| Friday, 29th November 2024, 10:51 am

ഹിന്ദിയില്‍ നിന്നുള്ളവര്‍ക്ക് മലയാള സിനിമയുടെ ഫേസ് ആ നടനാണ്; എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ എല്ലാവരും മലയാള സിനിമകളെ പറ്റി സംസാരിക്കാറുണ്ടെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഹിന്ദിയില്‍ നിന്നുള്ള തന്റെ കൂട്ടുകാരോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അറിയുന്ന ‘ഫേസ് ഓഫ് മലയാളം സിനിമ’ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണെന്നും ഐശ്വര്യ പറയുന്നു.

ഫഹദിന്റെ സിനിമകള്‍ കണ്ടുകഴിഞ്ഞാല്‍ അവര്‍ റെക്കമെന്‍ഡേഷന്‍സ് ചോദിക്കാറുണ്ടെന്നും ആ സമയത്ത് എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ മലയാള സിനിമകളുടെ പേരുകളാണ് പറഞ്ഞു കൊടുക്കാറുള്ളതെന്നും നടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘എല്ലാവരും മലയാളത്തില്‍ നിന്നും ഇപ്പോള്‍ വരുന്ന സിനിമകളെ പറ്റി സംസാരിക്കാറുണ്ട്. ഹിന്ദിയില്‍ നിന്നുള്ള എന്റെ ഫ്രണ്ട്‌സിനോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അറിയാവുന്ന ഒരു ഫേസ് ഓഫ് മലയാളം സിനിമ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണ്.

അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ അവര്‍ നമ്മളോട് റെക്കമെന്‍ഡേഷന്‍സ് ചോദിക്കാറുണ്ട്. അപ്പോള്‍ ഇവിടുത്തെ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കും. ഇതും കൂടി കണ്ടു നോക്കൂവെന്ന് അവരോട് പറയും. അവര്‍ അത് കാണുകയും ചെയ്യും.

അതില്‍ നമുക്ക് ശരിക്കും വലിയ സന്തോഷമാണല്ലോ. കാരണം നമ്മള്‍ കണ്ടു വളര്‍ന്ന സിനിമകളും നമ്മള്‍ ആരാധിക്കുന്നവരുടെ സിനിമകളും അവരോട് കാണാന്‍ പറയുകയല്ലേ. ഞാന്‍ എന്റെ ഒരു ഫ്രണ്ടിനോട് തൂവാനത്തുമ്പികള്‍ കാണാന്‍ പറഞ്ഞു. ആ സിനിമയിലെ സ്‌കോര്‍ പുള്ളിക്ക് അന്ന് ഒരുപാട് ഇഷ്ടമായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഷറഫുദ്ദീന്‍ ആണ് ഈ സിനിമയില്‍ നായകനായി എത്തിയത്. നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി കോമഡി ചിത്രമാണ്.


Content Highlight: Aishwarya Lekshmi Talks About Malayalam Cinema And Fahadh Faasil

We use cookies to give you the best possible experience. Learn more