|

കിങ് ഓഫ് കൊത്ത ഒരു വലിയ സിനിമയാണ്, ഭയങ്കര രസമാണ് അവിടുത്തെ ഷൂട്ട്: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തമിഴ്, തെലുങ്ക് സിനിമകള്‍ക്കാണ് ബജറ്റ് കൂടുതലെന്ന് ഐശ്വര്യ ലക്ഷ്മി. ബജറ്റിലെ വ്യത്യാസം പ്രൊഡക്ഷനില്‍ പ്രതിഫലിക്കുമെന്നും എന്നാല്‍ കണ്ടന്റിന്റെ ക്വാളിറ്റിയില്‍ ഒരു വ്യത്യാസവും കാണില്ലെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.

‘മലയാളത്തില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ അഭിനയിക്കുമ്പോള്‍ സ്‌കെയ്‌ലില്‍ വ്യത്യാസമുണ്ട്. കിങ് ഓഫ് കൊത്തയില്‍ ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതൊരു വലിയ സിനിമയാണ്. സെറ്റ് ഒക്കെ ഇട്ട് ഭയങ്കര രസമായിട്ടാണ് അവിടുത്തെ ഷൂട്ട് നടക്കുന്നത്. അതല്ലാതെ തമിഴ് പടങ്ങള്‍ക്കാണ് ബജറ്റ് കൂടുതലുണ്ടാവുക. ആ സ്‌കെയിലിന്റെ വ്യത്യാസം പ്രൊഡക്ഷനില്‍ കാണും. കണ്ടന്റിന്റെ ക്വാളിറ്റിയില്‍ ഒരു വ്യത്യാസവും കാണില്ല,’ ഐശ്വര്യ പറഞ്ഞു.

‘ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്ന് ചെയ്യണമെന്നുണ്ട്. ഫണ്ണായിട്ടുള്ള ഒരു സിനിമ ചെയ്യണമെന്നുണ്ട്. കുറച്ചധികം ഇന്റന്‍സായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്തു. അതൊന്ന് ബ്രേക്ക് ചെയ്യണം. പിന്നെ ഡാന്‍സ് എന്ന് പറയുന്നത് എനിക്ക് പറ്റില്ല. അതൊന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ബേസിക്കലി അതൊരു പേടിയാണ്. എന്നെക്കൊണ്ട് പറ്റില്ല എന്നൊരു തോന്നലാണ്.

കൂട്ടുകാരുടെ കൂടെ നില്‍ക്കുമ്പോള്‍ പാട്ടൊക്കെ വെച്ച് ഡാന്‍സ് കളിക്കാറുണ്ട്. പക്ഷേ ആള്‍ക്കാര്‍ നോക്കുമ്പോള്‍ നടപടിയാവില്ല. കുറച്ച് കൂടി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നുണ്ട്,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

ഐശ്വര്യ നായികയാവുന്ന കുമാരി ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തുകയാണ്. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, തന്‍വി റാം, രാഹുല്‍ മാധവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കുമാരി തിയേറ്ററുകളിലെത്തിക്കുന്നത്.

Content Highlight: Aishwarya lekshmi talks about king of kotha