മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
അതേവര്‍ഷം തന്നെയായിരുന്നു ഐശ്വര്യയുടെ രണ്ടാമത്തെ ചിത്രമായ മായാനദിയും പുറത്തിറങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത് 2017ല്‍ റിലീസായ ചിത്രമായിരുന്നു മായാനദി. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ‘അപ്പു’ എന്ന കഥാപാത്രമായിട്ടായിരുന്നു എത്തിയത്.
മായാനദിയില്‍ ഡയലോഗ് പറയുമ്പോള്‍ അതിലെ ചില കൊച്ചി സ്ലാങ്ങിലെ വാക്കുകള്‍ പറയാന്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയായത് കൊണ്ട് വളരെ ക്ലാസിയായി ഓരോ ഡയലോഗും പ്രസന്റ് ചെയ്യണമെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നെന്നും എന്നാല്‍ മായാനദി അത് ബ്രേക്ക് ചെയ്‌തെന്നും നടി പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ.
‘മായാനദിയിലെ അപ്പുവിന്റെ കഥാപാത്രത്തിന് ബിഹേവിയറൊക്കെ എന്റേത് തന്നെയായിരുന്നു ചെയ്തത്. പിന്നെ അതിനെ മോള്‍ഡ് ചെയ്താണ് അപ്പുവിലേക്ക് എത്തിച്ചത്. പിന്നെ സിനിമയില്‍ ചില വാക്കുകള്‍ ഉണ്ടായിരുന്നു.
ഞാന്‍ തിരുവനന്തപുരത്ത് നിന്നാണ് വരുന്നത്. ജനിച്ചതും വളര്‍ന്നതുമൊക്കെ അവിടെ തന്നെയാണ്. കുഞ്ഞായിരിക്കുമ്പോള്‍ നമുക്ക് അറിവില്ലായ്മ കൊണ്ട് ചില കാര്യങ്ങള്‍ പറയില്ലേ. ‘അയ്യേ എനിക്ക് തിരുവനന്തപുരം സ്ലാങ് ഇഷ്ടമല്ല’ എന്ന് ഞാന്‍ പറഞ്ഞിരുന്നു.
പരമാവധി ആ സ്ലാങ് അവോഴ്ഡ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ആ സ്ലാങ് സംസാരിക്കുന്നവരുടെ അടുത്ത് ഞാന്‍ ഒരുപാട് സംസാരിക്കാറില്ല. എന്റെ അമ്മയും അച്ഛനും ട്രിവാന്‍ഡ്രം സ്ലാങ് പറയുമ്പോള്‍ ഞാന്‍ അങ്ങനെ പറയരുത് മോശമാണെന്ന് പറയുമായിരുന്നു.
എന്നാല്‍ മായാനദി ചെയ്യുന്ന സമയത്ത് അതില്‍ ചില വാക്കുകള്‍ പറയാന്‍ ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ എന്റെ ഓര്‍മയില്‍ ഇല്ല. ആ വാക്കുകള്‍ പറയാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് ട്രിവാന്‍ഡ്രം സ്ലാങ് ആയിരുന്നില്ല. പകരം കൊച്ചി സ്ലാങ്ങായിരുന്നു.
സിനിമയായത് കൊണ്ട് വളരെ ക്ലാസിയായി ഓരോ ഡയലോഗും പ്രസന്റ് ചെയ്യണമെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. അത് ആ സിനിമ ബ്രേക്ക് ചെയ്തു. കഥാപാത്രം എന്താണോ പറയേണ്ടത്, അത് പറയണമെന്ന് മനസിലായി,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi Talks About Mayanadhi And Kochi Slang