| Wednesday, 7th July 2021, 4:30 pm

മായാനദി കണ്ട് അച്ഛനും അമ്മയും വഴക്ക് പറഞ്ഞിരുന്നു; ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മായാനദിയിലെ മികച്ച പ്രകടനത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. സിനിമാ പാരമ്പര്യമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് ചലച്ചിത്രലോകത്തേക്ക് എത്തിയയാളാണ് ഐശ്വര്യ.

കുടുംബത്തില്‍ നിന്ന് നല്ല എതിര്‍പ്പ് നേരിട്ടുണ്ടെന്ന് പറയുകയാണ് ഐശ്വര്യ. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ്സുതുറന്നത്.

‘ഞാന്‍ സിനിമയില്‍ വരുന്നതിനോട് രക്ഷിതാക്കള്‍ക്ക് നല്ല എതിര്‍പ്പായിരുന്നു. സിനിമയുമായി യാതൊരു ബന്ധമില്ലാത്ത ഞാന്‍ നടിയായതും അവര്‍ക്ക് ഷോക്കായി.

ഇപ്പോഴും അവര്‍ അതിനോട് ഒരുവിധം പൊരുത്തപ്പെട്ടു പോകുന്നുവെന്ന് മാത്രം. മായാനദി കണ്ട് അച്ഛനും അമ്മയും കുറച്ച് വഴക്ക് പറഞ്ഞിരുന്നു. സിനിമ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും ചില സീനുകളോടായിരുന്നു വിരോധം. രക്ഷിതാക്കളല്ലേ. അത് സ്വാഭാവികമാണ്. അത് സിനിമയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ അവര്‍ സമയമെടുത്തു,’ ഐശ്വര്യ പറഞ്ഞു.

മായാനദിയ്ക്ക് ശേഷം ഏത് സിനിമ ചെയ്താലും ആളുകള്‍ മായനദിയെക്കുറിച്ച് മാത്രമെ സംസാരിക്കൂ എന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞു.

‘ആ കഥാപാത്രവും സിനിമയും അത്ര നന്നായിട്ട് ആളുകള്‍ക്ക് ഇഷ്ടമായി എന്നതുകൊണ്ടാണത്. അത് ബ്രേക്ക് ചെയ്യാന്‍ നോക്കിയിട്ട് കാര്യമില്ല. കൂടുതല്‍ നല്ല സിനിമ ചെയ്യുകയെ നിവൃത്തിയുള്ളു.

ലാലേട്ടന്‍ എന്ന അഭിനേതാവിന്റെ കരിയറിലെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ചതാണ്. ഒന്ന് വേറൊന്നിനോട് താരതമ്യം ചെയ്യാന്‍ കഴിയില്ല. എങ്കിലും അദ്ദേഹം കൂടുതല്‍ മികച്ച വേഷങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും. അതാണ് പാഠമാക്കേണ്ടത്,’ ഐശ്വര്യ പറഞ്ഞു.

മായാനദിയ്ക്ക് ശേഷം വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ബ്രദേഴ്‌സ് ഡേ, വരത്തന്‍ എന്നീ ചിത്രങ്ങളില്‍ ഐശ്വര്യ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

ശേഷം തമിഴിലും ഐശ്വര്യ അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരമാണ് ഐശ്വര്യയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Aishwarya Lekshmi Talks About Mayanadhi

We use cookies to give you the best possible experience. Learn more