| Saturday, 29th October 2022, 2:55 pm

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അസോസിയേറ്റ് ചെയ്തില്ലെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സംവിധായകന്‍ ചോദിച്ചു; പക്ഷെ ഞാനന്ന് പുള്ളിയോട് കള്ളം പറഞ്ഞു: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായത്തുന്ന കുമാരി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രസന്റ് ചെയ്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കുമാരിയുമായി അസോസിയേറ്റ് ചെയ്തത് ഒരു ആര്‍ടിസ്‌റ്റെന്ന നിലയില്‍ തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നെന്ന് പറയുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കുമാരിയുമായി അസോസിയേറ്റ് ചെയ്തില്ലെങ്കില്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകുമോ, എന്ന് സംവിധായകന്‍ നിര്‍മല്‍ തന്നോട് ചോദിച്ചപ്പോള്‍ താന്‍ കള്ളം പറഞ്ഞുവെന്നും ഐശ്വര്യ പറഞ്ഞു.

”നല്ല കഷ്ടപ്പെട്ട് ചെയ്തിട്ടുള്ള സിനിമയാണിത്. പൃഥ്വിരാജ് സാറിന്റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍ സാറിന്റെയുമൊക്കെ പേര് ഈ സിനിമയില്‍ അസോസിയേറ്റാവുന്നുണ്ട്. ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പ്രസന്റ്‌സ്’ എന്നാണ് ഈ സിനിമ വരുന്നത്. ഇവരുടെ പേര് വര്‍ഷങ്ങളായി അവര്‍ ചെയ്ത വര്‍ക്കില്‍ നിന്ന് വരുന്നതാണ്.

പൃഥ്വിരാജ് സുകുമാരന്‍ എന്ന പേര് കുമാരി എന്ന സിനിമയിലേക്ക് അസോസിയേറ്റ് ചെയ്യുമ്പോള്‍ ഒരു രീതിയിലും ആ പേരിന് കോട്ടം തട്ടരുത് എന്നുള്ളതായിരുന്നു ഞങ്ങളുടെ ചുമതല.

അത്തരത്തിലൊരു സിനിമയാണ് ഞങ്ങള്‍ ചെയ്യേണ്ടത്. ഏതെങ്കിലുമൊരു പോയിന്റില്‍ പോലും എനിക്ക് സിനിമ കാണണം അതിന് ശേഷമേ ഞാനെന്റെ പേര് തരൂ എന്ന് പൃഥ്വിരാജ് സാര്‍ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയുടെ തുടക്കം മുതലേ അദ്ദേഹമുണ്ട്.

ആദ്യമായി എന്നോട് കഥ പറഞ്ഞ സമയത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇതില്‍ ഇന്‍വോള്‍വ്ഡാണ് എന്ന് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രസന്റ് ചെയ്യുന്നതാണോ പ്രൊഡ്യൂസറാണോ എന്നൊന്നും പറഞ്ഞിരുന്നില്ല. സുപ്രിയ മാമും ഉണ്ടെന്ന് പറഞ്ഞിരുന്നു, പക്ഷെ അതിലൊരു ക്ലാരിറ്റിയുണ്ടായിരുന്നില്ല.

അതുകൊണ്ട് ആരാണ് ചിത്രം നിര്‍മിക്കുന്നത്, എന്ന് ഞാന്‍ സംവിധായകന്‍ നിര്‍മലിനോട് ചോദിച്ചു. ‘ഞാനും ജിജുവും ജേക്‌സും എഡിറ്റര്‍ ശ്രീജിതും കൂടിയായിരിക്കും,’ എന്ന് നിര്‍മല്‍ പറഞ്ഞു. അപ്പൊപ്പിന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ സിനിമയില്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു.

അവര്‍ ഈ സിനിമയുമായി അസോസിയേറ്റഡായിരിക്കും പക്ഷെ അത് ഏത് ലെവലിലായിരിക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല, എന്ന് നിര്‍മല്‍ പറഞ്ഞു. അപ്പൊ ഞാനൊന്ന് സൈലന്റായി. അന്ന് ഞാന്‍ പുള്ളിയോട് (നിര്‍മല്‍) പറഞ്ഞ ഒരു കള്ളമാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സിനിമയുമായി അസോസിയേറ്റഡല്ലെങ്കില്‍ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ, എന്ന് നിര്‍മല്‍ എന്നോട് ചോദിച്ചു. ഇല്ല നിര്‍മല്‍, ഇറ്റ്‌സ് ഓക്കെ, അതൊന്നും മാറില്ല, ഞാന്‍ ഒന്നുകൂടെ സ്‌ക്രിപ്റ്റ് വായിച്ച് നിങ്ങളുമായി ബന്ധപ്പെടാം, എന്ന് ഞാന്‍ പറഞ്ഞു.

പക്ഷെ അന്ന് ഞാനീ പറഞ്ഞത് വലിയൊരു കള്ളമാണ്. കാരണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേര് ഈ സിനിമയുമായി അസോസിയേറ്റ് ചെയ്യുന്നത് ഒരു ആര്‍ടിസ്‌റ്റെന്ന നിലയില്‍ എനിക്ക് വളരെ പ്രധാനമായിരുന്നു. കാരണം അങ്ങനെ സംഭവിച്ചാല്‍ ഈ സബ്ജക്ടിന് ഓഡിയന്‍സും ഒരു വില തരും. പൃഥ്വിരാജ് എന്ന പേരിന് അവര്‍ നല്‍കുന്ന ബഹുമാനം കുമാരിയിലേക്കും വരും. എന്നിലും ആ കഥയിലും ഒന്നുകൂടെ വിശ്വാസം വരികയും തിയേറ്ററിലേക്ക് ആള് വരികയും ചെയ്യും.

പക്ഷെ അന്ന് ഞാന്‍ ‘ഏയ് കുഴപ്പമില്ല’ എന്ന് ഞാന്‍ നിര്‍മലിനോട് കള്ളം പറയുകയായിരുന്നു,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lekshmi talks about Prithviraj Productions being associated with Kumari movie

Latest Stories

We use cookies to give you the best possible experience. Learn more