| Tuesday, 29th November 2022, 2:14 pm

ശമ്പളം ഒരുപാട് കുറച്ച് ഞാന്‍ ഒരു സിനിമയിലും വര്‍ക്ക് ചെയ്തിട്ടില്ല, ഇതും അത്യാവശ്യം സാലറി വാങ്ങി തന്നെയാണ് ചെയ്തത്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മി, വിഷ്ണു വിശാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗാട്ട ഗുസ്തി. ഒരു ദമ്പതികള്‍ക്കിടയിലെ വഴക്കിലൂടെ കഥ പറയുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞദിവസം നടന്നിരുന്നു.

ഗാട്ട ഗുസ്തി ഒരു നായികാ പ്രാധാന്യമുള്ള ചിത്രമാണെന്നും ഒരു പെര്‍ഫോമറായ നടിയെ തന്നെ വേണം എന്നുള്ളത് കൊണ്ടാണ് ഐശ്വര്യ ലക്ഷ്മിയെ ആ റോളിലേക്ക് തെരഞ്ഞെടുത്തതെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ നടന്‍ വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു.

എന്നാല്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യുന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അത്തരത്തില്‍ ഒരു സിനിമയെടുക്കാന്‍ തയ്യാറായതില്‍ വിഷ്ണു വിശാലിനോട് നന്ദിയുണ്ടെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി.

സിനിമയിലായാലും പ്രൊമോഷന്‍ പരിപാടികളിലായാലും പോസ്റ്ററുകളിലായാലും തനിക്ക് സ്‌പേസും ബഹുമാനവും നല്‍കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

”നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഒരു രീതി വെച്ച് ഒരു ആക്ടര്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്. ഒന്നാമത് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാര്‍ മടിക്കും.

ഈ പ്രൊമോഷനും കാര്യങ്ങളിലുമൊക്കെ എനിക്ക് തരുന്ന ബഹുമാനവും സ്‌പേസും വലുതാണ്. അതില്‍ എനിക്ക് വിശാല്‍ സാറിനോട് നന്ദിയുണ്ട്. കാണം പുള്ളി ഒറ്റക്കല്ല ഇതിലൂടെ വളരുന്നത്. തന്റെ കൂടെയുള്ള എല്ലാവരും ഇതിലൂടെ വളരണം എന്ന ആറ്റിറ്റിയൂഡ് വെച്ചാണ് അദ്ദേഹം വര്‍ക്കിനെ സമീപിക്കുന്നത്.

പുള്ളി നിര്‍മിക്കുന്ന ചിത്രമാണ്. വേണമെങ്കില്‍ ‘എന്റെ തല എന്റെ ഫുള്‍ ഫിഗര്‍’ എന്നും പറഞ്ഞ് പോസ്റ്ററുകള്‍ വെക്കാമായിരുന്നു. പക്ഷെ അങ്ങനെയല്ല ചെയ്തിട്ടുള്ളത്. പോസ്റ്ററുകളിലാണെങ്കിലും എവിടെ പ്രൊമോഷന് പോകുകയാണെങ്കിലും ഒരേ രീതിയില്‍ തന്നെ എന്നെയും പ്രതിനിധീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ എനിക്ക് വളരെ നന്ദിയുണ്ട്.

പിന്നെ എനിക്ക് മനസിലായ ഒരു കാര്യം, ആക്ടറെന്ന നിലയില്‍ പുള്ളി വളരെ സുരക്ഷിതനാണ്. എവിടെയാണോ എത്തേണ്ടത് അവിടെ എത്താന്‍ എനിക്കറിയാം, അങ്ങനെ എത്തേണ്ട രീതിയും എനിക്കറിയാം എന്ന ലൈനാണ് പുള്ളി. അതുകൊണ്ട് വേറൊരാള്‍ എന്റെ സ്‌പേസ് എടുക്കില്ല എന്ന സെക്യൂരിറ്റി പുള്ളിക്കുണ്ട്. അതുകൊണ്ടാണ് ഈ സ്‌പേസ് എനിക്ക് കിട്ടുന്നതും.

ഇങ്ങനെയുള്ള സബ്ജക്ട്‌സ് എടുത്ത് ചെയ്യുന്നതില്‍ അദ്ദേഹത്തിന് മാത്രമല്ല ഗുണം. ഇന്‍ഡസ്ട്രിക്ക് മൊത്തത്തിലും നമ്മുടെ സമൂഹത്തിനും അത് ഗുണപരമായി മാറും,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഈ സിനിമക്ക് വേണ്ടി വാങ്ങിയ ശമ്പളത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.

”ശമ്പളത്തിന്റെ കാര്യം ഞാന്‍ ഇതിന് മുമ്പും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്റെ ശമ്പളം ഒരുപാട് കുറച്ചുകൊണ്ട് ഞാന്‍ ഒരു സിനിമക്ക് വേണ്ടിയും വര്‍ക്ക് ചെയ്തിട്ടില്ല.

ഇതിലും അത്യാവശ്യം സാലറി വാങ്ങി തന്നെയാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്,” ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ഇന്ന് പെര്‍ഫോം ചെയ്യുന്ന നായികമാര്‍ കുറഞ്ഞുവരികയാണെന്നും ഒരുപാട് കൊമേഴ്‌സ്യല്‍ സിനിമകള്‍ വരുന്നുണ്ടെങ്കിലും നായികമാര്‍ ഡാന്‍സും പാട്ടും ഗ്ലാമറും മാത്രം ചെയ്യുകയാണെന്നും ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങുന്നുണ്ടെന്നും വിഷ്ണു വിശാല്‍ പ്രസ് മീറ്റില്‍ വെച്ച് പറഞ്ഞിരുന്നു.

ഐശ്വര്യ ലക്ഷ്മിയെ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്താണ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഗാട്ടാ ഗുസ്തി ഒരു നായികാ പ്രാധാന്യമുള്ള സിനിമയാണെന്നും പെര്‍ഫോമന്‍സ് ഓറിയന്റഡ് റോളായത് കൊണ്ടാണ് ഐശ്വര്യയെ തെരഞ്ഞെടുത്തതെന്നും വിശാല്‍ പറഞ്ഞു.

നായികാ പ്രാധാന്യമുള്ള ഒരു സിനിമയുടെ ഭാഗമാകുന്നു എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഗാട്ട ഗുസ്തിയിലും ഇനി എന്റെ വരാനിരിക്കുന്ന പടങ്ങളിലും ആക്ടേഴ്‌സ് എന്ന രീതിയില്‍ സ്ത്രീകള്‍ക്ക് തീര്‍ച്ചയായും പ്രാധാന്യമുണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ചെല്ല അയ്യാവുവാണ് ഗാട്ട ഗുസ്തിയുടെ രചനയും സംവിധാനവും. ആര്‍.ടി. ടീം വര്‍ക്സ്, വി.വി. സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

ഡിസംബര്‍ രണ്ടിന് തമിഴിലും തെലുങ്കിലുമായി ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aishwarya Lekshmi talks about the remuneration she got for the movie Gatta Kusthi

We use cookies to give you the best possible experience. Learn more