.

സിനിമ വിജയിപ്പിക്കാനൊന്നുമല്ല. സിനിമ വരുന്നുണ്ടെന്ന് അവരെ അറിയിക്കുക. മലയാളികളെ പറ്റിക്കാന്‍ കഴിയില്ല, നല്ല സിനിമയാണെങ്കിലേ അവര് തിയേറ്ററില്‍ കേറി കാണൂ.

ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്ത എല്ലാവരും ഈ സിനിമയിലൂടെ അറിയപ്പെടണം, കുമാരി കാരണം അവരുടെ ജീവിതം മാറണം എന്നാണ് എന്റെ ആഗ്രഹം. ഈ സിനിമയില്‍ വര്‍ക്ക് ചെയ്തു എന്നുള്ളത് അവരുടെ അഡ്രസാകണം,” ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത കുമാരിയില്‍ ഷൈന്‍ ടോം ചാക്കോ, തന്‍വി റാം, സ്വാസിക, സുരഭി ലക്ഷ്മി, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്.

Content Highlight: Aishwarya Lekshmi talks about the success of the movie Jaya Jaya Jaya Jaya Hey

Video Stories